ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാർഡ്: ‘വാർ’ നടപ്പാക്കാനുള്ള ആവശ്യം പരിഗണിച്ച് യുവേഫ
text_fieldsമഡ്രിഡ്: ഫിഫ ലോകകപ്പിൽ വിജയകരമായി നടപ്പാക്കിയ വിഡിയോ അസിസ്റ്റൻറ് റഫറിയിങ്ങിനെ (വാർ) ചാമ്പ്യൻസ് ലീഗിന് പടിക്കുപുറത്ത് നിർത്തുന്നത് എന്തിന്? പരീക്ഷണാടിസ്ഥാനത്തിൽ ജർമനിയിലും ഇറ്റലിയിലും ഇംഗ്ലീഷ് എഫ്.എ കപ്പിലും നടപ്പാക്കി, പിന്നാലെ ലോകകപ്പിലും ഗംഭീരമായി മാറിയ ‘വാറി’നെ ഉൾകൊള്ളാനുള്ള പക്വത യൂറോപ്യൻ ഫുട്ബാളിന് ഉണ്ടായിട്ടില്ലേ. ചാമ്പ്യൻസ് ലീഗിന് കിക്കോഫ് കുറിക്കുംമുേമ്പ ഉയർന്ന വിവാദങ്ങൾക്ക് എരിവും പുളിയും പകരുകയാണ് യുവൻറസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരായ റഫറിയുടെ ചുവപ്പുകാർഡ് വിളി. വലൻസിയക്കെതിരായ മത്സരത്തിനിടയിലെ നിസ്സാരമായൊരു ഫൗളിന് നേരിട്ട് മാർച്ചിങ് ഒാർഡർ നൽകിയത് കാൽപന്ത് ലോകത്ത് വിവാദമായി മാറി. മത്സരം നിയന്ത്രിച്ച ജർമൻ റഫറി ഫെലിക്സ് ബ്രിഷ് രംഗം കണ്ടിരുന്നില്ല. എന്നാൽ, ലൈൻ റഫറിയുമായി ചർച്ചചെയ്ത ശേഷം അദ്ദേഹം നേരിട്ട് ചുവപ്പുകാർഡ് ഉയർത്തുകയായിരുന്നു.
15 വർഷത്തെ ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻസ് ലീഗ് കരിയറിലെ ആദ്യ ചുവപ്പുകാർഡായി ഇത് മാറിയതോടെ ‘വാറി’നായുള്ള മുറവിളിയും ശക്തമായി. റഫറിയെ സഹായിക്കാൻ വിഡിയോ അസിസ്റ്റൻറ് സംവിധാനമുണ്ടായിരുന്നെങ്കിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാമെന്നാണ് വിലയിരുത്തൽ.
വാർ അനിവാര്യം -അലെഗ്രി
‘വാറി’െൻറ മുഖ്യ വിമർശകനായിരുന്ന യുവൻറസ് കോച്ച് മാസിമിലിയാനോ അലെഗ്രിയെയും മാറ്റിച്ചിന്തിപ്പിക്കാൻ ക്രിസ്റ്റ്യാനോയുടെ ചുവപ്പുകാർഡ് വിവാദം സഹായിച്ചു. ‘‘ശരിയായ തീരുമാനമെടുക്കാൻ ‘വാർ’ റഫറിയെ സഹായിച്ചേനെ. ടീം നന്നായി കളിക്കുന്ന സമയത്താണ് 29ാം മിനിറ്റിൽ പ്രധാന താരത്തെ നഷ്ടമാവുന്നത്. തെറ്റായ തീരുമാനത്തിലൂടെ 10 പേരിലേക്ക് കളി ചുരുങ്ങുന്നത് നീതീകരിക്കാനാവില്ല. റൊണാൾഡോയില്ലാതെ കളിക്കുന്നത് ടീമിന് വലിയ പരീക്ഷണമാണ്’’ -മത്സരശേഷം അലെഗ്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘വാറിനെ ഉൾകൊള്ളാൻ യുവേഫ വൈകിേപ്പായെന്നായിരുന്നു’’ മുൻ ഇറ്റാലിയൻ, യുവൻറസ് പരിശീലകനായ മാഴ്സലോ ലിപ്പിയുടെ പ്രതികരണം. അടിയന്തര പ്രധാന്യത്തോടെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർ അടുത്ത സീസൺ മുതൽ -യുവേഫ
‘‘ഫെരാറി, പോർഷെ എന്നീ ആഡംബര വാഹനംപോലെയാണ് ചാമ്പ്യൻസ് ലീഗും. നന്നായി പരിശീലിക്കാതെ ഇൗ കാറുകൾ ഒാടിക്കാനാവില്ല. അതുപോലെ ടെസ്റ്റ് റൺ വിജയകരമായി പൂർത്തിയാക്കിയാലേ ‘വാർ’ ചാമ്പ്യൻസ് ലീഗിൽ നടപ്പാക്കാനാവൂ.
ഇതെങ്ങനെയെന്ന് കളിയുമായി ബന്ധപ്പെട്ടവർ നന്നായി മനസ്സിലാക്കിയ ശേഷം ചാമ്പ്യൻസ് ലീഗിൽ കൊണ്ടുവരാം’’ -യുഫേവ പ്രസിഡൻറ് അലക്സാണ്ടർ സെഫറിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. 2019-20 സീസൺ ചാമ്പ്യൻസ് ലീഗിൽ വാർ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.