12 മാസത്തിനിടെ 43 പോസ്റ്റ്; ക്രിസ്റ്റ്യാനോക്ക് ഇൻസ്റ്റഗ്രാം വരുമാനം 400 കോടി
text_fieldsലണ്ടൻ: ഇൻസ്റ്റാഗ്രാമിൽ 22.2 കോടി പേർ ഫോളോ ചെയ്യുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ലബ് നൽകുന്നതിനെക്കാൾ വരുമാനം സമൂഹ മാധ്യമത്തിൽനിന്ന്. കഴിഞ്ഞ 12 മാസത്തിനിടെ 43 ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താരത്തിന് വരുമാനം 400 കോടിയോളം. യുവൻറസ് വാർഷിക ശമ്പളമാകട്ടെ 250 കോടിയും.
എക്കാലത്തും സമൂഹ മാധ്യമങ്ങളിലെ രാജാവായ ക്രിസ്റ്റ്യാനോ മുൻ വർഷത്തെ അപേക്ഷിച്ച് ഇൻസ്റ്റാഗ്രാമിൽനിന്നു മാത്രം അധികമായി നേടിയത് 33 കോടിയിലേറെ രൂപ. സമൂഹ മാധ്യമ പോസ്റ്റുകളുടെ സ്പോൺസർമാരായ നൈക്, സി.ആർ7 പെർഫ്യൂം തുടങ്ങിയവ നൽകുന്ന തുകയുൾെപടെ ചേർത്താണ് റെക്കോഡ് വരുമാനം. മാർച്ച് രണ്ടാം വാരത്തിൽതുടങ്ങി മേയ് 14വരെയുള്ള കോവിഡ് ലോക്ഡൗൺ കാലത്തും ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയ താരം റൊണാൾഡോ തന്നെ.
പോർച്ചുഗലിൽ സ്വന്തം ജന്മനാടായ ദ്വീപായ മെദീരയിലെ അവധിക്കാല ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ നിരന്തരം നിറഞ്ഞുനിന്ന താരം ഈ കാലയളവിൽ മാത്രം 18 കോടിയോളം രൂപ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വഴി വാരിക്കൂട്ടി. 15 കോടി ആരാധകരുള്ള മെസ്സിയാണ് കഴിഞ്ഞ 12 മാസത്തിലെ വരുമാനത്തിൽ രണ്ടാമൻ- 238 കോടി.
സമൂഹ മാധ്യമ പോസ്റ്റുകൾക്ക് അഡിഡാസാണ് മെസ്സിയുടെ സ്പോൺസർ. ഇന്ത്യയിൽനിന്ന് ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യ അഞ്ചിലുണ്ട്. എട്ടാമതുള്ള നെയ്മറും 10ാമതുള്ള സ്ലാറ്റൻ ഇബ്രാഹീമോവിച്ചും ആദ്യ 10ലുണ്ട്. എന്നേ കളി നിർത്തിയ റൊണാൾഡീഞ്ഞാ സമൂഹ മാധ്യമ വരുമാനത്തിൽ 14ാം സ്ഥാനത്താണ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.