നെയ്മറാണ് താരം; മെക്സിക്കോയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ
text_fieldsസമാറ: ഒാരോ മത്സരം കഴിയുന്തോറും മികവ് വർധിക്കുന്ന ബ്രസീലിന് ഒത്ത എതിരാളികളാവാൻ മെക്സികോക്കായില്ല. ആദ്യ റൗണ്ടിൽ ജർമനിയെ വീഴ്ത്തിയ ശൗര്യം പുറത്തെടുക്കാനാവാതെ എൽത്രീകൾ വിയർത്തപ്പോൾ സെലസാവോകൾക്ക് ആധികാരിക ജയം. മടക്കമില്ലാത്ത രണ്ടു ഗോൾ വിജയവുമായി ടിറ്റെയുടെ സംഘം അവസാന എട്ടിൽ ഇടംപിടിക്കുന്ന അഞ്ചാം ടീമായി. ബ്രസീൽ മുന്നേറ്റനിരയും മെക്സികോ ഗോളി ഗില്ലർമോ ഒച്ചോവയും തമ്മിലായിരുന്നു സമറാ അറീനയിൽ യഥാർഥ മത്സരം. ആദ്യ പകുതിയിൽ ഒച്ചോവ വിജയിച്ചപ്പോൾ ഇടവേളക്കുശേഷം ബ്രസീലിനൊപ്പമായിരുന്നു വിജയം. 51ാം മിനിറ്റിൽ നെയ്മറും 88ാം മിനിറ്റിൽ റോബർേട്ടാ ഫിർമിന്യോയും ഒച്ചോവയുടെ പ്രതിരോധം ഭേദിച്ചപ്പോൾ മഞ്ഞപ്പടക്ക് അർഹിക്കുന്ന വിജയമായി. മറുവശത്ത് മെക്സികോയുടെ മുൻനിരയെ തിയാഗോ സിൽവയും മിരാൻഡയും കാത്ത ബ്രസീൽ പ്രതിരോധം കെട്ടിപ്പൂട്ടിയപ്പോൾ ഗോൾവലക്ക് മുന്നിൽ അലിസൺ ബെക്കർ കാര്യമായി പരീക്ഷിക്കപ്പെട്ടതേയില്ല. അലിസെൻറ ആദ്യ സേവ് കളി ഒരു മണിക്കൂർ പിന്നിടവെയായിരുന്നുവെന്നതുതന്നെ ബ്രസീൽ ഗോൾമുഖത്ത് മെക്സികോക്ക് അപകടഭീഷണിയുയർത്താനായില്ലെന്നതിന് മികച്ച തെളിവ്. അതുമാത്രമായിരുന്നു ലക്ഷ്യത്തിലേക്കുള്ള മെക്സികോയുടെ ഏക ശ്രമം. അതേസമയം, ബ്രസീൽ 10 തവണ ഒച്ചോവയെ പരീക്ഷിച്ചു.
താരമായി നെയ്മർ
നെയ്മർ തന്നെയായിരുന്നു ബ്രസീൽ നിരയിലെ താരം. ആദ്യ ഗോൾ നേടുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മർ തന്നെയായിരുന്നു സമാറ അറീനയിലെ താരം. ഫിലിപെ കുടീന്യോക്കും വില്യനുമൊപ്പം ചേർന്ന് മെക്സിക്കൻ പ്രതിരോധത്തിന് നിരന്തരം ശല്യമുണ്ടാക്കിയ പത്താം നമ്പർ താരത്തെ തടുക്കാൻ കാർലോസ് സെൽസാഡോക്കും ഹ്യൂഗോ അയാലക്കുമായില്ല. വലതുവിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ വില്യെൻറ പ്രകടനവും നിർണായകമായി. മീൻ മത്സരങ്ങളെ അപേക്ഷിച്ച് കുടീന്യോ ഒെട്ടാന്ന് നിറംമങ്ങിയപ്പോൾ അവസാനഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ഫിർമിന്യോ ഗോളുമായി മികവുകാട്ടി. സ്ട്രൈക്കർ ഗബ്രിയേൽ ജീസസ് ഗോൾ കണ്ടെത്തുന്നതിൽ ഒരിക്കൽ കൂടി പരാജയമായെങ്കിലും ടീമിനെ അത് ബാധിച്ചില്ല.
ഇരുടീമുകളും 4-3-3 ഫോർമേഷനിലാണ് ഇറങ്ങിയത്. ബ്രസീൽ നിരയിൽ പരിക്ക് ഭേദമായിട്ടില്ലാത്ത ഇടതുബാക്ക് മാഴ്സലോയുടെ സ്ഥാനത്ത് ഫിലിപെ ലൂയിസ് ഇറങ്ങിയപ്പോൾ മെക്സികോ കോച്ച് യുവാൻ കാർലോസ് ഒസോരിയോ രണ്ടു മാറ്റങ്ങൾ വരുത്തി. രണ്ട് മഞ്ഞക്കാർഡ് മൂലം സസ്പെൻഷനിലായ സ്റ്റോപ്പർ ബാക്ക് ഹെക്ടർ മൊറേനോക്ക് പകരം ഹ്യൂഗോ അയാല ബൂട്ടണിഞ്ഞപ്പോൾ മധ്യനിരയിൽ വിംഗർ ലായൂനിന് പകരം റാഫേൽ മാർക്വെസിന് മൈതാനമധ്യത്ത് അവസരം നൽകി. 39കാരെൻറ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ആദ്യം മെക്സികോ, പിന്നെ ബ്രസീൽ
കൃത്യമായി പകുത്തെടുത്ത രണ്ടു പകുതികൾ പോലെയായിരുന്നു ആദ്യ പകുതി. ആദ്യ 25 മിനിറ്റ് ആധിപത്യം മെക്സികോക്കായിരുന്നു. പതിയെ താളം കണ്ടെത്തിയ ബ്രസീൽ പിന്നീടുള്ള 20 മിനിറ്റ് മേധാവിത്വം പുലർത്തി. എന്നാൽ, ഇരുനിരകൾക്കും അത് ഗോളുകളാക്കി മാറ്റാനായില്ല. അതിവേഗ വിംഗർ ഹിർവിങ് ലൊസാനോ-കാർലോസ് വേല-ഹാവിയർ ഹെർണാണ്ടസ് ത്രയത്തിെൻറ മികവിൽ മുന്നേറിക്കളിച്ച മെക്സികോ തുടക്കത്തിൽ അവസരങ്ങളും തുറന്നെടുത്തു. രണ്ടാം മിനിറ്റിൽ തന്നെ ആന്ദ്രിയാസ് ഗ്വർഡാഡോയുടെ ക്രോസ് ബ്രസീൽ ഗോളി അലിസൺ കുത്തിയകറ്റിയത് ലഭിച്ചത് െലാസാനോക്ക്. പി.എസ്.വി െഎന്തോവൻ താരത്തിെൻറ ഹാഫ് വോളി മിരാൻഡയുടെ ബ്ലോക്കിൽ ഒടുങ്ങി. പിന്നീടും മെക്സികോക്കായിരുന്നു ആധിപത്യമെങ്കിലും ഗോൾ അവസരങ്ങളൊന്നും തുറന്നെടുക്കാനായില്ല. 25ാം മിനിറ്റിലാണ് ബ്രസീലിന് ആദ്യ മികച്ച അവസരം കൈവന്നത്. ഇടതുവിങ്ങിലൂടെ എഡ്സൺ അൽവാരസിനെയും അയാലയെയും മറികടന്ന് മുന്നേറിയ നെയ്മറിന് മുന്നിൽ ഗില്ലർമോ ഒച്ചോവ പ്രതിരോധം തീർത്തു. 32ാം മിനിറ്റിൽ ഇടതുവശത്തുകൂടെ തന്നെ കയറി ഗബ്രിയേൽ ജീസസ് തൊടുത്ത ഇടങ്കാലൻ ഷോട്ടും ഒച്ചോവ തടഞ്ഞു. 40ാം മിനിറ്റിൽ നെയ്മറുടെ ഫ്രീകിക്ക് അപകടഭീഷണിയുയർത്താതെ പറന്നു.
ഒടുവിൽ ബ്രസീൽ മാത്രം
രണ്ടാം പകുതിയിൽ ബ്രസീലായിരുന്നു പൂർണമായും ചിത്രത്തിൽ. ഫിലിപെ കുടീന്യോയുടെ ഷോട്ട് ഒച്ചോവതടഞ്ഞതിനുപിന്നാലെ നെയ്മറുടെ ശ്രമം ബാറിന് മുകളിലൂടെ പറന്നു. എന്നാൽ, വൈകാതെ ഗോളെത്തി.
ഗോൾ 1-0
51ാം മിനിറ്റ്-നെയ്മർ (ബ്രസീൽ)
മനോഹരമായ നീക്കത്തിനൊടുവിലായിരുന്നു ഗോൾ. പെനാൽറ്റി ബോക്സിെൻറ മധ്യത്തിൽനിന്ന് പന്ത് ലഭിച്ച വില്യൻ അതിവേഗം ഇടത്തേക്ക് വെട്ടിച്ചുകയറി ഇടങ്കാലുകൊണ്ട് ആറുവാര ബോക്സിന് സമാന്തരമായി ക്രോസ് നൽകിയത് തടയാനുള്ള സെൽസാഡോയുടെ ശ്രമം വിജയിച്ചില്ല. ഡൈവ് ചെയ്ത ഒച്ചോവയെയും മറികടന്ന പന്തിനായി നെയ്മറും ജീസസും സ്ലൈഡ് ചെയ്ത് വന്നേപ്പാൾ വിജയിച്ചത് നെയ്മർ. ജീസസിനെ കടന്ന പന്തിൽ നെയ്മറുടെ ഫിനിഷിങ്.
മാർക്വെസിനെ പിൻവലിച്ച് മെക്സികോ കോച്ച് മിഗ്വൽ ലായൂനിനെയും ഹെർണാണ്ടസിന് പകരം റൗൾ ജിമാനസിനെയും ഇറക്കി ആക്രമണം കനപ്പിക്കാൻ ശ്രമിച്ചു. അതിനിടെ സൈഡ്ലൈനിന് പുറത്തേക്ക് വീണ നെയ്മറിൽനിന്ന് പന്ത് പിടിച്ചുവാങ്ങാനെത്തിയ ലായൂൻ കാലിൽ ചവിട്ടിയതിനെ തുടർന്ന് ബ്രസീൽ താരം ഗ്രൗണ്ടിൽ കിടന്ന് പുളഞ്ഞെങ്കിലും മഞ്ഞക്കാർഡിനില്ലെന്ന് വ്യക്തമാക്കി റഫറി തള്ളി. ഗോൾ വീണതോടെ മെക്സികോ പരമാവധി കയറിക്കളിക്കാൻ ശ്രമിച്ചെങ്കിലും ബ്രസീൽ പ്രതിരോധം പിളർക്കാനായില്ല. 88ാം മിനിറ്റിൽ രണ്ടാം ഗോളുമായി ബ്രസീൽ ജയമുറപ്പിക്കുകയും ചെയ്തു.
ഗോൾ 2-0
88ാം മിനിറ്റ്-റോബർേട്ടാ ഫിർമിന്യോ(ബ്രസീൽ)
പകരക്കാരനായി കളത്തിലെത്തി രണ്ട് മിനിറ്റിനകം ലക്ഷ്യം കണ്ട് ഫിർമിന്യോയാണ് ബ്രസീലിെൻറ ജയം ആധികാരികമാക്കിയത്. മറ്റൊരു പകരക്കാരൻ ഫെർണാണ്ടീന്യോയുടെ പാസുമായി ഇടതുവിങ്ങിലൂടെ മുന്നേറിയ റെനയ്മർ സെൻറർ ചെയ്ത പന്തിൽ ഒച്ചോവക്ക് കാലുകൊണ്ട് ഒന്ന് തൊടാനായെങ്കിലും ഒാടിയെത്തിയ ഫിർമിന്യോയിൽനിന്ന് അകറ്റാനായില്ല. മൂന്നു കളിയിലും ഗോളില്ലാതെ സെൻട്രൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസസ് പതറുേമ്പാൾ ഇറങ്ങിയയുടൻ ഗോളുമായി ഫിർമിന്യേയുടെ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.