റൊണാൾഡോയുടെ പട്ടികയിൽ റൊണാൾഡോയില്ല
text_fieldsമഡ്രിഡ്: ബ്രസീൽ ഫുട്ബാളിലെ ഇതിഹാസ താരങ്ങളിൽ മുൻനിരയിലുള്ള റൊണാൾഡോ നിലവിലെ ലോക ഫുട്ബാളർമാരുടെ പട്ടിക തയാറാക്കിയപ്പോൾ ആദ്യ അഞ്ചിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ല. ബ്രസീലിനെ രണ്ടുതവണ ലോക കിരീടത്തിൽ മുത്തമിടാൻ സഹായിച്ച, രണ്ടുതവണ ബാലൺ ഡി ഓർ ജേതാവുകൂടിയായ റൊണാൾഡോ നസരിയോയുടെ പട്ടികയിൽ നിലവിലെ ഏറ്റവും മികച്ച താരം ബാഴ്സലോണ നായകൻ ലയണൽ മെസ്സിയാണ്.
ഇപ്പോഴെന്നല്ല, എക്കാലത്തെയും മികച്ച ഫുട്ബാൾ താരമായി മെസ്സിയെ മുമ്പും അവതരിപ്പിച്ച റോണോ തെൻറ പഴയ വാക്കുകൾ ഒന്നുകൂടി ഉറപ്പിച്ചാണ് ഏറ്റവും മികച്ച താരമായി മെസ്സിയെ വീണ്ടും പ്രഖ്യാപിച്ചത്. ഇനിയും രണ്ടോ മൂന്നോ പതിറ്റാണ്ടു കാത്തിരുന്നാലേ മെസ്സിയെ പോലൊരാൾ വരൂ എന്ന് സ്പാനിഷ് സ്പോർട്സ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ അഭിപ്രായപ്പെട്ടു.
പട്ടികയിലെ മറ്റുള്ളവർ മുഹമ്മദ് സലാഹ്, എഡൻ ഹസാർഡ്, നെയ്മർ, കിലിയൻ എംബാപെ എന്നിവരാണ്. മാധ്യമങ്ങൾ പലപ്പോഴും തന്നോടുപമിക്കുന്ന എംബാപെ അതിവേഗംകൊണ്ട് എതിരാളികളെ പിന്നിലാക്കുന്നതിൽ മിടുക്കനാണെന്ന് റൊണാൾഡോ പറയുന്നു. അതേസമയം, ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ ലീഗ് ലാ ലിഗയാണെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. കാണികൾ കൂടുതൽ പ്രീമിയർ ലീഗിലാണെങ്കിലും താരബാഹുല്യംകൊണ്ട് ലാ ലിഗ മുന്നിലാണെന്നാണ് അദ്ദേഹത്തിെൻറ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.