സിംഹങ്ങളെ തളച്ചവർ
text_fields‘കമിങ് ഹോമിന്’ തൊട്ടടുത്തുനിന്ന് ക്രൊയേഷ്യക്കാർ ഫുട്ബാളിനെ ഹൈജാക്ക് ചെയ്തുകൊണ്ട് പോകുന്ന മായക്കാഴ്ചയാണ് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ കണ്ടത്. നിനച്ചിരിക്കാതെ ആദ്യ നിമിഷങ്ങളിൽത്തന്നെ മുന്നേറാൻ ഭാഗ്യം ലഭിച്ച ഇംഗ്ലീഷുകാരുടെ ആലസ്യവും വിജയിച്ചുകഴിഞ്ഞു എന്ന ധാരണയോടെ പ്രതിയോഗികളെ കണക്കിലെടുക്കാതെ കളി നിയന്ത്രിക്കാൻശ്രമിച്ച അവരുടെ പ്രതിരോധനിരക്ക് സംഭവിച്ച വൻ പിഴവുകളുമാണ് അരനൂറ്റാണ്ടിനുശേഷം കലാശക്കളിക്കു എത്തുവാനുള്ള ഇംഗ്ലീഷുകാരുടെ മോഹം പൂവണിയാതെ പോകുവാനുള്ള കാരണം.
അർജൻറീനക്കെതിരെ വിസ്മയിപ്പിക്കുന്ന ഗതിവേഗവും കെട്ടുറപ്പുമായി അത്യാകർഷകമായിക്കളിച്ച് മിന്നുന്ന മൂന്നു ഗോളുകളുടെ വിജയം നേടിയ ക്രൊയേഷ്യക്ക് ആകട്ടെ ആ നിലവാരത്തിൽ ചെന്നെത്താനാകാതെ ഡെന്മാർക്കിനോടും റഷ്യയോടും അധിക സമയം കളിക്കേണ്ടിവന്നു. ഇംഗ്ലണ്ടിനെതിരെയും അവരുടെ തുടക്കം ആശാവഹമായിരുന്നില്ല. ഇതുവരെ അവരെ മുന്നിൽനിന്ന് വിജയത്തിലേക്ക് നയിച്ച ലൂക്ക മോഡ്രിച്ചിെൻറ ചെറിയ ഒരു പിഴവിൽ അവർ പുറത്തേക്കു പോകുമെന്ന് കരുതിയ നിമിഷങ്ങളിലാണ് കാൽപന്തുകളിയുടെ സൗന്ദര്യം അതിെൻറ അനിശ്ചിതത്വത്തിലാണെന്ന് തെളിയിച്ചു കൊണ്ടുള്ള പെരിസിച്ചിെൻറ സമനില ഗോൾ അവർക്കു പ്രണവായു ആയിത്തീർന്നത്.
ആത്മവിശ്വാസത്തോടെ ഹെൻറിക്സ് നൽകിയ പന്തുമായി മുന്നേറിയ ഡെലെ അലിയും ആഷ്ലി യങ്ങും റഹീം സ്റ്റെർലിങ്ങും വിരാൾസ്കോക്കും വിദക്കും വിശ്രമം നൽകാതെ ക്രൊയേഷ്യൻ പ്രതിരോധനിരയിൽ വിള്ളലുണ്ടാക്കിയപ്പോൾ ഇംഗ്ലീഷുകാർ കളിയുടെ മേധാവിത്വം കൈയിൽ എടുത്തുവെന്ന് തോന്നലുണ്ടാക്കി. അഞ്ചാം മിനിറ്റിലെ ഒരു മുന്നേറ്റത്തിൽ അലിയെ ടാക്കിൾ ചെയ്ത നായകൻ മോഡ്രിച് ആദ്യ ഫൗളിന് കാരണക്കാരനായപ്പോൾ ഇംഗ്ലീഷുകാർക്കു കിട്ടിയ അവസരം ഫ്രീ കിക്കായി എടുത്തത് കീരൻ ട്രപ്പിയർ ആയിരുന്നു. ഉയർന്നുചാടിയ ക്രൊയേഷ്യൻ പ്രതിരോധനിരക്കാരുടെ തലയ്ക്കു മുകളിലൂടെ ആ പന്ത് മൂളിപ്പറന്ന്, പിഴവുകൾ പറ്റാത്ത സുബാസിചിെൻറ വലയുടെ മൂലയിൽ പതിച്ചു. അതി മനോഹരമായ ആ ഗോളിൽ അഹങ്കരിച്ച ഇംഗ്ലീഷുകാർ അപ്പോൾത്തന്നെ ഉറപ്പിച്ചു ‘കാൽപന്തുകളി തങ്ങളുടെ നാട്ടിലേക്ക് തിരിച്ചു കൊണ്ടെത്തിച്ചുകഴിഞ്ഞുവെന്ന്’. തുടർന്നു കാര്യമായ ആസൂത്രിത നീക്കങ്ങളൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല.
തുടർന്ന് ശക്തമായ പ്രതിരോധം സൃഷ്ടിച്ചു െക്രായേഷ്യക്കാരുടെ മുന്നേറ്റ നിരയെ തടഞ്ഞിടാനാണ് വാക്കറും മഗ്വയറും സ്റ്റോൺസും ശ്രമിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഈ അപകടാവസ്ഥ മനസ്സിലാക്കി വിരൽസ്ക്കോ പിന്നിൽനിന്ന് വലതു ഭാഗത്തുകൂടി കൊണ്ടെത്തിച്ച പന്തുകൾ മാൻസുക്കിച്ചിനും പെരിസിച്ചിനും സമാന്തര പാസുകളായി നൽകി. ലോങ് റേഞ്ച് ഷോട്ടുകളിലൂടെ ഗോൾ നേടാനായി ശ്രമം. അതിൽ അധികവും ജോർഡൻ പിക്ക്ഫോഡിെൻറ ഗ്ലൗസുകളിൽ ഒതുങ്ങിയപ്പോൾ ഒരു ഗോൾ ലീഡിൽ ഫുട്ബാളിെൻറ പിതൃഭൂമി ഫൈനലിൽ എത്തിക്കഴിഞ്ഞുവെന്നായി കാര്യങ്ങൾ. പെരിസിച്ചിെൻറ അതി ശക്തമായ ഒരു ക്രോസ് ഷോട്ട് പിക്ക്ഫോഡിനെ കടന്ന് ഗോൾ പോസ്റ്റിെൻറ മൂലയിൽ തട്ടി പുത്തേക്കു പോവുകയും ചെയ്തു. അതോടെ ക്രൊയേഷ്യക്കാർ ഒരുപരിധിവരെ നിരാശരാവുകയും അവരുടെ പ്രത്യാക്രമണങ്ങൾക്കു ഗതിവേഗം കുറയുകയും ചെയ്തു.
ഇംഗ്ലീഷ് നിരയിൽ വിശ്വസ്തനായ ആഷ്ലി യങ്ങിെൻറ ഒരു കണ്ണ് എപ്പോഴും നായകൻ മോഡ്രിച്ചിലായിരുന്നു. ആ അതുല്യ മിഡ്ഫീൽഡറുടെ ചലനങ്ങൾ ആദ്യ പകുതിയിൽ നിയന്ത്രിക്കപ്പെട്ടു. റാക്കിടിച്ചിൽനിന്ന് കാര്യമായ മുന്നേറ്റങ്ങളും ഉണ്ടാകാതിരുന്നപ്പോൾ ഒന്നാം പകുതി വിരസമായി.
ഇരമ്പിയാർത്ത് ക്രൊയേഷ്യ
തിരിച്ചറിയാനാകാത്ത മേധാവിത്വവുമായിട്ടായിരുന്നു മോഡ്രിച്ചും കൂട്ടരും രണ്ടാം പകുതി തുടങ്ങിയത്. അതുവരെ ഫൗളുകളിൽ മാത്രം ശ്രദ്ധിച്ചിരുന്ന റബിച്ച് മനോഹരമായ പാസുകളിലൂടെ പെരിസിച്ചിനും മാൻസുകിച്ചിനും പന്തുകൾ എത്തിച്ചിട്ടും ഇരുവരുടെയും കാലുകളിൽനിന്ന് പിക്ക്ഫോഡ് പന്ത് കവർന്നെടുത്തു ഹീറോ ആയി നിലയുറപ്പിച്ചു. അലസമായി പ്രത്യാക്രമണങ്ങൾ ആസൂത്രണം ചെയ്ത ഇംഗ്ലീഷ് മധ്യനിര അപൂർവമായി എത്തിച്ച പന്തുകൾ സ്റ്റെർലിങ് ക്ഷമ അർഹിക്കാത്തവിധം നഷ്ടപ്പെടുത്തുകയും ചെയ്തു.
ക്രൊയേഷ്യൻ അണികൾക്ക് ജീവെൻറ തുടിപ്പ് തിരിച്ചുകിട്ടിയത് 68ാം മിനിറ്റിലായിരുന്നു. കടന്നുകയറ്റങ്ങൾ അധികവും ആസൂത്രണം ചെയ്ത വിരൽസ്ക്കോയുടെ പറന്നിറങ്ങിവന്ന ഒരു ക്രോസിൽ ഒരു അക്രോബാറ്റിനെപ്പോലെ ഉയർന്നുചാടിയ പെരിസിച് ഒരേസമയം ഗോളി പിക്ക്ഫോഡിനെയും വാക്കാറെയും വിസ്മയിപ്പിച്ചുകൊണ്ടു പന്ത് തട്ടി വലക്കുള്ളിലാക്കിയപ്പോഴാണ് കിരീടത്തിലൂടെ ‘സർ’ പദവിക്ക് കാത്തിരുന്ന സൗത്ത് ഗേറ്റിന് അബദ്ധം മനസ്സിലായത്. സറ്റെർലിങ്ങിന് പകരം റാഷ്ഫോഡിനെയും ആഷ്ലി യങ്ങിന് പകരം ഡാനി റോസിനെയും കൊണ്ടുവരുേമ്പാഴേക്കും സമയം ഒരുപാട് കടന്നു പോയി. ഇതിനിടെ, മോഡ്രിച്ചും കൂട്ടരും തിരിച്ചറിയാനാകാത്തവിധം മാറിക്കൊണ്ട് കളി ഇംഗ്ലീഷുകാരിൽനിന്നും ഹൈജാക്ക് ചെയ്തിരുന്നു.
പെരിസിച്ചും റാക്കിടിച്ചും അധ്വാനിച്ചു കൊണ്ടുവന്ന പന്തുകളൊക്കെ മാൻസുകിച്ച് നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ, അതുവരെ പഴി കേട്ടുകൊണ്ടിരുന്ന ഉയരം കൂടിയ ഈ അതുല്യ മുന്നേറ്റക്കാരൻ ഒരു നിമിഷംകൊണ്ട് ഫുട്ബാൾ ചരിത്രത്തിെൻറ ഭാഗമാവുകയും ഇംഗ്ലീഷുകാരുടെ ചരമക്കുറിപ്പു തയാറാക്കിയ ഗോളിന് ഉടമയാവുകയും ചെയ്തു.
പെരിസിച്ചിെൻറ ക്രോസ് തടയാൻ ചാടിയ സ്റ്റോൺസിനെ പരാജയപ്പെടുത്തി ശക്തമായ ഒരു ഹെഡറിലൂടെ പിക്ക്ഫോഡിനെ പരിഹസിക്കുംവിധം പന്തുകടത്തി, മൻസുകിച്ച് ഗോൾ നേടിയപ്പോൾ അതും ചരിത്രമായി. ക്രൊയേഷ്യ ആദ്യമായി ലോകകപ്പു കലാശക്കളിക്കു എത്തിയ ഗോൾ അതുവരെ വരുത്തിെവച്ച എല്ലാ പിഴവുകളും മഹത്വവത്കരിക്കപ്പെട്ടു. നിർണായക നിമിഷത്തിലെ അതി നിർണായകമായ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.