റൊണാൾഡോ യുവൻറസിൽ; കൈമാറ്റത്തുക 105 മില്യൺ യൂറോ
text_fieldsമഡ്രിഡ്: അഭ്യൂഹങ്ങൾക്ക് വിരാമം. ഒമ്പതു വർഷം സാൻറിയാഗോ ബെർണബ്യൂവിൽ പന്തുകൊണ്ട് വിസ്മയം കാട്ടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ടു. നേരത്തേ പുറത്തുവന്ന സൂചനപോലെ സൂപ്പർ താരത്തെ യുവൻറസിന് കൈമാറുകയാണെന്ന് റയൽ മഡ്രിഡ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 105 മില്യൺ യൂറോക്കാണ് (ഏകദേശം 845 കോടി രൂപ) കൂടുമാറ്റമെന്നാണ് റിപ്പോർട്ട്. 30 മില്യൺ യൂറോ (241 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലം. നാലു വർഷത്തേക്കാണ് കരാർ.
‘‘ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനുള്ള താൽപര്യം അറിയിച്ചിരുന്നു. റയൽ മഡ്രിഡ് ഇത് അംഗീകരിച്ചു. യുവൻറസുമായുണ്ടാക്കിയ കരാറിൽ താരത്തെ കൈമാറുകയാണ്’’ -റയൽ മഡ്രിഡ് ഒൗദ്യോഗിക കുറിപ്പിൽ അറിയിച്ചു. ലോകകപ്പിനു മുമ്പുതന്നെ പോർചുഗീസ് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതിയ കരാർ ഉണ്ടാക്കുന്നതിൽ ക്ലബ് പ്രസിഡൻറ് ഫ്ലോറൻറിനോ പെരസുമായുള്ള ഉടക്കിനു പിന്നാലെയാണ് മടക്കമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗ്രീസിൽ വെച്ച് റൊണാൾഡോയുമായി ചർച്ച നടത്തി തീരുമാനത്തിലെത്തിയതായി യുവൻറസ് പ്രസിഡൻറ് ആന്ദ്രിയ ആഗ്നല്ലിയും അറിയിച്ചു.
കൂടുമാറുന്ന കാര്യം ക്രിസ്റ്റ്യാനോയും ഒൗദ്യോഗികമായി അറിയിച്ചു. തെൻറ ജീവിതത്തിലെ ഏറ്റവും സന്തുഷ്ട ദിനങ്ങളാണ് സാൻറിയാഗോ ബെർണബ്യൂവിൽ കടന്നുപോയതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ‘‘ഇൗ ക്ലബിനോട് എെൻറ ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുന്നു, ഒപ്പം റയലിനെ ജീവനുതുല്യം സ്നേഹിക്കുന്ന എല്ലാം ഫാൻസുകൾക്കും. ഞാൻ നേടിയെടുത്ത നേട്ടങ്ങളെല്ലാം നിങ്ങളുടെ പ്രോത്സാഹനം കൊണ്ടായിരുന്നു. ജീവിതത്തിൽ സുന്ദര മുഹൂർത്തങ്ങളായിരുന്നു മഡ്രിഡിൽ’’ -ക്രിസ്റ്റ്യാനോ പറഞ്ഞു.
438 കളികളിൽ 450 ഗോളുകളുമായി റയൽ മഡ്രിഡിെൻറ എക്കാലത്തെയും ടോപ് സ്കോററായ ക്രിസ്റ്റ്യാനോ, ക്ലബിനൊപ്പം നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും റയൽ താരമായിരിക്കെ നാല് ബാലൺ ഡിഒാർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.