ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ സെമിയിൽ ഇന്ന് ലിവർപൂൾ x എ.എസ് റോമ
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നും നാളെയും സെമിഫൈനൽ പോരാട്ടം. ലണ്ടനിലെ ആൻഫീൽഡിൽ ചൊവ്വാഴ്ച രാത്രി ലിവർപൂൾ എ.എസ്. റോമയെ നേരിടുേമ്പാൾ, ബുധനാഴ്ച മ്യൂണികിൽ ബയേൺ മ്യൂണികും റയൽ മഡ്രിഡും മുഖാമുഖം.
കപ്പടിക്കാൻ ഉറപ്പിച്ചെത്തിയ ബാഴ്സലോണെയ ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ അട്ടിമറിയിൽ തകർത്താണ് റോമയുടെ വരവ്. ആദ്യ പാദത്തിൽ 4-1ന് തോറ്റ റോമക്കാർ, രണ്ടാം പാദത്തിൽ 0-3ന് തിരിച്ചടിച്ച് എവേ ഗോളിെൻറ മുൻതൂക്കവുമായാണ് സെമിയിൽ കടന്നത്. ലിവർപൂൾ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 5-1ന് തരിപ്പണമാക്കിയാണ് യൂറോപ്യൻ പോരിെൻറ ഫൈനലിൽ ഇടംപിടിച്ചത്.
മുഹമ്മദ് സലാഹ്-ഫെർമീന്യോ-മാനെ ത്രിമൂർത്തികളുമായാണ് ലിവർപൂളിെൻറ ആക്രമണം. എന്നാൽ, ബാഴ്സയെ നേരിട്ട തന്ത്രങ്ങളുമായെത്തുന്ന റോമയെ കരുതിയിരിക്കണം. ഡി റോസ്സി, സെക്കോ, കൊളറോവ് എന്നിവർ ഇറ്റലിയുടെ ആത്മവിശ്വാസം വർധിപ്പിക്കും.
ബർതോലോമിക്കായി റോമക്ക് കണക്കു തീർക്കണം
റോമയും ലിവർപൂളും വീണ്ടുമൊരു യൂറോപ്യൻ പോരാട്ടത്തിനിറങ്ങുേമ്പാൾ ഇറ്റലിക്കാരുടെ ഒാർമകളിൽ ചോരപടരും. ദേശീയ ടീമിെൻറ കുപ്പായമണിഞ്ഞില്ലെങ്കിലും അസൂറികളുടെ ഏറ്റവും മികച്ച ഫുട്ബാളർമാരിലൊരാളായി എണ്ണപ്പെട്ട അഗസ്റ്റിനോ ഡി ബർതോലോമിയെന്ന നായകെൻറ ചിതറിപ്പോയ സ്വപ്നങ്ങൾ. 1984ലായിരുന്നു റോമക്കാർ ആദ്യമായും അവസാനമായും യൂറോപ്യൻ കപ്പിെൻറ ഫൈനൽ കളിച്ചത്. റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ കിരീടപ്പോരാട്ടത്തിൽ എതിരാളികൾ ലിവർപൂൾ. റോമയെ നയിച്ചത് ഡി ബർതോലോമിയെന്ന സെൻട്രൽ മിഡ്ഫീൽഡറും.
പന്തുരുണ്ടു തുടങ്ങി. ഫുൾടൈമിൽ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പം. അധികസമയത്തും ഫലം മാറിയില്ല. ഒടുവിൽ യൂറോപ്യൻ കപ്പ് ഫൈനലിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ട്. ബർതോലോമിയും റിഗെട്ടിയും ഗോളാക്കിയെങ്കിലും മറ്റു രണ്ട് ഷോട്ടുകൾ പാഴായി. 4-2ന് ലിവർപൂൾ കിരീടമണിഞ്ഞു. അങ്ങനെ റോമയുടെ യൂറോപ്യൻ സ്വപ്നം കൈയെത്തും അകലെ വീണുടഞ്ഞു.
പിന്നീടാണ് കഥയുടെ വഴിത്തിരിവ്. 12 വർഷം റോമയുടെ ജീവനായ ബർതോലോമി തഴയപ്പെട്ടു. പുതിയ കോച്ചായെത്തിയ എറിക്സെൻറ ഗുഡ്ലിസ്റ്റിൽനിന്ന് പുറത്തായതോടെ ക്ലബ് വിടാനുള്ള ആലോചനകൾ സജീവമായി. ഒടുവിൽ ബാല്യവും കൗമാരവും യുവത്വവും സമർപ്പിച്ച റോമയോട് കണ്ണീരണിഞ്ഞ് വിടവാങ്ങി. പിന്നെ മൂന്നു സീസൺ എ.സി മിലാനിൽ. ശേഷം താഴ്ന്ന ഡിവിഷൻ ക്ലബുകളായ സെസെനയിലും സലെർനിറ്റാനയിലും കളിച്ച് 1990ൽ അസൂറി ആരാധകർ ഏറെ മോഹിച്ച കരിയറിന് 35ാം വയസ്സിൽ ഫുൾസ്റ്റോപ്പിട്ടു. അപ്പോഴും റോമ തന്നെ തഴഞ്ഞതിെൻറ നിരാശകൾ അദ്ദേഹം അഭിമുഖങ്ങളിൽ പങ്കുവെച്ചു.
ഒരു സീരി ‘എ’ കിരീടവും, മൂന്ന് ഇറ്റാലിയൻ കപ്പും റോമയുടെ കുപ്പായത്തിൽ നേടിയിട്ടും നഷ്ടപ്പെട്ട യൂറോപ്യൻ കപ്പ് ഒാർമകളിലായിരുന്നു അദ്ദേഹം. നഷ്ടസ്വപ്നം കാൽപന്തുപ്രതിഭയെ വിഷാദരോഗിയാക്കി. ഫുട്ബാൾ മൈതാനത്തിെൻറ കൺവെട്ടത്തുനിന്നും അദ്ദേഹം മാറിനടന്നു. ഒടുവിൽ പരാജയപ്പെട്ടവൻ എന്ന് സ്വയം വിധിച്ച് ബർതോലോമി തെൻറ ജീവിതത്തിന് ലോങ് വിസിൽ വിളിച്ചു. അതിന് തെരഞ്ഞെടുത്ത ദിവസം യൂറോപ്യൻ കപ്പ് ഫൈനലിലെ തോൽവിയുടെ പത്താം വാർഷികം. 1994 മേയ് 30ന് സാൻമാർകോയിലെ താമസസ്ഥലത്തുവെച്ച് തലക്കുനേരെ ചൂണ്ടിയ ഒരു ബുള്ളറ്റിൽ ആ ജീവിതം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.