ചാമ്പ്യൻസ് ൈക്ലമാക്സ്
text_fieldsലണ്ടൻ: യൂറോപ്യൻ ക്ലബ് പോരാട്ടം ഗ്രൂപ് റൗണ്ടിന് ഇന്നും നാളെയുമായി കൊട്ടിക്കലാശം. റയൽ മഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, യുനൈറ്റഡ്, പി.എസ്.ജി, ബയേൺ മ്യൂണിക് ഉൾപ്പെടെയുള്ള വമ്പന്മാർ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചപ്പോൾ അത്ലറ്റികോ മഡ്രിഡ്, നാപോളി, യുവൻറസ് തുടങ്ങിയവരുടെ ഭാവി തുലാസിൽ. ‘എ’ മുതൽ ‘ഡി’ വരെ ഗ്രൂപ്പിലുള്ളവരാണ് ഇന്നിറങ്ങുന്നത്. റയൽ, ലിവർപൂൾ, സിറ്റി ടീമുകൾ നാളെ പന്തു തട്ടും.
ഡെയ്ഞ്ചർ സോണിൽ അത്ലറ്റികോ
നാലു വർഷത്തിനിടെ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച അത്ലറ്റികോ മഡ്രിഡിന് ഇന്ന് നിർണായക ദിനം. ഗ്രൂപ് ‘സി’യിൽ മത്സരിക്കുന്ന സ്പാനിഷ് വമ്പന്മാർക്ക് ജീവന്മരണ പോരാട്ടത്തിൽ ജയിച്ചാൽ മാത്രം പോര, ഗ്രൂപ്പിൽ മറ്റൊരു അട്ടിമറിക്കായി പ്രാർഥിക്കുകയും വേണം. അഞ്ച് കളിയിൽ 10 പോയൻറുള്ള ചെൽസിയാണ് ഇന്ന് അത്ലറ്റികോയുടെ എതിരാളി. ആറ് പോയൻറുമായി മൂന്നാം സ്ഥാനത്തുള്ള സ്പാനിഷ് സംഘത്തിന് അട്ടിമറി ജയം മാത്രം പോര, രണ്ടാം സ്ഥാനത്തുള്ള ഇറ്റാലിയൻ വമ്പൻ എ.എസ് റോമയെ അസർബൈജാൻ ക്ലബ് ഗരബാഗ് അട്ടിമറിയിലൂടെ കീഴടക്കുകയും വേണം. എങ്കിൽ തലനാരിഴ വ്യത്യാസത്തിൽ അത്ലറ്റികോക്ക് പ്രീക്വാർട്ടറിൽ ഇടം പിടിക്കാം. പന്തുരുളാനുള്ള അവസാന മിനിറ്റുകളിൽ അദ്ഭുതങ്ങൾക്കായി പ്രാർഥിക്കുകയാണ് അത്ലറ്റികോ കോച്ച് ഡീഗോ സിമിയോണി.
ഗ്രൂപ് ‘എ’: നാല് ജയവുമായി 12പോയൻറുള്ള മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതിനകം നോക്കൗട്ടിൽ കടന്നു. എന്നാൽ, എഫ്.സി ബാസൽ (9), സി.എസ്.കെ.എ മോസ്കോ (9) എന്നിവർ തമ്മിലാണ് പോരാട്ടം. അവസാന അങ്കത്തിൽ ദുർബലരായ ബെൻഫികയെ വീഴ്ത്തിയാൽ ബാസലിന് മുന്നേറാം. മോസ്കോക്ക് എതിരാളി യുനൈറ്റഡ്.
ഗ്രൂപ് ‘ബി’: ഒരു കളിയും തോൽക്കാത്ത പി.എസ്.ജിയും (15), ഒരു കളി മാത്രം തോറ്റ ബയേൺ മ്യുണികും (12) ഇതിനകം നോക്കൗട്ട് യോഗ്യത നേടിയതോടെ ഗ്രൂപ്പിൽ ഇന്നത്തെ പോരാട്ടം അപ്രസക്തമായി.
ഗ്രൂപ് ‘ഡി’: ബാഴ്സലോണ (11) ഒന്നാം സ്ഥാനക്കാരായി മുന്നേറി. യുവൻറസ് (8), സ്പോർട്ടിങ് (7) എന്നിവർ തമ്മിലാണ് മത്സരം. ഇന്ന് യുവൻറസ് ഒളിമ്പിയാകോസിനെ വീഴ്ത്തിയാൽ അനായാസം നോക്കൗട്ട് ടിക്കറ്റ് നേടാം. സ്പോർട്ടിങ്ങിന് എതിരാളി ബാഴ്സലോണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.