ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ സൺഡേ; ചാമ്പ്യൻസ് ലീഗിലേക്ക് ആരൊക്കെ?
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സീസണിന് ഞായറാഴ്ച സമാപനം. കിരീടം നേരത്തേ കൊണ്ടുപോയെങ്കിലും ലാസ്റ്റ് മാച്ച് ഡേ അതിജീവിനത്തിനും പ്രതാപം കാക്കാൻ വേണ്ടിയുള്ള അങ്കങ്ങൾകൊണ്ട് ആവേശഭരിതമാണ്. മുൻ ചാമ്പ്യന്മാരായ ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ലെസ്റ്റർ സിറ്റി ടീമുകൾക്ക് ചാമ്പ്യൻസ് ലീഗ് ടിക്കറ്റുറപ്പിക്കാനുള്ള പോരാട്ടമാണിത്. എന്നാൽ, ബേൺമൗത്ത്, വാറ്റ്ഫോഡ്,ആസ്റ്റൻ വില്ല ടീമുകൾക്ക് അതിജീവനത്തിനുള്ള അങ്കവും. യൂറോപ ലീഗ് പരിധിക്ക് പുറത്തുള്ള ടോട്ടൻഹാമിന് ക്രിസ്റ്റൽ പാലസിനെതിരെ ജയിക്കുകയും, മുന്നിലുള്ള വോൾവ്സ് ചെൽസിയോട് തോൽക്കുകയും ചെയ്താൽ യൂറോപ യോഗ്യതാ റൗണ്ടിൽ കളിക്കാം.
ചാമ്പ്യൻസ് ലീഗിലേക്ക് ആര്?
ലിവർപൂളും (96), മാഞ്ചസ്റ്റർ സിറ്റിയും (78) ഇതിനകം ചാമ്പ്യൻസ് ലീഗ് ടിക്കറ്റുറപ്പിച്ചു. ശേഷിച്ച രണ്ട് സ്ഥാനത്തിനാണ് മൂന്ന് പേരുടെ പോരാട്ടം.
മാഞ്ചസ്റ്റർ യുനൈറ്റഡ് (63): മാഞ്ചസ്റ്ററിന് ഇന്ന് ലെസ്റ്റർ സിറ്റിയാണ് എതിരാളി. ഒരു സമനിലകൊണ്ട് യുനൈറ്റഡിന് നാലിൽ ഒന്നായി യോഗ്യത ഉറപ്പിക്കാം. ജയിച്ചാൽ മൂന്നാം സ്ഥാനവും. േതാറ്റാൽ സമവാക്യങ്ങൾ മാറിമറിയും.
ചെൽസി (63): വോൾവർഹാംപ്ടനാണ് ഇന്ന് ചെൽസിയുടെ എതിരാളി. സമനിലകൊണ്ട് നാലിൽ ഒന്നായി മാറാം. തോറ്റാൽ, യുനൈറ്റഡ് - ലെസ്റ്റർ ഫലം നിർണായകമാവും.
ലെസ്റ്റർ സിറ്റി (62): യുനൈറ്റഡിനെതിരെ ജീവന്മരണ പോരാട്ടം ജയിച്ചാലേ ലെസ്റ്ററിന് രക്ഷയുള്ളൂ. സമനിലയായാൽ ചെൽസി തോൽക്കണം. എങ്കിൽ ഗോൾവ്യത്യാസത്തിലെ മുൻതൂക്കം അനുഗ്രഹമാവും.
തരംതാഴാതിരിക്കാൻ
ആസ്റ്റൻ വില്ല (17ാം സ്ഥാനം, 34 പോയൻറ്), വാറ്റ്ഫോഡ് (18-34), ബേൺമൗത്ത് (19-31) എന്നിവർക്കാണ് ജീവന്മരണ പോരാട്ടം. കഴിഞ്ഞ കളിയിൽ വാറ്റ്ഫോഡ് സിറ്റിയോട് തോൽക്കുകയും ആസ്റ്റൻ വില്ല ആഴ്സനലിനെതിരെ ജയിക്കുകയും ചെയ്തതോടെ സങ്കീർണമായി. ഇന്ന്, ആസ്റ്റൻ വില്ല x വെസ്റ്റ് ഹാം യുനൈറ്റഡ്, വാറ്റ്ഫോഡ് x ആഴ്സനൽ, ബേൺമൗത്ത് x എവർട്ടൻ എന്നിവർ തമ്മിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.