‘ബ്ലാക്ക് ഫ്രൈഡേ’ തലക്കെട്ട്; ഇറ്റാലിയൻ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം
text_fieldsറോം: ഇറ്റാലിയൻ ദിനപത്രം ഫുട്ബാൾ മത്സര റിപ്പോർട്ടിന് നൽകിയ തലക്കെട്ട് വിവാദത്തിൽ. ‘ബ്ലാക്ക് ഫ്രൈഡേ’ എന്നാണ് റോമയുമായുള്ള ഇന്‍റർമിലാന്‍റെ കളിയെക്കുറിച്ചുള്ള റിപ്പോർട്ടിന് ഇറ്റാലിയൻ പത്രം നൽകിയ തലക്കെട്ട്. കൂടെ റൊമേലു ലുകാകുവിന്റെയും ക്രിസ് സ്മാളിങ്ങിന്‍റെയും ചിത്രവും നൽകി. ഇറ്റാലിയൻ ദിനപത്രത്തിന്‍റെ ആദ്യ പേജിൽ തന്നെ വന്ന തലക്കെട്ടിനെതിരെ വംശീയ അധിക്ഷേപം ആരോപിച്ച് വ്യാപക വിമർശനമാണ് ഉയരുന്നത്.
തന്‍റെ കരിയറിൽ കണ്ട ഏറ്റവും മോശം തലക്കെട്ട് എന്ന് പ്രതികരിച്ച് ലുകാകു തന്നെ രംഗത്തെത്തി. രണ്ട് മികച്ച ക്ലബ്ബുകൾ തമ്മിൽ സാൻ സിറോയിൽ നടക്കാൻ പോകുന്ന മനോഹരമായ കളിയെക്കുറിച്ച് പറയുന്നതിന് പകരം നിങ്ങൾ വംശീയത ആളിക്കത്തിക്കുകയാണ്. വിദ്യാഭ്യാസം പ്രധാനമാണ് -ലുകാകു പറഞ്ഞു. ക്രിസ് സ്മാളിങ്ങും മറ്റു ഫുട്ബാൾ താരങ്ങളും ക്ലബ്ബുകളുമെല്ലാം പത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സെപ്റ്റംബറിൽ മത്സരത്തിനിടെ ലുകാകു വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു. ‘2019ൽ മുന്നോട്ടു പോകുന്നതിന് പകരം നമ്മൾ പിന്നോട്ടാണ് പോകുന്നത്’ എന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽനിന്നും ബെൽജിയത്തിലേക്ക് കുടിയേറിയ അഭയാർഥി കുടുംബത്തിൽനിന്നാണ് ലുക്കാക്കു ലോകതാരമായി വളർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.