ചാമ്പ്യൻസ് ലീഗ്: മെസ്സിയുമായി ബാഴ്സലോണ ഇൻററിൽ
text_fieldsലണ്ടൻ: പാതിദൂരം പിന്നിട്ട യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ഇനി അതിജീവനത്തിെൻറ അങ്കം. ഇനിയുള്ള രണ്ടു ദിനങ്ങളിൽ എട്ട് ഗ്രൂപ്പുകളിൽനിന്നുള്ള 32 ടീമുകളും കളത്തിലിറങ്ങും. ആകെ ടീമുകളിൽ ‘എ’യിൽനിന്നുള്ള ബൊറൂസിയ ഡോർട്മുണ്ടും ‘ബി’യിലെ ബാഴ്സലോണയും ‘എച്ചി’െല യുവൻറസും മാത്രമാണ് മൂന്നിൽ മൂന്നും ജയിച്ച് നോക്കൗട്ട് ഏതാണ്ട് ഉറപ്പാക്കിയത്. ഒരു കളികൂടി ജയിച്ചാൽ ഇവർക്ക് പ്രീക്വാർട്ടർ അന്തിമമാക്കാം.ഇന്ന് ബാഴ്സലോണ ഇൻറർ മിലാനെയും പി.എസ്.ജി നാപോളിയെയും ലിവർപൂൾ ബെൽഗ്രേഡിനെയും നേരിടും.
ഇൻറർ x ബാഴ്സ
പരിക്കേറ്റ മെസ്സിയെ ടീമിൽ ഉൾപ്പെടുത്തി സാൻസിറോയിലേക്ക് പറന്ന ബാഴ്സലോണയാണ് വാർത്തകളിൽ. ഇന്ന് കളിക്കാനാവില്ലെങ്കിലും ടീമിനൊപ്പം ചേർന്ന മെസ്സിയുടെ ഫിറ്റ്നസ് സംബന്ധിച്ച നല്ല സൂചനയാണിത്. കൈമുട്ടിലെ പരിക്കിൽനിന്ന് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മെസ്സിയുടെ തിരിച്ചുവരവ്. മെസ്സിയില്ലാതെ തന്നെ വിജയം തുടരുന്ന ബാഴ്സ നിരയിലേക്ക് സൂപ്പർതാരത്തെ തിരക്കിട്ട് എത്തിക്കേണ്ടെന്ന ആശ്വാസവും കോച്ച് ഏണസ്റ്റോ വാൽവെർദെക്കുണ്ട്. മൂന്നും ജയിച്ച ബാഴ്സക്ക് ഒരു ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാം. ഒക്ടോബർ 25ന് ഇൻററിനെ നൂകാംപിൽ നേരിട്ടപ്പോൾ 2-0ത്തിനായിരുന്നു കറ്റാലന്മാരുടെ ജയം.
ടോട്ടൻഹാമിനും പി.എസ്.ജിക്കും നിർണായകം
ഗ്രൂപ് ‘എ’യിലെ മോണകോക്കും ‘ബി’യിലെ ടോട്ടൻഹാമിനും ഇതുവരെ ഒരു ജയംപോലുമില്ല. രണ്ടു തോൽവിയും ഒരു സമനിലയുമായി ഒരു പോയൻറാണ് ഇരു ടീമുകളുടെയും സമ്പാദ്യം. ഇനിയുള്ള ഒാരോ മത്സരവും നിർണായകമാണ്. തങ്ങളേക്കാൾ പരിതാപകരമായ പി.എസ്.വിയാണ് ടോട്ടൻഹാമിെൻറ എതിരാളികൾ. കഴിഞ്ഞ കളിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-2ന് സമനില പാലിച്ചു.
ഇനി, ബാഴ്സ, ഇൻറർ തുടങ്ങിയവരെക്കൂടി വീഴ്ത്തിയാലേ ഇംഗ്ലീഷുകാർക്ക് സാധ്യതയുള്ളൂ. ‘സി’യിൽ മൂന്നിൽ ഒരു ജയവുമായി മൂന്നാമതുള്ള പി.എസ്.ജിക്ക് നാപോളിയാണ് ഇന്നത്തെ എതിരാളി. കഴിഞ്ഞ കളിയിലെ സമനിലപ്പൂട്ട് പൊളിച്ചാൽ മാത്രമേ കിരീടസ്വപ്നം കാണുന്ന ഫ്രഞ്ച് ചാമ്പ്യന്മാർക്ക് മുന്നേറാനാവൂ. ഗ്രൂപ് ‘എ’യിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ഡോർട്മുണ്ടും അത്ലറ്റികോ മഡ്രിഡും തമ്മിലാണ് അങ്കം. 10 ദിനം മുമ്പ് 4-0ത്തിന് തോറ്റ മഡ്രിഡുകാർക്ക് കണക്കുതീർത്ത് തിരിച്ചുവരാനുള്ള അവസാന അവസരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.