ക്രിസ്റ്റ്യാനോയുടെ ചുവപ്പും കണ്ണീരും
text_fieldsമഡ്രിഡ്: ചുവപ്പുകാർഡും കണ്ണീരുമായി നാടകീയതകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവൻറസ് ജഴ്സിയിലെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം. റയൽ മഡ്രിഡിനൊപ്പം നാലും, മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ഒരു വട്ടവും യൂറോപ്യൻ കിരീടം ചൂടിയ സൂപ്പർ താരത്തിന് ചാമ്പ്യൻസ് ലീഗിലെ ആദ്യ ചുവപ്പുകാർഡ് സമ്മാനിച്ചാണ് യുവൻറസ് വരവേറ്റത്. ഗ്രൂപ് ‘എച്ചിൽ’ വലൻസിയക്കെതിരായ മത്സരത്തിൽ നിസ്സാരമായൊരു ഫൗളിനായിരുന്നു ജർമൻ റഫറി ഫെലിക്സ് ബ്രിഷ്, ക്രിസ്റ്റ്യാനോക്കെതിരെ മുന്നറിയിെപ്പാന്നുമില്ലാതെ ചുവപ്പുകാർഡ് വീശിയത്. 15 വർഷത്തിലേറെ നീണ്ട ചാമ്പ്യൻസ് ലീഗ് കരിയറിൽ ക്രിസ്റ്റ്യാനോയുടെ ആദ്യ സസ്പെൻഷൻ കൂടിയായി ഇത്. സൂപ്പർ താരത്തിെൻറ അരങ്ങേറ്റം കണ്ണീരായെങ്കിലും യുവൻറസ് വീണില്ല.
29ാം മിനിറ്റിൽ 10 പേരിലേക്ക് ചുരുങ്ങിയ യുവെ കളിയുടെ രസച്ചരട് മുറിയാതെതന്നെ പോരാടി. ഒടുവിൽ അനുകൂലമായി ലഭിച്ച രണ്ട് പെനാൽറ്റികൾ ഗോളാക്കി അവർ 2-0ത്തിന് വലൻസിയയെ സ്പെയിനിലെ മെസ്റ്റല്ലാ സ്റ്റേഡിയത്തിൽ വീഴ്ത്തി. 45, 51 മിനിറ്റിൽ മിറാലെം പാനികായിരുന്നു ഗോളടിച്ചത്. 96ാം മിനിറ്റിൽ വലൻസിയക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ഡാനി പരേയോ പാഴാക്കി.ചുവപ്പുകാർഡോടെ ക്രിസ്റ്റ്യാനോക്ക് ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരം നഷ്ടമാവും. ഒക്ടോബർ രണ്ടിന് യംങ് ബോയ്സിനെതിരെയാണ് കളി. അതേസമയം, യുവേഫ വിലക്ക് നീട്ടിയാൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരായ മത്സരവും നഷ്ടമായേക്കും.
റയലിന് ജയം
കരുത്തരായ എ.എസ് റോമയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഹാട്രിക് ചാമ്പ്യൻ മഡ്രിഡ് വീഴ്ത്തിയത്. ഇസ്കോ (45), ഗാരെത് ബെയ്ൽ (58), മറിയാനോ ഡയസ് (90)എന്നിവരാണ് റയലിനായി വല കുലുക്കിയത്. യംങ് ബോയ്സിനെതിരെ 3-0ത്തിനായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ജയം. പോൾ പൊഗ്ബ ഇരട്ട ഗോൾ കുറിച്ചപ്പോൾ ആൻറണി മാർഷലിെൻറ വകയായിരുന്നു മൂന്നാം ഗോൾ. ബയേൺ മ്യൂണിക്, ബെൻഫികയെ 2-0ത്തിന് തോൽപിച്ചു. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഒളിമ്പിക് ല്യോണസ് 2-1ന് അട്ടിമറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.