ക്രൊയേഷ്യ x സ്പെയിൻ സൂപ്പർ പോരാട്ടം ഇന്ന്
text_fieldsസഗ്രെബ്: ലോകകപ്പ് റണ്ണേഴ്സ്അപ്പ് എന്ന സിംഹാസനത്തിൽനിന്ന് ക്രൊയേഷ്യയെ പിടിച്ചുവലിച്ചിട്ട് ചവിട്ടിയരച്ചവരാണ് സ്പാനിഷുകാർ. രണ്ടു മാസം മുമ്പത്തെ ആ കാളരാത്രി ക്രോട്ടുകൾ മറക്കില്ല. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടേറ്റ തോൽവിയേക്കാൾ വലിയ നാണക്കേടായി യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരത്തിൽ സ്പെയിനിനോടേറ്റ തോൽവി. അതോടെ അടിതെറ്റിയതാണ് ക്രോട്ടുകൾക്ക്. പിന്നെ ഒന്നും ശരിയായില്ല. ഇതിഹാസതാരം ലൂക മോഡ്രിച്ചും പെരിസിച്ചും റാകിടിച്ചുമെല്ലാം കളിച്ചിട്ടും ഇംഗ്ലണ്ടിനോടും സമനില വഴങ്ങി.
നേഷൻസ് ലീഗ് ഗ്രൂപ് നാലിൽ ഒരു ജയംപോലുമില്ലാതെ അവസാന സ്ഥാനക്കാരായ ക്രൊയേഷ്യക്ക് ഇന്ന് സ്പെയിനിനെ മുന്നിൽ കിട്ടുേമ്പാൾ കടിച്ചുകീറാനുള്ള പകയുണ്ട്. രണ്ടു മാസം മുമ്പത്തെ 6-0ത്തിെൻറ തോൽവിയുടെ നിരാശ മാറ്റാനും നേഷൻസ് ലീഗിൽനിന്ന് തലയുയർത്തി മുന്നേറാനുമുള്ള അവസാന അവസരം.
മൂന്നു പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് കോച്ച് ഡാലിച് ടീമിനെ ഒരുക്കിയത്. ഇന്ന് സ്പെയിനിനെയും ഞായറാഴ്ച ഇംഗ്ലണ്ടിനെയും തോൽപിച്ചാൽ ക്രോട്ടുകൾക്ക് ഒന്നാമന്മാരായി ഫൈനൽ റൗണ്ടുറപ്പിക്കാം. അതേസമയം, രണ്ടു ജയവും ഒരു സമനിലയുമുള്ള സ്പെയിൻ പുതിയ കോച്ച് ലൂയി എൻറിക്വെക്കു കീഴിൽ ഉജ്ജ്വല ഫോമിലാണ്. ലോകകപ്പിനുശേഷം നാലിൽ മൂന്നിലും ജയിച്ചാണ് അവരുടെ മുന്നേറ്റം. രാത്രി 1.15ന് സഗ്രെബിലെ മക്സിമിർ സ്റ്റേഡിയത്തിലാണ് പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.