ബുണ്ടസ്ലിഗയിൽ 16ന് പന്തുരുളും
text_fieldsബെർലിൻ: ജർമൻ ഒന്നാം ഡിവിഷൻ ഫുട്ബാളായ ബുണ്ടസ്ലിഗയിൽ മേയ് 16ന് വീണ്ടും പന്തുരുളും. ഇതോടെ, യൂറോപിലെ മുൻനിര ഫുട്ബാൾ ലീഗുകളിൽ വീണ്ടും കളിയിലേക്കു ചുവടുവെക്കുന്ന ആദ്യ ലീഗാവുകയാണ് ബുണ്ടസ് ലിഗ. ബൊറൂസിയ ഡോട്മണ്ടും ഷാൽകയും തമ്മിലാകും കന്നി മത്സരം. തൊട്ടടുത്ത ദിവസം ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് യൂനിയൻ ബെർലിനുമായി ഏറ്റുമുട്ടും. രണ്ടു ദിവസവും വേറെയും കളികളുണ്ടാകും. ജൂൺ അവസാനത്തോടെ സീസൺ അവസാനിക്കും.
അടച്ചിട്ട മൈതാനങ്ങളിൽ കളി പുനരാരംഭിക്കാൻ ചാൻസലർ അംഗല മെർക്കൽ കഴിഞ്ഞ ദിവസം അനുമതി നൽകിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ഓരോ ടീമിനും ഒമ്പതു മത്സരങ്ങൾ ബാക്കിനിൽക്കെ ആഴ്ചകൾക്ക് മുമ്പ് നിർത്തിവെച്ച ലീഗിൽ നിലവിലെ ബയേൺ മ്യൂണിക് നാലു പോയൻറിെൻറ ലീഡുമായി ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ ആദ്യ രണ്ടു ഡിവിഷനുകളിലെ കളിക്കാരും ഒഫീഷ്യലുകളുമുൾപ്പെടെ 1,724 പേരെ കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയിരുന്നു.
കളിയാരംഭത്തിെൻറ ഭാഗമായി നടന്ന പരിശോധനയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ കളിയിലും പരമാവധി 300 പേരാകും മൈതാനത്തുണ്ടാകുക. ഒക്ടോബർ 24 വരെ പ്രധാന മത്സരങ്ങളിലെല്ലാം കാണികൾക്ക് ജർമനി വിലക്ക് പ്രഖ്യാപിച്ചതാണ്. മത്സരം പുനരാരംഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു മാസം മുമ്പ് താരങ്ങൾ പരിശീലനം തുടങ്ങിയിട്ടുണ്ട്.
ഓരോ മത്സത്തിനും മുമ്പ് താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും കോവിഡ് പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.