റൊണാൾഡോക്ക് ചുവപ്പ് കാർഡ്; ബാഴ്സ തകർത്ത് റയൽ (3-1)
text_fieldsബാഴ്സലോണ: നെയ്മർ അകന്നുപോയ ബാഴ്സയിൽ കൈത്താങ്ങ് നഷ്ടപ്പെട്ടപോലെ ലയണൽ മെസ്സിയുടെ അലച്ചിൽ. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം സ്വന്തം വലകുലുക്കി പിക്വെയുടെ സെൽഫ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അസൻസിയോവിെൻറയും എണ്ണം പറഞ്ഞ ഗോളുകൾ. മെസ്സിയുടെ ഷർട്ടൂരിയുള്ള പഴയ ആഘോഷത്തിന് അതേ നാണയത്തിൽ ക്രിസ്റ്റ്യാനോയുടെ മറുപടി. ഒടുവിൽ കൊട്ടിക്കലാശമെന്നോണം ലോക ഫുട്ബാളറുടെ പുറത്താവലും.
സീസണിലെ ആദ്യ എൽക്ലാസികോ പോരാട്ടത്തിന് നൂകാംപ് വേദിയായപ്പോൾ 90 മിനിറ്റും സംഭവബഹുലം. കഴിഞ്ഞ തവണ സാൻറിയാഗോ ബെർണബ്യൂവിലെത്തി മെസ്സിയും സംഘവും സമ്മാനിച്ച നാണക്കേടിന് അതേ നാണയത്തിൽ മറുപടി നൽകിയ റയൽ മഡ്രിഡിന് സ്പാനിഷ് സൂപ്പർ കപ്പിെൻറ ആദ്യ പാദത്തിൽ 3-1െൻറ തകർപ്പൻ ജയം. ഇനി മറുപടിക്കായി ബാഴ്സയുടെ അവസരം. രണ്ടാം പോരാട്ടം ബുധനാഴ്ച രാത്രി 2.30ന് ബെർണബ്യൂവിൽ. കാത്തിരുന്നു കാണാം.
പകരക്കാരനായിറങ്ങി ഒരു ഗോളടിച്ച് കരുത്തറിയിച്ച ക്രിസ്റ്റ്യാനോ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് മഞ്ഞക്കാർഡ് വാങ്ങിയാണ് നിരാശപ്പെടുത്തിയത്. കഴിഞ്ഞ എൽക്ലാസികോയിൽ കളിതീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ, വിജയഗോൾ നേടി ജഴ്സി ഉൗരി റയൽ കാണികൾക്കുനേരെ പ്രദർശിപ്പിച്ച മെസ്സിക്ക് മറുപടി അതേ നാണയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും നൽകിയത് മെസ്സി-റൊണാൾഡോ താരയുദ്ധത്തിെൻറ പ്രതീകമായി ഫുട്ബാൾ ചരിത്രം എന്നും ഒാർമിക്കും.
പിക്വെ സെൽഫ്
ആദ്യ പകുതിയിലെ ഗോൾരഹിത സമനിലക്കുശേഷവും വലകുലുങ്ങുന്നതും കാത്ത് ആരാധകർ കണ്ണുനട്ടിരുന്നു. 50ാം മിനിറ്റിൽ ബാഴ്സ പ്രതിരോധനായകൻ ജെറാഡ് പിെക്വ ‘വലകുലുക്കി’. എന്നാൽ, അത് സ്വന്തം പോസ്റ്റ് തന്നെയായിരുന്നു. ബ്രസീലിയൻതാരം മാഴ്സലോയുടെ സൂപ്പർ ക്രോസ് തട്ടിയകറ്റാനുള്ള പിക്വെയുടെ ശ്രമം കലാശിച്ചത് സെൽഫ് ഗോളിൽ. ബാഴ്സ ആരാധകർ തലതാഴ്ത്തി കണ്ണുപൊത്തി.
ബാഴ്സയുടെ തിരിച്ചടി
നെയ്മർ ബാഴ്സ വിട്ടതോടെ താളംനഷ്ടപ്പെട്ട മെസ്സി -സുവാരസ് കൂട്ടിന് ആക്രമണമൂർച്ച നന്നേ കുറവായിരുന്നു. ഒടുവിൽ പിക്വെയുടെ അബദ്ധത്തിന് മറുപടി നൽകാൻ ബാഴ്സക്ക് സ്വന്തം മൈതാനത്തും പെനാൽട്ടിതന്നെ വേണ്ടിവന്നു. 77ാം മിനിറ്റിൽ സുവാരസിെൻറ ഗോൾശ്രമം തടഞ്ഞതിന് ഗോളി കെയ്ലർ നാവസിന് മഞ്ഞക്കാർഡും ബാഴ്സക്ക് പെനാൽറ്റിയും. കിക്കെടുത്ത മെസ്സി പന്ത് വലയിലെത്തിച്ചു.
ഗോൾ 2-1
ബെൻേസമക്ക് പകരക്കാരനായി 58ാം മിനിറ്റിലിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാത്തിരുന്ന നിമിഷം വന്നെത്തിയത് 80ാം മിനിറ്റിലായിരുന്നു. ഇസ്കോ നൽകിയ പന്തുമായി കുതിച്ച റൊണാൾഡോ, ബോക്സിെൻറ ഇടതുവിങ്ങിൽനിന്ന് പിെക്വയെ മറികടന്ന് ഉതിർത്ത ഷോട്ടിന് ബാഴ്സ ഗോളി ടെർസ്റ്റീഗന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വലതുളഞ്ഞുകയറിയതോടെ ‘മെസ്സി മാതൃകയിൽ’ റൊണാൾഡോയും ബാഴ്സ ആരാധകർക്കുനേരെ ജഴ്സി ഉൗരി പ്രദർശിപ്പിച്ചു. ക്രിസ്റ്റ്യാനോ മനസ്സിൽ കൊണ്ടുനടന്ന സെലിബ്രേഷൻ.
ഗോൾ 3-1
സിനദിൻ സിദാൻ അവസാന നിമിഷം ഉപയോഗിക്കുന്ന ‘ആയുധം’ മാർകോ അസൻസിേയാ എന്ന സ്പാനിഷ് പയ്യനെ ബാഴ്സ തീർത്തും അവഗണിച്ച നിമിഷം. 90ാം മിനിറ്റിൽ ലൂകാസ് വസ്കസ് നൽകിയ പന്തുമായി കുതിച്ചപ്പോൾ ഒരു ഗോൾ ആരും പ്രതീക്ഷിച്ചില്ല. ഇടങ്കാലുകൊണ്ടുള്ള അസൻസിയോ ഷോട്ടും പോസ്റ്റിനകത്ത് കടന്നപ്പോൾ ന്യൂകാംപ് നിശ്ശബ്ദമായി. തന്ത്രങ്ങൾ പിഴച്ച് തലതാഴ്ത്തി, എതിർ കോച്ചിന് ഹസ്തദാനംപോലും നൽകാതെ ബാഴ്സ കോച്ച് ഏണസ്റ്റോ വാൽവർഡേ ഡ്രസിങ് റൂമിലേക്ക് തിരിച്ചുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.