ഇംഗ്ലീഷ് മരുന്ന് ഫലിക്കുമോ?
text_fieldsമോസ്കോ: കിരീടത്തിലേക്കുള്ള യാത്രയിൽ ഇംഗ്ലണ്ടിനും ഹാരികെയ്നും ഇന്ന് കൊളംബിയയുടെ അഗ്നിപരീക്ഷ. വമ്പന്മാരെല്ലാം ഇടറിവീണ പ്രീക്വാർട്ടറിൽ ലാറ്റിനമേരിക്കയുടെ അട്ടിമറിവീര്യവുമായെത്തുന്ന കൊളംബിയയെ മെരുക്കിയാൽ സൗത്ഗെയ്റ്റിെൻറ കുട്ടികൾക്ക് റഷ്യൻ ടാസ്ക് പകുതി വിജയിെച്ചന്ന് പറയാം. ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ മത്സരത്തിൽ സ്പാർടക് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം. ചരിത്രവും വർത്തമാനവും ഇംഗ്ലണ്ടിനൊപ്പമാണ്. ഇതുവരെ നേരിട്ട അഞ്ചിൽ ഒരു തവണപോലും കൊളംബിയക്ക് ജയിക്കാനായിട്ടില്ല. മൂന്ന് കളിയിൽ ഇംഗ്ലീഷുകാർ ജയിച്ചപ്പോൾ, രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു.
പക്ഷേ, ഇതെല്ലാം ദശാബ്ദത്തിലേറെ പഴക്കമുള്ള ചരിത്രമാണെന്ന് ബോയ്സിനെ ഒാർമപ്പെടുത്തുകയാണ് സൗത്ഗെയ്റ്റ്. അട്ടിമറി വീര്യമേറെയുള്ള കൊളംബിയക്കെതിരെ കരുതലോടെ കളിച്ചാലേ ഇംഗ്ലണ്ടിെൻറ താരപ്പടക്ക് രക്ഷയുള്ളൂ.
ഹാരികെയ്െൻറ സ്കോറിങ് ബൂട്ടുകളും, ലിൻഗാഡ്, റഹിം സ്റ്റർലിങ് കൂട്ടിലൂടെ എണ്ണയിട്ടയന്ത്രംപോലെ പണിയെടുക്കുന്ന മധ്യനിരയും ചേർന്നാൽ ഇംഗ്ലണ്ടിന് രൗദ്രഭാവമേറും. ആഷ്ലി യങ്, ലുഫ്റ്റസ്, ട്രിപിയർ എന്നിവരടങ്ങിയ മധ്യനിരയിൽ വിങ്ങുകളും സജീവമാണ്. പരിക്ക് മാറി തിരിച്ചെത്തിയ ദിലെ അലി പകരക്കാരനാവാൻ ബെഞ്ചിലുമുണ്ടാവും. പ്രതിരോധത്തിലെ വൻ പിഴവുകളാണ് ടീമിന് വെല്ലുവിളി. തുനീഷ്യക്കും പനാമക്കും ബെൽജിയത്തിനും മുന്നിൽ വഴങ്ങിയ ഗോളുകൾ അതിന് സാക്ഷ്യം പറയും. എങ്കിലും ടൂർണമെൻറിലെ യൂത്തൻമാർ എന്ന് വിളിക്കപ്പെടുന്ന ഇംഗ്ലണ്ടിന് നിലവിലെ ഫോമിൽ ലാറ്റിനമേരിക്കൻ സംഘത്തെ മറികടക്കുക എളുപ്പമാണ്.
അതേസമയം, സൂപ്പർതാരം ഹാമിഷ് റോഡ്രിഗസിെൻറ പരിക്ക് നിർണായക മത്സരത്തിൽ കൊളംബിയക്ക് വലിയ തലവേദനയായി തുടരുന്നു. സെഗാലിനെതിരായ അവസാന മത്സരത്തിെൻറ തുടക്കത്തിൽതന്നെ താരം പരിക്കുമായി കളംവിട്ടിരുന്നു. ശേഷം പരിശീലനത്തിനിറങ്ങിയിട്ടുമില്ല. വെറ്ററൻ താരം ഫൽകാവോ നയിക്കുന്ന ആക്രമണവും ക്വിേൻറരോ-ക്വഡ്രാഡോ കൂട്ടിെൻറ മധ്യനിരയുമാണ് കൊളംബിയക്കാരുടെ തുറുപ്പ് ശീട്ട്.
റോഡ്രിഗസിെൻറ പൊസിഷനിൽ ലൂയിസ് മ്യൂറിയലാവും ബൂട്ടണിയുക. പ്രതിരോധത്തിൽനിന്ന് ഒാടിക്കയറി എതിർവലനിറക്കൽ പതിവാക്കിയ യെറി മിനയും ഷൂട്ടൗട്ടുകളും ഗോളിമാരും താരമാവുന്ന നോക്കൗട്ടിൽ ഡേവിഡ് ഒസ്പിനയും ഇംഗ്ലണ്ടിനെ ആശങ്കപ്പെടുത്താനുള്ള കാരണങ്ങളിൽ ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.