ഉറങ്ങുകയായിരുന്നു സിംഹങ്ങൾ ഇതുവരെ
text_fields1966ൽ ആതിഥേയരായി കപ്പു നേടിയപ്പോൾ ഉണ്ടാക്കിയെടുത്ത വിവാദങ്ങളും പേരുദോഷങ്ങളും തീരാ ശാപംപോലെ ഇംഗ്ലണ്ടിനെ പിന്തുടർന്നപ്പോൾ പിന്നീടുള്ള ഒരു ലോകകപ്പിലും ഇംഗ്ലീഷ് ഫുട്ബാൾ ടീമിന് സെമി ഫൈനലിന് അപ്പുറം ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല. ഡേവിഡ് ബെക്കാമും മൈക്കൽ ഓവനും പീറ്റർ ഷിൽട്ടണും വെയിൻ റൂണിയും ഒക്കെയുണ്ടായിരുന്ന കാലങ്ങളിലും ടീമിെൻറ പ്രകടനം തഥൈവ. 1966ലെ വിവാദ വെംബ്ലി ഗോളിന് അവരോടു തോറ്റു കപ്പു നഷ്ടമായ ജർമനി തന്നെയായിരുന്നു ’70ലെ ക്വാർട്ടറിലും ’90ലെ സെമിയിലും പിന്നെ സ്വന്തം മണ്ണിൽ അവർ നടത്തിയ 1996ലെ യൂറോ കപ്പ് സെമിയിലും അന്തകരായത്.
കഴിഞ്ഞ ലോകകപ്പിലാകട്ടെ പ്രാഥമിക റൗണ്ടിൽതന്നെ ഇറ്റലിയോടും ഉറുഗ്വായ്യോടും തോൽവി ഏറ്റുവാങ്ങി മടങ്ങിയത് ഇംഗ്ലീഷ് ഫുട്ബാളിെൻറ ചരിത്രത്തെത്തന്നെ അപഹസിച്ചുകൊണ്ടായിരുന്നു. അതിലും പരിതാപകരമായിരുന്നു കഴിഞ്ഞ യൂറോ കപ്പ് ക്വാർട്ടറിൽ ഐസ്ലൻഡിനോട് ഏറ്റുവാങ്ങിയ ഞെട്ടിപ്പിക്കുന്ന തോൽവി. കെവിൻ കീഗനും ടെറി വെനബിൾസും വിദേശികളായ സ്വെൻ ഗൊരാൻ എറിക്സനും ഫാബിയോ കപ്പല്ലോയും വീണ്ടും നാട്ടുകാരായ റോയി ഹഡ്സണും സാം അല്ലാർഡീസും ഒക്കെ തല കുത്തിനിന്ന് പരിശീലിപ്പിച്ചിട്ടും ഉറങ്ങിക്കിടന്ന സിംഹങ്ങളെ ഒന്ന് അനക്കുവാൻ പോലും കഴിഞ്ഞതുമില്ല. അങ്ങനെയാണ് 2016 നവംബറിൽ അണ്ടർ 21 ടീം മാനേജർ ഗാരത് സൗത്ത് ഗേറ്റിനു താൽക്കാലികമായി ചുമതല നൽകിയത്. സൗത്ത് ഗേറ്റ് പരിശീലകനായതോടെ ഉറങ്ങിക്കിടന്നിരുന്ന സിംഹം ഉണർന്ന് ഗർവ് കാട്ടിത്തുടങ്ങി.
’66നു ശേഷം അന്നാദ്യമായി അവർ ഫുട്ബാൾ പാഠപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ പന്ത് കളിച്ചു. അവരുടെ മുൻനിരക്കാരുടെ ബൂട്ടുകളിൽനിന്ന് ഗോളുകൾ ഒഴുകിയെത്തി. ബോബി മൂറിനെയും ടെറി ബുച്ചറെയും പോലുള്ള പ്രതിരോധക്കാരുടെ നാളുകളിലേതു പോലുള്ള ഡിഫൻസും അവർക്കുണ്ടായി. പന്തു കൊടുത്തു ഗോളടിപ്പിക്കുവാൻ കെൽപുള്ള മധ്യനിരയും ശക്തമായി. റഷ്യൻ ലോകകപ്പിെൻറ യോഗ്യത മത്സരങ്ങളിൽ ഗാരത് സൗത്ത് ഗേറ്റ് എന്ന മുൻ പ്രതിരോധ നായകൻ പരിശീലകനായി ചാട്ടവീശിയപ്പോൾ അവർ എട്ടു വിജയങ്ങളും രണ്ടു സമനിലകളുമായി പരാജയമറിയാതെ ആദ്യം യോഗ്യത നേടിയ ടീമുകളിൽ ഒന്നുമായി.
2017 ഇംഗ്ലീഷ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന കാലഘട്ടവുമായി ചരിത്രത്തിൽ ഇടംനേടി. 1966നു ശേഷം ലോക ഫുട്ബാളിലെ രണ്ടു കിരീടങ്ങൾ ഒരുമിച്ചു ഫുട്ബാളിെൻറ പിതൃഭൂമിയിൽ എത്തുകയുണ്ടായി. വെനിേസ്വലയിൽ നടന്ന അണ്ടർ-20 ലോകകപ്പിനൊപ്പം ഇന്ത്യയിൽ നടന്ന അണ്ടർ-17 കിരീടവും ഇംഗ്ലണ്ടിലെ യുവ രാജാക്കന്മാരുടേതായി ലണ്ടനിലെത്തി. ആ നല്ല ഒർമകളുമായിട്ടാണവർ രണ്ടാം കിരീടം ലക്ഷ്യമാക്കി റഷ്യയിലെത്തുന്നത്.
പ്രീമിയർ ലീഗിൽ ഈ സീസണിൽ 35 ഗോളുകൾ നേടിയ ടോട്ടൻഹാം താരം ഹാരി കെയ്നിെൻറ വിസ്മയിപ്പിക്കുന്ന ഗോളടി മികവാണ് ഇത്തവണ സിംഹഗർജനത്തിെൻറ ആധാരം. ഒറ്റ ഒരു സീസൺ കൊണ്ട് മാഞ്ചസ്റ്റർ യുനൈറ്റഡ് അണികളിൽനിന്ന് ലോക ഫുട്ബാളിലെ സ്കോറിങ് ‘ബൂട്ട്’ ആയി മാറിയ മാർക്കസ് റാഷ്ഫോർഡ്, അനിവാര്യ നിമിഷങ്ങളിലെ ഗോളിന് ‘ജോക്കറായിട്ടെത്തുന്ന’ ജെർമി വാർഡി, റഹീം സ്റ്റെർലിങ്, ഡാനിയൽ സ്റ്ററിഡ്ജ്, െഡലെ അലി എന്നിവർ ആക്രമണ-മധ്യ നിരയിൽ ഉണ്ടാകുമ്പോൾ യോഗ്യത മത്സങ്ങളിലെ മികവ് അവർക്ക് റഷ്യയിലും ആവർത്തിക്കാനാവും.
ഒരു പതിറ്റാണ്ടിലേറെ അവരുടെ വല കാത്ത ജോ ഹാർട്ടിന് ടീമിൽ ഇടംനൽകാതെ എവർട്ടെൻറ ജോർഡൻ പിക്ക്ഫോർഡിനെ ഒന്നാം സ്ഥാനക്കാരൻ ആക്കിയാകും സൗത്ത് ഗേറ്റ് ലയൺസിനെ തുറന്നുവിടുക. പ്രതിരോധം ട്രെൻഡ് അർനോൾഡ്, ഗാരി കാഹിൽ, കെയിൽ വാക്കർ, ജോൺ സ്റ്റോൺസ് എന്നിവരുടെ ബൂട്ടുകളിൽ സുരക്ഷിതമാകും. ഗ്രൂപ് മത്സരങ്ങളിൽ അവർക്കൊപ്പമുള്ള ബെൽജിയവുമായി അവർ ഇതുവരെ 21 തവണ മത്സരിച്ചപ്പോൾ 15ലും വിജയം ഇംഗ്ലണ്ടിനായിരുന്നു. ഡെവിൾസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നത് ഒരുതവണ മാത്രം. 5 മത്സരങ്ങൾ സമനിലയുമായി. തുനീഷ്യക്കാർക്കെതിരെ ആകെ കളിച്ചതു രണ്ടുതവണ. ഒരു വിജയവും ഒരു സമനിലയും. പാനമക്കെതിരെ കന്നിയങ്കമായിരിക്കും.
പ്രവചനം: ഗ്രൂപ് ജിയിൽനിന്ന് അനായാസ വിജയം. പ്രീക്വാർട്ടർ പ്രവേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.