ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരം: നോക്കൗട്ടിൽ നില ഭദ്രമാക്കി വമ്പന്മാർ
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരങ്ങളുടെ അവസാനദിനത്തിൽ വമ്പൻ ജയങ്ങളുമായി യൂറോപ്പിലെ വൻസ്രാവുകൾ. മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്, പി.എസ്.ജി, ബയേൺ മ്യൂണിക്, അത്ലറ്റികോ മഡ്രിഡ്, യുവൻറസ് ടീമുകൾ അനായാസ ജയവുമായി നോക്കൗട്ടിൽ നില ഭദ്രമാക്കി.
ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാമിനെതിരായ എവേ മത്സരവും മികച്ച മാർജിനിൽ ജയിച്ച് ബയേൺ ഗ്രൂപ്പിൽ അജയ്യരായപ്പോൾ മൂന്നു ജയങ്ങളിൽനിന്ന് ഒമ്പതു പോയൻറ് നേടി ടോട്ടൻഹാം രണ്ടാമന്മാരായി പ്രീക്വാർട്ടറിലെത്തി. നേരേത്ത നോക്കൗട്ട് ഉറപ്പാക്കിയ പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ് ടീമുകളും ആധികാരിക ജയമാണ് കുറിച്ചത്. ക്രിസ്റ്റ്യാനോ ഗോളടിച്ച കളിയിൽ യുവൻറസ് ബയർ ലെവർകൂസനെ വീഴ്ത്തിയത് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്.
മൊറീന്യോക്ക് ഷോക്ക്
പൊച്ചെറ്റിനോയെ പറഞ്ഞുവിട്ട് പകരമെത്തിയ ജോസ് മൊറീന്യോക്കു കീഴിൽ പുത്തനുണർവുമായി പന്തുതട്ടിയ ടോട്ടൻഹാമിനെതിരെ മികച്ച കളി കെട്ടഴിച്ചാണ് ജർമൻ ചാമ്പ്യന്മാർ 3-1ന് ജയിച്ചത്. കളിയിലുടനീളം നിയന്ത്രണം നിലനിർത്തിയ ബയേണാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. കിങ്സ്ലി കോമാൻ 14ാം മിനിറ്റിൽ മുന്നിലെത്തിച്ചെങ്കിലും വൈകാതെ റിയാൻ സെസ്സനോണിലൂടെ ടോട്ടൻഹാം സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ തോമസ് മുള്ളർ ബയേണിനെ മുന്നിലെത്തിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ കുടീന്യോ ഉജ്ജ്വല ഗോളുമായി ബയേണിെൻറ ജയം ഉറപ്പാക്കി.
ഇറ്റാലിയൻ ചാമ്പ്യന്മാരെ ഉടനീളം പിടിച്ചുകെട്ടിയ ബയർ ലെവർകൂസനെ രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗൊൺസാലോ ഹിഗ്വെയ്നും നേടിയ ഗോളുകൾക്കാണ് യുവൻറസ് വീഴ്ത്തിയത്. ഗ്രൂപ്പിലെ മറ്റൊരു നിർണായക മത്സരത്തിൽ ലോകോമോട്ടീവ് മോസ്കോയെ വീഴ്ത്തി അത്ലറ്റികോ മഡ്രിഡും പ്രീക്വാർട്ടറിൽ കടന്നു.
ഗ്രൂപ് എയിൽ ഗംഭീര ജയവുമായി പി.എസ്.ജിയും റയൽ മഡ്രിഡും എതിരാളികളെ നിഷ്പ്രഭരാക്കി. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ പി.എസ്.ജി-ഗലാറ്റസരായ് മത്സരത്തിൽ ഫ്രഞ്ച് ക്ലബിനായി മൗറോ ഇക്കാർഡി, നെയ്മർ, കിലിയൻ എംബാപ്പെ, എഡിൻസൺ കവാനി, പാേബ്ലാ സരാബിയ എന്നിവർ സ്കോർ ചെയ്തു. സ്കോർ: 5-0. ടീനേജ് ആവേശമായ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, ലൂക മോഡ്രിച് എന്നിവരാണ് റയലിനായി ഗോൾ കണ്ടെത്തിയത്. ഒരു ഗോൾ ക്ലബ് ബ്രൂഗെ മടക്കി.
വീണ്ടും ഫോം കണ്ടെത്തിയ ഗബ്രിയേൽ ജീസസ് ഹാട്രിക് നേടിയതാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വൻ മാർജിനിൽ ജയമൊരുക്കിയത്. നാലാം ഗോൾ ഫിൽ ഫോഡൻ കണ്ടെത്തിയപ്പോൾ ഡൈനാമോ സഗ്രെബിെൻറ ആശ്വാസ ഗോൾ ഡാനി ഓയിമോ നേടി. ഗ്രൂപ് സിയിൽ സിറ്റിക്കു പുറമെ അത്ലാൻറയും പ്രീക്വാർട്ടറിൽ കടന്നു.
ഇതോടെ, പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിൽനിന്നും സ്പെയിനിൽനിന്നും നാലും ഇറ്റലി, ജർമനി രാജ്യങ്ങളിൽനിന്ന് മൂന്നും ടീമുകളായി. ഫ്രാൻസിൽനിന്ന് രണ്ടു ടീമുമുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.