40 വയസ്സ് വരെ ഞാൻ കളിക്കും; മെസ്സി എൻെറ ശത്രുവല്ല
text_fieldsടൂറിൻ: ഇരുന്നൂറോളം മാധ്യമപ്രവർത്തകരായിരുന്നു ഫുട്ബാൾ ലോകത്തെ താരരാജാവ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ വാർത്തസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയത്. യുവൻറസ് ചരിത്രത്തിലെ റെക്കോഡ് തുകയിൽ സീരി ‘എ’യിലേക്കെത്തിയ ഇതിഹാസത്തിെൻറ വാക്കുകൾ ഇറ്റലിയിലെ ഒാരോ തെരുവുകളിലെയും ഫുട്ബാൾ ആരാധകർ ചെവികൂർപ്പിച്ച് കേട്ടു. ഇതുവരെ അഭ്യൂഹങ്ങൾ മാത്രമായിരുന്ന ആ ട്രാൻസ്ഫർ വാർത്ത ഒടുവിൽ യാഥാർഥ്യമായപ്പോൾ യുവൻറസിെൻറ പുൽമൈതാനിയിൽ താരം പന്തുതട്ടുന്നതും കാത്തിരിക്കുകയാണ് ആരാധകർ.
വൈദ്യപരിശോധന പൂർത്തിയാക്കി തിങ്കളാഴ്ച വൈകീേട്ടാടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിെൻറ തട്ടകമായ അലയൻസ് അറീനയിൽ കുടുംബസമേതം എത്തുന്നത്. യുവൻറസിെൻറ സ്പോർട്ടിങ് ഡയറക്ടർ ഫാബിയോ പരാറ്റ്സിയാണ് താരത്തെ നയിച്ചത്. റയൽ മഡ്രിഡിൽനിന്ന് യുവൻറസിലേക്ക് ക്രിസ്റ്റ്യാനോയെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. ക്ലബിെൻറ ഒഫീഷ്യലുകളും ടീം ക്യാപ്റ്റൻ ജോർജിയോ ചെല്ലിനിയും ചേർന്ന് ക്രിസ്റ്റ്യാനോയെ സ്വീകരിച്ചു.
ഞാനിപ്പോഴും ചെറുപ്പം
കാത്തിരുന്ന മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിനു മുേമ്പ താരം പറഞ്ഞുതുടങ്ങി. ‘‘ഇൗ പ്രായത്തിൽ കളിക്കാർ ചൈനയിലേക്കോ ഖത്തറിലേക്കോ കുടിയേറുകയാണ് പതിവ്. എന്നാൽ, 33ാം വയസ്സിലും യുവൻറസ് പോലുള്ള വമ്പൻ ക്ലബിലേക്ക് മാറാൻ സാധിച്ചത് വലിയ കാര്യമാണ്. മറ്റു താരങ്ങളിൽനിന്ന് എന്നെ വ്യത്യസ്തനാക്കുന്നതും അതുതന്നെയാണ്. ഇൗ പ്രായമാവുേമ്പാഴേക്കും പലരും വിരമിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കാറുള്ളത്. ഫുട്ബാൾ ഇനിയും ഏറെക്കാലം വഴങ്ങുമെന്ന് എനിക്ക് തെളിയിക്കണം.’’
40 വരെ ഞാനുണ്ടാവും
ഉടനെ മാധ്യമ പ്രവർത്തകരിൽനിന്ന് ചോദ്യമെത്തി. ‘‘ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാളറാണ് താങ്കൾ. ഇൗ ഫോമിൽ എത്രവരെ മൈതാനത്തുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്?’’ വാരകൾക്കകലെയുള്ള ഫ്രീകിക്കുകൾ ബുള്ളറ്റ് ഷോട്ടിൽ അടിച്ചുകയറ്റുന്നതുപോലെ ക്രിസ്റ്റ്യാനോ ഒറ്റശ്വാസത്തിൽ പറഞ്ഞു, ‘‘40 വയസ്സുവരെ. അതുവരെ എനിക്കത് സാധ്യമാവുമെന്നാണ് കരുതുന്നത്. അതിനു വേണ്ടതെല്ലാം ഞാൻ ചെയ്യുന്നുണ്ട്.’’
എല്ലാ കിരീടങ്ങളും നേടും
കരിയറിൽ അഞ്ചു ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ താരത്തോട് യുവൻറസിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുമോയെന്ന ചോദ്യമെത്തി. ‘‘എന്തിനാണ് എല്ലാ ക്ലബുകളും ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നമായി കൊണ്ടുനടക്കുന്നതെന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ കിരീടങ്ങളും പ്രധാനപ്പെട്ടതാണ്. ചാമ്പ്യൻസ് ലീഗും സീരി ‘എ’യും മറ്റു കിരീടങ്ങളും എല്ലാം യുവൻറസ് നേടുമെന്നു തന്നെയാണ് വിശ്വാസം.
ഒാഫർ യുവൻറസിൽനിന്നു മാത്രം
ലോകകപ്പ് ഫുട്ബാൾ കൊടുമ്പിരികൊള്ളുേമ്പാൾ തന്നെ താരത്തിെൻറ കൂടുമാറ്റ ചർച്ചകളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ സജീവമായിരുന്നു. യുവൻറസിനു പുറമെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡും പി.എസ്.ജിയും ക്രിസ്റ്റ്യാേനാക്ക് പിന്നാലെയെന്നായിരുന്നു പല വാർത്തകളും. എന്നാൽ, ഇക്കാര്യം താരം നിഷേധിച്ചു. യുവൻറസിെൻറ ഒാഫർ മാത്രമായിരുന്നു തനിക്ക് ലഭിച്ചതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.
മെസ്സിയുമായി വൈരമില്ല
പതിവുപോലെ ആ ചോദ്യവുമെത്തി. ഒമ്പതു വർഷം ലോകം സ്പാനിഷ് ലീഗിലേക്ക് ഉറ്റുനോക്കിയിരുന്നെങ്കിൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും തമ്മിലുള്ള പോരാട്ടം കാണാനായിരുന്നു. ക്രിസ്റ്റ്യാനോ-മെസ്സി യുഗത്തിന് അവസാനമായതോടെ, മാധ്യമപ്രവർത്തകർ ആ ചോദ്യം ഉയർത്തി. ചിരിച്ചുകൊണ്ടായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി. ‘‘ഞാനൊരിക്കലും ആരെയും ശത്രുവായി കണ്ടിട്ടില്ല. എതിർ ടീമിലെ ഒരുതാരത്തെയും. എന്നാൽ, അദ്ദേഹം ശരിക്കും എനിക്കൊരു വെല്ലുവിളിയായിരുന്നു. അദ്ദേഹത്തോടൊപ്പം എല്ലാ കാര്യത്തിലും മത്സരിക്കൽ എനിക്ക് ഉത്സാഹം നൽകുന്ന കാര്യമാണ്. അത് തികച്ചും സ്പോർട്സ്മാൻ സ്പിരിറ്റിലാണ്. വൈരത്തോടെയല്ല. അദ്ദേഹം നിങ്ങളുടെ ടീമിലെത്തിയിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ’’ -ക്രിസ്റ്റ്യാനോ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.