ചാമ്പ്യൻസ് ലീഗ്: യുവൻറസ് ബാഴ്സലോണക്കെതിരെ; ബയേൺ, യുനൈറ്റഡ്, പി.എസ്.ജി, അത്ലറ്റികോ കളത്തിൽ
text_fieldsയൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ ഗ്രൂപ് റൗണ്ട് അവസാന ഘട്ടത്തോട് അടുക്കവെ അഞ്ചാം മത്സരദിനത്തിൽ വമ്പൻ ടീമുകൾ കളത്തിൽ. ബാഴ്സലോണ, യുവൻറസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, ബയേൺ മ്യൂണിക്, പാരിസ് സെൻറ് ജർമൻ, അത്ലറ്റികോ മഡ്രിഡ് തുടങ്ങിയ ടീമുകളെല്ലാം അങ്കത്തിനിറങ്ങും.
ഇന്നത്തെ കളികൾ
യുവൻറസ് x ബാഴ്സലോണ
അത്ലറ്റികോ മഡ്രിഡ് x എ.എസ്. റോമ
ആൻറർലെക്റ്റ് x ബയേൺ മ്യൂണിക്
ബേസൽ x മാഞ്ചസ്റ്റർ യുനൈറ്റഡ്
പി.എസ്.ജി x സെൽറ്റിക്
ഒളിമ്പിയാക്കോസ് x സ്പോർട്ടിങ്
സി.എസ്.കെ.എ മോസ്കോ x ബെൻഫിക
ചെൽസി x ക്വറബാഗ്
ഗ്രൂപ് ജേതാക്കളാവാൻ യുനൈറ്റഡ്
ഗ്രൂപ് എയിൽ കളിച്ച നാല് കളികളും ജയിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചുകഴിഞ്ഞു. 12 േപായൻറുള്ള യുനൈറ്റഡിന് പിറകിൽ ആറു പോയൻറ് വീതമുള്ള എഫ്.സി ബേസലിനും സി.എസ്.കെ.എ മോസ്കോക്കും നോക്കൗട്ട് സാധ്യത നിലനിൽക്കുന്നു. ബേസലിന് യുനൈറ്റഡാണ് എതിരാളികൾ. എല്ലാ കളികളും തോറ്റ് അവസാന സ്ഥാനത്തുള്ള എസ്.എൽ ബെൻഫികയാണ് സി.എസ്.കെ.എക്ക് എതിരാളികൾ. ടീം അടുത്തഘട്ടത്തിലേക്കുള്ള മുന്നേറ്റം ഉറപ്പാക്കിയ സാഹചര്യത്തിൽ യുനൈറ്റഡ് കോച്ച് ജോസ് മെറീന്യോ മുൻനിര താരങ്ങൾക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. ആഭ്യന്തര ലീഗിലും യൂറോപ്പിലും മികച്ച ഫോം തുടരുന്ന യുനൈറ്റഡ് കഴിഞ്ഞ സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാനാവാത്തതിെൻറ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ്.
പി.എസ്.ജിക്കൊപ്പം മുന്നേറാൻ ബയേൺ
ബി ഗ്രൂപ്പിൽ എല്ലാ മത്സരങ്ങളും ജയിച്ച് 12 േപായൻറുമായി പാരീസ് സെൻറ് ജർമൻ നോക്കൗട്ട് റൗണ്ടിലെത്തിക്കഴിഞ്ഞു. ഒമ്പതു പോയൻറുള്ള ബയേൺ മ്യൂണിക്കും യോഗ്യത ഏറക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ഇതുവരെ അക്കൗണ്ട് തുറക്കാത്ത ആൻറർലെക്റ്റുമായുള്ള കളിയിൽ സമനില നേടിയാൽ ബയേണിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. മൂന്നു പോയൻറുള്ള സെൽറ്റിക് ആണ് പി.എസ്.ജിയുടെ എതിരാളികൾ. ബയേൺ രണ്ട് മത്സരവും തോൽക്കുകയും തങ്ങളുടെ രണ്ട് കളികളും വൻ മാർജിനിൽ ജയിക്കുകയും ചെയ്താൽ സെൽറ്റിക്കിന് നേരിയ നോക്കൗട്ട് പ്രതീക്ഷയുണ്ട്. ലോക റെക്കോഡ് തുകക്ക് നെയ്മറെയും കിലിയൻ എംബാെപയെയും സ്വന്തമാക്കി കളിനിലവാരമുയർത്തിയ പി.എസ്.ജിയാണ് ഇത്തവണ ഗ്രൂപ് റൗണ്ടിലെ ഇതുവരെയുള്ള മികച്ച ടീം. നാല് കളികളിൽ 17 ഗോളടിച്ചുകൂട്ടിയ ടീം ഇതുവരെ ഒരു ഗോൾപോലും വഴങ്ങിയിട്ടുമില്ല. കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് ഇത്തവണ സ്വന്തമാക്കിയേ അടങ്ങൂ എന്ന വാശിയിൽ പന്തുതട്ടുന്ന പി.എസ്.ജിയിലാണ് കളിപ്രേമികളുടെ കണ്ണുകൾ.
അത്ലറ്റികോക്ക് ജീവന്മരണ പോരാട്ടം
മൂന്നു വർഷത്തിനിടെ രണ്ടു തവണ ഫൈനൽ കളിച്ച ടീമാണെങ്കിലും ഇത്തവണ അത്ലറ്റികോ മഡ്രിഡിന് കാര്യങ്ങൾ അത്ര സുഖകരമല്ല. കളിച്ച നാലിൽ മൂന്ന് സമനിലയിൽനിന്നുള്ള മൂന്നു പോയൻറ് മാത്രമാണ് ഡീഗോ സിമിയോണിയുടെ ടീമിനുള്ളത്. എട്ടു പോയൻറുള്ള എ.എസ്. റോമയും ഏഴ് പോയൻറുള്ള ചെൽസിയുമാണ് മുന്നിലുള്ളത്. ആദ്യമായി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്വറബാഗ് എഫ്.സിക്ക് രണ്ട് പോയൻറുണ്ട്. അടുത്ത രണ്ട് മത്സങ്ങളും ജയിച്ചാൽ മാത്രമേ അത്ലറ്റികോക്ക് പ്രതീക്ഷക്ക് വകയുള്ളൂ. ആദ്യ മത്സരത്തിൽ റോമയാണ് എതിരാളികൾ. ചെൽസി ക്വറബാഗിനെ നേരിടും.
വീണ്ടും ബാഴ്സ x യുവെ
ഗ്രൂപ് ഡിയിൽ കരുത്തരുടെ അങ്കത്തിൽ യോഗ്യത ഏറക്കുറെ ഉറപ്പാക്കിയ ബാഴ്സലോണ യുവൻറസിനെ നേരിടും. നാലാം മത്സരദിനത്തിൽ യുവൻറസിനെ തകർത്ത ബാഴ്സലോണക്കുതന്നെയാണ് മുൻതൂക്കം. ബാഴ്സക്ക് പത്തും യുവെക്ക് ഏഴും പോയൻറാണുള്ളത്. നാലു പോയൻറുള്ള സ്പോർട്ടിങ് ഒരു പോയൻറുള്ള ഒളിമ്പിയാക്കോസിനെ നേരിടും.
യുവൻറസ് തോൽക്കുകയും തങ്ങളുടെ മത്സരം ജയിക്കുകയും ചെയ്താൽ സ്പോർട്ടിങ്ങിന് നോക്കൗട്ട് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.