ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ജോ ഹാർട്ട് പുറത്ത്
text_fieldsലണ്ടൻ: പരിചയസമ്പത്തിനും യുവത്വത്തിനും മുൻതൂക്കം നൽകി റഷ്യയിലേക്കുള്ള ഇംഗ്ലണ്ടിെൻറ സ്വപ്നസംഘം ഒരുങ്ങി. മാഞ്ചസ്റ്റർ സിറ്റിക്കായി 250ലേറെയും ഇംഗ്ലണ്ടിനായി 75ഉം മത്സരങ്ങളിൽ വലകാത്ത ജോ ഹാർട്ടിനെ ഒഴിവാക്കിയപ്പോൾ യുവതലമുറയിലായി കോച്ച് ഗാരെത് സൗത്ഗേറ്റിെൻറ വിശ്വാസം. ഹാർട്ടിനൊപ്പം മധ്യനിരക്കാരൻ ജാക് വിൽഷിയർ, ഫോംഒൗട്ട് തിരിച്ചടിയായ ആഡം ലല്ലാന, പ്രതിരോധതാരം റ്യാൻ ബെർട്രാൻഡ് എന്നിവരും ഇംഗ്ലണ്ടിനൊപ്പം റഷ്യയിലേക്കില്ല. അതേസമയം, 19കാരനായ പുതുമുഖക്കാരൻ ലിവർപൂൾ പ്രതിരോധനിരയിലെ ട്രെൻറ് അലക്സാണ്ടർ അർനോൾഡ് ഏവരെയും വിസ്മയിപ്പിച്ച് ടീമിൽ ഇടംനേടി. ലല്ലാനക്കൊപ്പം മറ്റ് അഞ്ചുപേരെ സ്റ്റാൻഡ്ബൈ ആയി കരുതിനിർത്തിയിട്ടുണ്ട്.
‘‘ഇൗ സംഘത്തിൽ വിശ്വാസമുണ്ട്. സീനിയർ താരങ്ങളും യുവത്വവും പരിചയ സമ്പത്തും സമ്മിശ്രമായുള്ള ടീമാണിത്. സന്തുലിതമാണ്. ഒാരോ പൊസിഷനിലും മികച്ച താരങ്ങളുണ്ട്’’ ^ടീമിനെ പ്രഖ്യാപിച്ച ശേഷം സൗത്ഗേറ്റ് പറഞ്ഞു. സ്റ്റോക് സിറ്റിക്കായി മികച്ച ഫോമിൽ കളിച്ച ജാക് ബട്ലാൻഡാവും റഷ്യയിൽ ഇംഗ്ലണ്ടിെൻറ ഒന്നാം നമ്പർ ഗോളി. അരങ്ങേറ്റത്തിനൊരുങ്ങുന്ന അർനോൾഡിന് ലിവർപൂൾ കുപ്പായത്തിലെ മിന്നുന്ന പ്രകടനമാണ് സൗത്ഗേറ്റിെൻറ മനസ്സിൽ ഇടം നൽകിയത്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും യുർഗൻ േക്ലാപ്പിെൻറ വലതുവിങ്ങിൽ നിത്യസാന്നിധ്യമായിരുന്നു ഇൗ കൗമാരക്കാരൻ.
ഗ്രൂപ് ജിയിൽ മത്സരിക്കുന്ന ഇംഗ്ലണ്ടിെൻറ ആദ്യ മത്സരം ജൂൺ 18ന് തുനീഷ്യക്കെതിരെയാണ്. പാനമ, ബെൽജിയം എന്നിവരാണ് മറ്റു ടീമുകൾ.
ടീം ഇംഗ്ലണ്ട്
ഗോൾകീപ്പർ: ജാക് ബട്ലാൻഡ് (സ്റ്റോക്സിറ്റി), ജോർദൻ പിക്ഫോഡ് (എവർട്ടൺ), നിക് പോപ് (ബേൺലി).
പ്രതിരോധം: ട്രെൻഡ് അർനോൾഡ് (ലിവർപൂൾ), ഗാരി കാഹിൽ (ചെൽസി), കെയ്ൽ വാകർ, ജോൺ സ്റ്റോൺസ് (മാ. സിറ്റി), ഹാരി മഗ്വെയ്ൻ (ലെസ്റ്റർ), കീരൻ ട്രിപിയർ, ഡാനി റോസ് (ടോട്ടൻഹാം), ഫിൽ ജോൺസ്, ആഷ്ലി യങ് (മാ. യുനൈറ്റഡ്).
മധ്യനിര: എറിക് ഡിയർ, ദിലി അലി (ടോട്ടൻഹാം), ജെസി ലിൻഗാർഡ് (മാ. യുനൈറ്റഡ്), ജോർദൻ ഹെൻഡേഴ്സൻ (ലിവർപൂൾ), ഫാബിയാൻ ഡെൽഫ് (മാ. സിറ്റി), റുബർ ലോഫ്ടസ് (ചെൽസി).
മുന്നേറ്റം: ജാമി വാഡി (ലെസ്റ്റർ), മാർകസ് റാഷ്ഫോഡ് (മാ. യുനൈറ്റഡ്), റഹിം സ്റ്റർലിങ് (മാ. സിറ്റി), ഡാനി വെൽബക് (ആഴ്സനൽ), ഹാരി കെയ്ൻ (ടോട്ടൻഹാം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.