വേദനയുടെ ‘ബ്രക്സിറ്റ്’
text_fieldsലാറ്റിനോ സംഗീതത്തിെൻറ അവസാനരാഗം പാടിത്തീർക്കാൻ അനുവദിക്കാതെ ചുകന്ന ചെകുത്താന്മാരും ലാ ബ്ലൂസും അരങ്ങു കൈയേറിയപ്പോൾ റഷ്യൻ ലോകകപ്പിെൻറ ക്വാർട്ടർ ഫൈനലിൽ അഞ്ചുവട്ടം ലോകജേതാക്കളായ ബ്രസീലും ആദ്യ ചാമ്പ്യന്മാരയ ഉറുഗ്വായ്യും പുറത്തായി. കാണുന്നവെൻറ മനസ്സിൽ ആഹ്ലാദവും ആകാംക്ഷയും ഉന്മാദവും സൃഷ്ടിച്ച് അവനെ ആരാധനക്കും അപ്പുറമെത്തിക്കുന്ന മന്ത്രികപ്രകടനങ്ങളാണ് ബ്രസീലിയൻ ഫുട്ബാളിെൻറ മുഖമുദ്ര. കൊന്നാലും മരിച്ചാലും വിജയമെന്ന ഫുട്ബാൾ ഫിലോസഫി തുടരുന്നവർ. കഴിഞ്ഞ രാത്രിയിൽ അവർ കളി തുടങ്ങിയതും വിജയത്തിന് വേണ്ടിയായിരുന്നു. എന്നാൽ, അപ്പോഴേ പിഴവുകളും അബദ്ധങ്ങളും സംഭവിക്കുകയും ചെയ്തു. സസ്പെൻഷനിലായ കാസ്മിറോ എന്ന േപ്ലമേക്കറുടെ അഭാവം എല്ലാ നീക്കങ്ങളിലും പ്രതിഫലിച്ചു.
മറുവശത്തു ബെൽജിയത്തിെൻറ യുവനിര നഷ്ടപ്പെടാൻ ഒന്നുമില്ലെന്നമട്ടിൽ പോരാടിയപ്പോൾ നീക്കങ്ങൾക്ക് കൊടുങ്കാറ്റിെൻറ ഗതിവേഗമായി. വശങ്ങളിൽനിന്ന് ലുകാക്കു-ഡിബ്രൂയിൻ കടന്നുകയറ്റം തടയിടാൻ ഫാഗ്നറും ഫെർണാണ്ടീന്യോയും ഏറെ വിഷമിച്ചു. ടിറ്റെയുടെ ലൈനപ്പിൽ ഫെർണാണ്ടീന്യോ ഇണങ്ങാത്ത കണ്ണിയായതോടെ അനിവാര്യദുരന്തം അവരെ കാത്തുനിൽക്കുകയായിരുന്നു. ഒപ്പം നെയ്മറെ തന്ത്രപൂർവം തളച്ചിടുവാനുള്ള ഉത്തരവാദിത്തം ഫെല്ലീനിക്കു കിട്ടിയതോടെ ലോക ഫുട്ബാളിലെ ഏറ്റവും വിലയേറിയ കളിക്കാരെൻറ നീക്കങ്ങളും നിയന്ത്രിക്കപ്പെട്ടു. ഇത് മനസ്സിലാക്കി മുന്നേറ്റങ്ങൾ ആസൂത്രണം ചെയ്യാൻ പൗളീന്യോക്കും കുടീന്യോക്കും കഴിഞ്ഞതുമില്ല. ഏറെ അധ്വാനിച്ചു വലത്തു പാർശ്വത്തുനിന്നും വില്യൻ കൊണ്ടെത്തിച്ച പന്തുകളെല്ലാം ജീസസിെൻറ കാലിൽനിന്ന് വിസ്റ്റൽ തട്ടിത്തെറിപ്പിക്കുന്നത് പതിവുകാഴ്ചയായി. രണ്ടാം മിനിറ്റിൽ ഡിബ്രൂയിൻ ഗോൾ നേേടണ്ടതായിരുന്നു. അവിടെയും ഫെർണാണ്ടീന്യോ തന്നെയാണ് അതിനവസരമുണ്ടാക്കിയത്. എന്നാൽ, അപകടകരമായ ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തുപോയത് ബ്രസീലിനു ആശ്വാസമായി.
ഫെല്ലീനിയുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ കിട്ടിയ അപൂർവ അവസരങ്ങളിൽ അസാധാരണ ഗതിവേഗവും ബാൾടെക്നിക്കുമായി നെയ്മർ, കൊംപനിയെയും വെർടോഗ്നനെയും ആൽഡർവെലിനെയും മറികടന്നു ബെൽജിയം പ്രതിരോധത്തിൽ വിള്ളലുണ്ടാക്കിയിട്ടും ജീസസിനും കുടീന്യോക്കും അതൊന്നും പ്രയോജനപ്പെടുത്താനായില്ല. ബ്രസീൽ താരങ്ങളുടെ വീക്ക്നെസ് എന്നതിലേറെ ബെൽജിയം വല കാത്ത തിബോ കർട്ടുവയുടെ സമയോചിതമായ ഇടപെടലുകളായിരുന്നു കാരണം.
മാഴ്സലോയുടെ തിരിച്ചുവരവ് ബ്രസീലിനു ഭാഗ്യം കൊണ്ടുവരും മട്ടിലായിരുന്നു കാര്യങ്ങളുടെ തുടക്കം. പൊസിഷൻമാറി േപ്ലമേക്കറെപ്പോലെ പന്തെത്തിക്കുകയും ഗോൾ നേടുകയും അതേ വേഗത്തിൽ പൊസിഷൻ കാക്കാൻ പറന്നെത്തുകയും ചെയ്യുന്ന ആ അത്ഭുതവിദ്യ കസാൻ അറീനയിലും കാണാനായി. എന്നാൽ, അതൊന്നും കോർണറിന് അപ്പുറം എത്തിയതുമില്ല. വീണുകിട്ടിയ കോർണറുകൾ ഒന്നും ഉപയോഗിക്കുവാൻ പന്തുകളി കലാകാരന്മാർക്ക് കഴിഞ്ഞുമില്ല. ഇവിടെയും കാസ്മിറോയുടെ അഭാവം ബ്രസീലിനെ വേട്ടയാടി. ഇരു പ്രതിരോധനിരകളും മാറിമറിക്കടന്ന പന്ത് ആരുടെ വലയിൽ എന്ന സംശയം ഉണർത്തുന്ന നേരമായിരുന്നു ബ്രസീൽ പ്രതിരോധനിരയുടെ ആദ്യ അബദ്ധം അവരുടെ വലയിൽ പന്ത് കടക്കുവാൻ വഴിമരുന്നിട്ടത്. 13ാം മിനിറ്റിൽ അനാവശ്യമായി വഴങ്ങിയ കോർണറിൽ തുടങ്ങുന്നു തകർച്ച. കോർണറിൽ അതിമനോഹരമായി പറന്നുയർന്നുവന്ന പന്തിനുവേണ്ടി കൊംപനിയും ഫെർണാണ്ടീന്യോയും ഉയർന്നുചാടിയപ്പോൾ ബ്രസീൽ ബാക്കിെൻറ തോളിൽ തട്ടി ബ്രസീലിനു ‘എക്സിറ്റ്’ അടിക്കാനുള്ള ആദ്യ അപേക്ഷയായി.
തോമസ് മ്യൂനിയെർ, വിസ്റ്റ്സൽ, ഹസാർഡ്, ലുക്കാക്കു നേതൃത്വത്തിലുള്ള ബെൽജിയം മധ്യ-മുന്നേറ്റ നിരയുടെ ആക്രമണത്തിന് ഡിബ്രൂയിൻ കംേമ്പാസറുടെ റോൾ ഏറ്റെടുത്തതോടെ ബ്രസീൽ പ്രതിരോധം നിഷ്പ്രഭമായി. ഇത്തരം ഒരു സംയുക്ത മുന്നേറ്റത്തിൽ തുടങ്ങിയ നീക്കമാണ് ലുകാക്കുവിെൻറ മാസ്റ്റർപീസ് റണ്ണപ്പിലൂടെ കെവിൻ ഡിബ്രൂയിൻ ഗോളിലേക്ക് പായിച്ചത്. കഴിഞ്ഞ 11 തവണയും രണ്ട് ഗോളിന് പിന്നിട്ടു നിന്ന ബ്രസീലുകാർ തിരിച്ചുവന്നു വിജയം നേടിയിട്ടില്ലെന്ന ചരിത്രം ഇവിടെയും ആവർത്തിച്ചു. 1958ൽ സ്വീഡനെതിരെ രണ്ടിന് പിന്നിൽനിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ച് പെലെ കപ്പുയർത്തി നൃത്തം ചെയ്തതുമാത്രമായിരുന്നു ചരിത്രത്തിൽ ഇതിനൊരു അപവാദം.
ടിറ്റെയുടെ മിസ്റ്റേക്ക്
ടിെറ്റയെ പോലെ പ്രതിഭാധനനായ ഒരു പരിശീലകന് തന്ത്രം പറഞ്ഞുകൊടുക്കുവാൻ ഒരു കളി എഴുത്തുകാരനും അവകാശമില്ല. അതിനു കഴിയുകയുമില്ല. എന്നാൽ, ജീസസിനെ മാറ്റി ഡഗ്ലസ് കോസ്റ്റയെ രംഗത്തിറക്കിയപ്പോൾ കണ്ട ബ്രസീലും അതുവരെ കളിച്ചിരുന്ന ബ്രസീലും രണ്ടു ടീമുകളായിരുന്നുവെന്ന് അദ്ദേഹം വൈകിയെങ്കിലും മനസ്സിലാക്കിയിരിക്കണം. ഇതിനുമുമ്പുള്ള മത്സരങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി. അത് കണ്ടറിഞ്ഞു അദ്ദേഹം ആദ്യ ഇലവനിൽ ഈ യുവൻറസ് താരത്തിന് അവസരം നൽകിയിരുന്നെങ്കിൽ. ഫുട്ബാളിൽ ‘ഇഫ്’നും ‘ബട്ടി’നും പ്രസക്തിയില്ലല്ലോ.
73ാം മിനിറ്റിൽ വില്യന് പകരം റെനറ്റോ അഗസ്റ്റോ എത്തിയതോടെ മുന്നേറ്റനിരക്ക് വീണ്ടും ചലനമുണ്ടായി. അതൊരു ഫ്ലൂക്കു ഗോളിനും വഴിവച്ചു. കുടീന്യോയുടെ ആകെ സംഭാവനയായ ത്രൂ ലോബിൽ ഉയർന്നുചാടി അഗസ്റ്റോ തലവച്ചപ്പോൾ കർട്ടുവക്കു ആദ്യമായി പിഴച്ചു. ഒപ്പം ഹീറോ ആയിരുന്ന നാസിർ ചാഡ്ലിക്കും കൊംപനിക്കും അഗസ്റ്റിനോ ആരെന്നു മനസ്സിലാകും മുമ്പ് അയാൾ ഗോളും അടിച്ചുകഴിഞ്ഞിരുന്നു.
പൗളീന്യോ ആദ്യമേ പന്ത് കിട്ടാതെ വിഷമിച്ചതും കുടീന്യോക്ക് ഫോമിലേക്കുയരാൻ കഴിയാതിരുന്നതും ജീസസ് ഒരു പരിധിവരെ ബാധ്യതയായതും മനസ്സിലാക്കാൻ ബ്രസീൽ കോച്ചു ഒരുപാട് നേരമെടുത്തു. പ്രശസ്തമായ ബ്രസീൽ പ്രതിരോധനിര 20 മിനിറ്റുകൾക്ക് ശേഷം തകരുകയും ചെയ്തു. ഒരിക്കലും കുലുങ്ങാത്ത തിയാഗോ സിൽവപോലും പരിഭ്രമിക്കുന്നത് അയാളുടെ ശരീരഭാഷയിൽനിന്ന് വ്യക്തമായിരുന്നു. ഇതിനിടയിലും ഗോളി അലിസൺ തെൻറ നില വാരം നിലനിർത്തി. ഇല്ലെങ്കിൽ ലുകാക്കു മറ്റൊരു ഹാട്രിക്ക് കൂടി നേടിയേനെ. ഒരു കോമ്പാക്ട് ടീമായി ബെൽജിയം മാറിയതാണ് ഇൗ അട്ടിമറിയുടെ ബാക്കിപത്രം. ഒപ്പം തിബോ കർട്ടുവ എന്ന ഗോൾകീപ്പറുടെ അസാധ്യമായ റീച്ചും ആൻറിസിപ്പേഷനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.