ചാമ്പ്യൻസ് ലീഗ്; ടോട്ടൻഹാമിനെ തകർത്ത് ലീപ്സിഷ് ക്വാർട്ടറിൽ
text_fieldsലണ്ടൻ: മൗറിസിയോ പൊഷെറ്റിനോയെ മാറ്റി ഹോസെ മൗറീന്യോ എത്തിയിട്ടും ടോട്ടൻഹാം രക്ഷപ ്പെട്ടില്ല. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ റണ്ണേഴ്സ്അപ്പായ ടോട്ടൻഹാം ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത്. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ജർമൻ ക്ലബ് ലീപ്സിഷിനോട് പൊട്ടിയാണ് (3-0) ടോട്ടൻഹാം നാണംകെട്ടത്. ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ച ലീപ്സിഷ് ഇരുപാദങ്ങളിലുമായി 4-0ത്തിെൻറ മാർജിൻ നിലനിർത്തിയപ്പോൾ, ഒരു തവണപോലും എതിർവല കുലുക്കാനാവാതെ ടോട്ടൻഹാം നാണംകെട്ടു.
മറ്റൊരു പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബ് അത്ലാൻറ വലൻസിയയെ വീഴ്ത്തി ക്വാർട്ടർ ഫൈനൽ ബർത്തുറപ്പിച്ചു. ആദ്യ പാദത്തിൽ 4-1ന് ജയിച്ച അത്ലാൻറ, എതിരാളിയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 4-3ന് ജയിച്ചു. അഗ്രിഗേറ്റിൽ 8-4െൻറ തകർപ്പൻ വിജയം.
കെയ്നും സണ്ണുമില്ലാതെ എന്തു ടോട്ടനം
ഹാരി കെയ്നും ഹ്യുങ് മിൻ സണ്ണും സ്റ്റീവൻ ബെർഗിനുമില്ലാത്ത ടോട്ടൻഹാം ബിഗ് സീറോ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു ലീപ്സിഷിലെ റെഡ്ബുൾ സ്റ്റേഡിയം. മുനയൊടിഞ്ഞ ആയുധം കൈയിലേന്തിയ പടയാളിയെപ്പോലെയായി കോച്ച് മൗറീന്യോ. കളിയുടെ പത്താം മിനിറ്റിൽ മാഴ്സൽ സബിറ്റ്സറിെൻറ ഗോളിലൂടെ ലീപ്സിഷ് കുതിപ്പ് തുടങ്ങിയതോടെ ടോട്ടൻഹാമിന് ആത്മവിശ്വാസം നഷ്ടമായി. 21ാം മിനിറ്റിലും മാഴ്സൽ സ്കോർ ചെയ്തു. 87ാം മിനിറ്റിൽ എമിൽ ഫോസ്ബർഗ് മൂന്നാം ഗോളും നേടി വിജയം ഉറപ്പാക്കി. ടീം മാനസികമായി തളർന്നുപോയതായി സ്ട്രൈക്കർ ഡിലെ അലി പറഞ്ഞു. ‘‘ഓരോ നീക്കത്തിലും ഞങ്ങൾ രണ്ടാമതായി പോയി. ഗോൾ വഴങ്ങിയതോടെ മാനസികമായും പിന്നിലായി. പോരാട്ടവീര്യം മറന്നതിനുള്ള ശിക്ഷയാണ് ഈ വൻ തോൽവി’’ -പരാജയകാരണം അലി വ്യക്തമാക്കുന്നു. ഗോളി ഹ്യൂഗോ ലോറിസിനെ നിസ്സഹായനാക്കിയാണ് ലീപ്സിഷ് രണ്ടു ഗോളും നേടിയത്.
അവസാന ആറു മത്സരങ്ങളിൽ അഞ്ചിലും തോറ്റ ടോട്ടൻഹാം സമീപകാലത്തെ ഏറ്റവും ദയനീയാവസ്ഥയിലാണിപ്പോൾ. പ്രധാന താരങ്ങളുടെ പരിക്കേൽപിച്ച ആഘാതം നികത്താൻപോന്ന ബെഞ്ചില്ലെന്നതുതന്നെ പ്രധാന പ്രശ്നം. മൗറീന്യോയുടെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ പരാജയങ്ങൾകൂടിയാണിത്.
വലൻസിയയിൽ ഗോൾ ആരവം
ആരവങ്ങൾക്ക് ആളില്ലായിരുന്നെങ്കിലും ഗോൾ ആരവം നിലച്ചില്ല. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ വലൻസിയയെ അവരുടെ മണ്ണിൽ വീഴ്ത്തി ഇറ്റലിക്കാരായ അത്ലാൻറ ക്വാർട്ടറിലെത്തി. ആദ്യ പകുതിയിൽ 4-1ന് തോറ്റ വലൻസിയ ഇക്കുറി മൂന്നെണ്ണം അടിച്ചത് മാത്രം ആശ്വാസം. സ്ലൊവേനിയൻ താരം ജോസിപ് ഇലിസിച്ചായിരുന്നു അത്ലാൻറയുടെ നാലു ഗോളും നേടിയത്. വലൻസിയക്കായി കെവിൻ ഗമീരോ രണ്ടും ഫെറാൻ ടോറസ് ഒരു ഗോളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.