ചാമ്പ്യൻസ് ലീഗ്: ഗോൾവല നിറച്ച് ലിവർപൂൾ പ്രീക്വാർട്ടറിൽ
text_fieldsപാരിസ്: ലാ ലിഗയിലെ ഗോൾ വരൾച്ചയൊന്നും റയൽ മഡ്രിഡിന് ചാമ്പ്യൻസ് ലീഗിലെത്തിയാൽ ഉണ്ടാവാറില്ല. യൂറോപ്യൻ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ 3-2ന് തോൽപിച്ച് റയൽ മഡ്രിഡ് കളംവാണപ്പോൾ, മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.
ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും ടോപ് സ്കോററെന്ന റെക്കോഡ് സ്വന്തം പേരിലുള്ള ക്രിസ്റ്റ്യാനോ, ചരിത്രത്തിൽ ഇതുവരെ മറ്റാർക്കു കഴിയാത്ത മറ്റൊരു റെക്കോഡും കൂടെ സ്വന്തം പേരിലാക്കി. ഗ്രൂപ് ഘട്ടത്തിൽ എല്ലാ മത്സരത്തിലും ഗോൾ നേടിയ താരമെന്ന റെക്കോഡാണ് പോർചുഗീസ് പടയാളിയുടെ കിരീടത്തിലേക്ക് പൊൻതൂവലായി േചർക്കപ്പെട്ടത്. ആറു മത്സരങ്ങളിൽ ഒമ്പതു ഗോളുമായി സ്കോറിങ്ങിലും മുമ്പിൽ ക്രിസ്റ്റ്യാനോ തന്നെ. ബോറ മയോറലിെൻറ (എട്ടാം മിനിറ്റ്) ഗോളിന് പിന്നാലെ 12ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോഡിലേക്ക് നിറയൊഴിച്ചത്.
രണ്ടു ഗോളിന് പിന്നിലായശേഷം പിയറി ഒബൂമയാങ്ങിലൂടെ(43, 48) തിരിച്ചുവരാൻ ബൊറൂസിയ ശ്രമം നടത്തിയെങ്കിലും 81ാം മിനിറ്റിൽ ഗോൾ നേടി ലൂകാസ് വാസ്കസ് റയലിനെ രക്ഷിച്ചു. അപോയൽ നിസോസിയയെ 3-0ന് തോൽപിച്ച് ഗ്രൂപ് എച്ചിൽ ടോട്ടൻഹാം16 പോയൻറുമായി ചാമ്പ്യന്മാരായി. റയലിന് 13 പോയൻറാണ്.
സ്പാർട്ടകിനെ
തകർത്ത് ലിവർപൂൾ
ലിവർപൂളിനായി ആദ്യ ഹാട്രിക് നേടി ബ്രസീൽ താരം ഫിലിപ് കുടീന്യോ നിറഞ്ഞാടിയ മത്സരത്തിൽ, റഷ്യൻ ക്ലബ് സ്പാർട്ടക് മോസ്കോയെ ഇംഗ്ലീഷ് ക്ലബ് 7-0ന് തകർത്തുവിട്ടു. ഉശിരൻ ജയത്തോടെ യുറുഗൻ ക്ലോപ്പും സംഘവും പ്രീക്വാർട്ടറിലേക്ക് മാർച്ചു ചെയ്തു. 4,15, 50 മിനിറ്റുകളിലായിരുന്നു കുടീന്യോയുടെ ഹാട്രിക് ഗോൾ. കുടീന്യോക്കൊപ്പം റോബർട്ട് ഫിർമീന്യോ(18), സാഡിയോ മാനെ (47, 76), മുഹമ്മദ് സലാഹ് (86) എന്നിവരും സ്പാർട്ടകിനെ നാണംകെടുത്തുന്നതിൽ പങ്കുവഹിച്ചു. മാരിബറിനോട് 1-1ന് സമനിലയിലായെങ്കിലും ഗ്രൂപ് ‘ഇ’യിൽ നിന്ന് ലിവർപൂളിനൊപ്പം സെവിയ്യയും ക്വാർട്ടറിലെത്തി.
കാര്യങ്ങൾ മാറിമറിഞ്ഞ ഗ്രൂപ് ‘എഫി’ൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് (2-1) ഷാക്തർ ഡൊണസ്ക് നോക്കൗട്ടുറപ്പിച്ചു. നാപോളി ഫെയ്നൂർദിനോട് തോൽക്കുകയും ചെയ്തതോടെയാണ്, നേരത്തെ പ്രീക്വാർട്ടറുറപ്പിച്ച സിറ്റിയോടൊപ്പം ഷാക്തർ മുന്നേറിയത്. ഗ്രൂപ് ‘ജി’യിൽ നിന്നും മോണകോയെ 5-2ന് തോൽപിച്ച് പോർേട്ടാ, ബെസ്കിറ്റാസിനോടൊപ്പം ക്വാർട്ടറിലെത്തി.
പ്രീക്വാർട്ടർ
എട്ടു ഗ്രൂപ്പുകളിൽ നിന്നായി 16 ടീമുകളാണ് പ്രീക്വാർട്ടറിനുള്ളത്. ഗ്രൂപ് ചാമ്പ്യന്മാർ സീഡഡായും റണ്ണേഴ്സ്അപ്പുകൾ അൺസീഡഡായും രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നറുക്കെടുപ്പിലൂടെയാണ് പ്രീക്വാർട്ടർ മത്സരങ്ങൾ തീരുമാനിക്കുന്നത്. ഗ്രൂപ് ചാമ്പ്യന്മാർക്ക് റണ്ണേഴ്സ്അപ്പുകളാണ് എതിരാളികളായുണ്ടാവുക. സ്വിറ്റ്സർലൻഡിലെ യുവേഫ ആസ്ഥാനത്തുവെച്ച് നടക്കുന്ന നറുക്കെടുപ്പ് 11ന് നടക്കും.
സീഡഡ് ടീമുകൾ: മാഞ്ചസ്റ്റർ യുനൈറ്റഡ് (എ)
പി.എസ്.ജി (ബി) റോമ (സി) ബാഴ്സലോണ (ഡി)
ലിവർപൂൾ (ഇ) മാഞ്ചസ്റ്റർ സിറ്റി (എഫ്)
ബെസ്കിറ്റാസ് (ജി) ടോട്ടൻഹാം (എച്ച്)
അൺസീഡഡ് ടീമുകൾ: എഫ്.സി ബാസൽ (എ)
ബയേൺ മ്യൂണിക് (ബി) ചെൽസി (സി)
യുവൻറസ് (ഡി) സെവിയ്യ (ഇ) ഷാക്തർ (എഫ്)
പോർേട്ടാ(ജി) റയൽ മഡ്രിഡ് (എച്ച്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.