മെസ്സിയുടെ ജഴ്‌സി കത്തിക്കും; ജറൂസലേമില്‍ അർജൻറീന കളിക്കുന്നതിനെതിരെ പ്രതിഷേധം
text_fieldsറാമല്ല: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സി കളിക്കുന്നതിൽ പ്രതിഷേധം. മെസ്സി കളിച്ചാല്‍ താരത്തിൻെറ ജഴ്സിയും ചിത്രങ്ങളും മെസ്സി ആരാധകർ കത്തിക്കണമെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് ജിബ്‌രീല്‍ റജൗബ് അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച്ച ജറൂസലേമിലെ ടെഡി കൊല്ലേക് സ്റ്റേഡിയത്തിലാണ് ഇസ്രായേലും അര്‍ജന്റീനയും തമ്മിലുള്ള സൗഹൃദ മത്സരം.
മെസ്സി സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. അറബ്, മുസ്ലീം രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരാണ് മെസ്സിക്കുള്ളത്. സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണ് ഇസ്രായേല്‍ അവരുമായി ഫുട്ബാൾ കളിക്കരുതെന്ന് ഫലസ്തീന്‍ ആരാധര്‍ നേരത്തെ മെസ്സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 'നതിങ് ഫ്രണ്ട്‌ലി' എന്ന ഹാഷ്ടാഗിൽ സോഷ്യല്‍ മീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു- അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള അർജൻറീനയുടെ സന്നാഹ മത്സരത്തെ ഇസ്രായേല്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നതായി അര്‍ജന്റീന സർക്കാർ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ഫിഫ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എന്നിവർക്ക് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു. ഇസ്രയേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇസ്രായേൽ തലസ്ഥാനമായി ജറൂസലം അമേരിക്ക അംഗീകരിച്ചത് മുതൽ ഫലസ്തീനിൽ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. അതിർത്തിയിൽ പ്രതിഷേധിച്ച നിരവധി പേരെയാണ് ഇസ്രായേൽ സൈന്യം ഇതിനകം കൊലപ്പെടുത്തിയത്. അമേരിക്കൻ എംബസി തുറന്ന മെയ് 14 ന് ഇസ്രായേൽ സേന 61 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.