Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 2:20 PM IST Updated On
date_range 29 May 2018 2:20 PM ISTഹൃദയംകൊണ്ട് പന്തുകളിക്കുന്നവർ
text_fieldsbookmark_border
കൊളംബിയ
ഫിഫ റാങ്കിങ് 16 : ലോകകപ്പ്
പങ്കാളിത്തം: 6-ാം തവണ
കോച്ച്: ഹോസെ പെക്കർമാൻ
കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനെ തോൽപിച്ചത് കൊളംബിയ ആണെന്നാണ് നല്ലൊരുപങ്ക് ബ്രസീൽ ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്. ക്വാർട്ടർ ഫൈനലിെൻറ 88ാം മിനിറ്റിൽ പന്തുമായി കൊളംബിയൻ പ്രതിരോധനിര കടന്നുകയറിയ നെയ്മറെ മത്സരം നിയന്ത്രിച്ചിരുന്ന കാർലോസ് വലിസ്കോക്ക് മുന്നിലിട്ട് സുനിഗ ചവിട്ടി നിലത്തിട്ടു. 2-1ന് ബ്രസീൽ ജയിെച്ചങ്കിലും ലോക ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ ആശങ്കയായി നെയ്മറുടെ ആ പരിക്ക്. പിന്നീട് ഒരിക്കലും കളിക്കളത്തിലേക്കു മടങ്ങിവരാൻ കഴിയില്ലെന്നും ചക്രക്കസേര തന്നെ ആശ്രയം എന്നും വാർത്ത വന്നു. നെയ്മർ വീണ ഷോക്കിൽനിന്ന് സെലസാവോകൾ ഉണർന്നിെല്ലന്നു മാത്രമല്ല ‘നെയ്മർ മൈനസ് ബ്രസീൽ സമം 1-7’ എന്നൊരു സമവാക്യവും പിറന്നു. ജർമനിയോടേറ്റ വൻ തോൽവിയോടെ അവർ പുറത്തായി.
അങ്ങേയറ്റം വൈകാരികമായി പന്തുകളിയെ സമീപിക്കുന്നവരാണ് കൊളംബിയക്കാർ. കളിക്കളത്തിനകത്തും പുറത്തും അത് തന്നെയാണവരുടെ സമീപനം. 1994 ലോകകപ്പിൽ ആതിഥേയരായ അമേരിക്കക്ക് എതിരായ മത്സരത്തിൽ 2-1ന് കൊളംബിയ പരാജയപ്പെട്ടു. അമേരിക്കയുടെ വിജയഗോൾ പിറന്നത് ജൻറിൽമാൻ എന്ന വിശേഷണമുണ്ടായിരുന്ന കളിക്കളത്തിലെ ഏറ്റവും മാന്യനായ ഡിഫൻഡർ കൊളംബിയക്കാരുടെ ആന്ദ്രേ സ്കോബാറിെൻറ ബൂട്ടിൽ നിന്നായിപ്പോയി. അതോടെ ടീം പുറത്തായി. തിരിച്ചെത്തിയ എസ്കോബാറിനെ ഒരു റസ്റ്റാറൻറിനു മുന്നിൽെവച്ച് ബൈക്കിലെത്തിയ മൂവർസംഗം 12 വെടിയുണ്ടകൊണ്ട് മരണം വിധിച്ചു. അതിലൊരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു ‘താങ്ക്സ് ഫോർ ദ ഒാൺ ഗോൾ’.
കളിക്കളത്തിൽ വൈകാരികമായി പന്തുകളിച്ചിരുന്ന രണ്ടു അതുല്യ ജീനിയസുകളും അവർക്കുണ്ടായിരുന്നു. വിചിത്രമായ ഹെയർ സ്റ്റൈയിൽ കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച കാർലോസ് വാൽഡറമയും അതുപോലെ മുടിനീട്ടിയ ഗോൾപോസ്റ്റിലെ വിസ്മയം റെനേ ഹിഗ്വിറ്റയും. ‘എൽ ലൂക്കോ’ (മുഴു വട്ടൻ) എന്ന് വിളിപ്പേരുള്ള ഹിഗ്വിറ്റയുടെ അതിസാഹസിക സേവുകളും അതുവരെ കണ്ടിട്ടില്ലാത്തവിധം റിവേഴ്സ് ഫ്ലിപ് നടത്തി കാലുകൊണ്ട് പന്ത് തടുക്കുന്ന രീതിയും ശ്വാസം അടക്കിയായിരുന്നു ആ തലമുറ ആസ്വദിച്ചിരുന്നത്. പിൽക്കാലത്ത് ആ അത്ഭുത പ്രകടനം സ്കോർപിയോൻ കിക് എന്ന് ഫുട്ബാൾ പുസ്തകങ്ങളിൽ സ്ഥാനംപിടിച്ചു.
ഇത്തവണ പതിവുപോലെ ബ്രസീലും അർജൻറീനയും അടങ്ങുന്ന സൂപ്പർ ടീമുകളുടെ ഗ്രൂപ്പിൽനിന്ന് നാലാം സ്ഥാനക്കാരായി കടന്നുവരാൻ പെറുവിനെതിരായ മത്സരത്തിെൻറ അവസാനനിമിഷം വരെ കാത്തിരിക്കേണ്ടിവന്നു. ഒരു സമനില മതിയായിരുന്നു അവർക്കു നാലാംസ്ഥാനം ഉറപ്പിക്കാൻ. കളി തുടങ്ങിയപ്പോഴേ ഹാമിഷ് റോഡ്രിഗസിെൻറ ഗോളിൽ അവർ മുന്നിൽ എത്തിയിരുന്നു. എന്നാൽ, പെറു സമനില നേടി. എങ്കിലും ‘ല കഫാറ്ററോസ്’ യോഗ്യത നേടി.
കഴിഞ്ഞ ലോകകപ്പിലെ സ്വർണ ബൂട്ടുകാരൻ ഹാമിഷ് തന്നെയാണ് റഷ്യയിലും തുണ. ഒപ്പം മുന്നേറ്റനിരയിൽ റെഡ്മൽ ഫാൽക്കാവോ, യുവൻറസിെൻറ ഹുവാൻ ക്വാഡ്രാഡോ, ഫിയോറെൻറിനയുടെ കാർലോസ് സാഞ്ചസ്, എഡ്വിൻ കാർഡോസോ എന്നിവർ മധ്യനിരയിൽ ഉണ്ടാകും.ബാഴ്സയുടെ യാരി മീന ഗോൺസാലസും ടോട്ടൻഹാമിെൻറ ഡേവിസൺ സാഞ്ചസും അടങ്ങുന്ന ശക്തമായ പ്രതിരോധനിരയും അവർക്കുണ്ട്. ഡേവിഡ് ഒസ്പീനയും ലിയാൻഡ്രോ കസ്റ്റലാനോയും ഹോസെ ഗ്വാഡർഡാഡോയും അടങ്ങുന്ന ഗോളിമാരും ടീമിെൻറ കരുത്താണ്. ഏറ്റവും ആകർഷകമായ കളിയുെട ഉടമകൾ എന്നും ലോകകപ്പിലെ അട്ടിമറി ശക്തിയാണ്.
റഷ്യയിൽ ഗ്രൂപ് ‘എച്ചിൽ’ പോളണ്ട്, സെനഗൽ, ജപ്പാൻ എന്നിവരാണ് എതിരാളി. പോളണ്ടിനെതിരെ അഞ്ചു കളിയിൽ രണ്ടു പരാജയവും മൂന്നു വിജയങ്ങളും. സെനഗലുമായി ഒറ്റത്തവണ കളിച്ചപ്പോൾ അത് സമനിലയായി. കഴിഞ്ഞ ലോകകപ്പിലടക്കം ജപ്പാനോട് മൂന്നുതവണ കളിച്ചപ്പോൾ രണ്ടു വിജയവും ഒരു സമനിലയുമാണ് റെക്കോഡ്.
പ്രവചനം: പോളണ്ടിനൊപ്പം കൊളംബിയയെ പന്തയക്കാരും പ്രവചനക്കാരും അടുത്ത റൗണ്ടിൽ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story