ആർടേറ്റയുടെ പൊൻകിരീടം
text_fieldsഇംഗ്ലീഷ് ഫുട്ബാളിൽ സമകാലികളായി കളിച്ച രണ്ടുപേർ കോച്ചിങ് കുപ്പായത്തിലേക്ക് മാറിയതിനു ശേഷമുള്ള ബലപരീക്ഷണമായിരുന്നു എഫ്.എ കപ്പ് ഫൈനൽ. ആദ്യ മിനിറ്റിൽ മാസൺ മൗണ്ടിെൻറ ലോങ്റേഞ്ചർ ആഴ്സനൽ ഗോളി എമിലിയാനോ മാർടിനസ് തട്ടിയകറ്റിയപ്പോൾ തലയിൽ കൈവെച്ച് നിരാശപ്പെടുകയും, തൊട്ടുപിന്നാലെ പുലിസിച്ചിെൻറ ഗോളിൽ തുള്ളിച്ചാടുകയും ചെയ്യുന്ന ഫ്രാങ്ക് ലാംപാർഡിനെ കണ്ടപ്പോൾ ആരാധകമനസ്സിൽ ആ പഴയ ചെൽസി കാലം ഒാടിയെത്തി.
തൊട്ടുപിന്നാലെ, ആഴ്സനൽ തിരിച്ചടിച്ചപ്പോൾ അതേ ആവേശത്തിൽ ആർടേറ്റയും ആഘോഷങ്ങളും സ്ക്രീനിൽ തെളിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ പരിശീലക കുപ്പായത്തിലെത്തിയ ആർടേറ്റക്ക് തിളക്കമുള്ള നേട്ടമാണ് കിരീട വിജയം. പരിശീലക വേഷത്തിലെ ആദ്യ വർഷംതന്നെ സുപ്രധാന കിരീടമണിയാൻ കഴിഞ്ഞുവെന്നത് മുൻ താരത്തിെൻറ നേട്ടങ്ങളിലെ പൊൻതൂവൽ കൂടിയായി. കളിക്കാരനായി നേരത്തേ രണ്ടു തവണ ആർടേറ്റ എഫ്.എ കപ്പ് ജയിച്ചിരുന്നു. എന്നാൽ, അതിനെക്കാൾ മധുരമുള്ളതാണ് ഇൗ വിജയമെന്നായിരുന്നു പരിശീലകെൻറ പ്രതികരണം. അതിന് നന്ദിപറയുന്നത്, മാഞ്ചസ്റ്റർ സിറ്റിയിൽ തെൻറ ഹെഡ് കോച്ചായിരുന്ന പെപ് ഗ്വാർഡിയോളയോടാണ്.
ഡിസംബറിൽ ചുമതലയേൽക്കുേമ്പാൾ കുത്തഴിഞ്ഞുനിന്ന്, ലീഗ് പോയൻറ് പട്ടികയിൽ ഏറെ പിന്നിലായിപ്പോയ ആഴ്സനലായിരുന്നു ആർടേറ്റയുടെ കൈയിലെത്തിയത്. പ്രതിസന്ധിയുടെ ആറുമാസം തരണം ചെയ്ത് ക്ലബ് കിരീട വിജയമാഘോഷിക്കുേമ്പാൾ ആർടേറ്റയും ഹാപ്പിയാണ്. പ്രീമിയർ ലീഗിൽ ടീമിനെ എട്ടാം സ്ഥാനത്തെത്തിച്ചതും ആശ്വാസമാണ്.
ഹാപ്പി ആഴ്സനൽ
കിരീടവിജയങ്ങൾ മറന്നിട്ടില്ലെന്ന് ആഴ്സനലിനെ ഇടക്കിടെ ഉണർത്തുന്നതാണ് എഫ്.എ കപ്പ്. പ്രീമിയർ ലീഗും വിജയം നുകർന്നിട്ട് പതിറ്റാണ്ടിലേറെയായി. ചാമ്പ്യൻസ് ലീഗ് വിജയം ഇതുവരെ അനുഗ്രഹിച്ചിട്ടില്ല. ഇതിനിടയിൽ ആഴ്സനലിനും ആരാധകർക്കും ആശ്വാസമാണ് ഇടക്കിടെ വന്നെത്തുന്ന എഫ്.എ കപ്പ്. 149 വർഷം പഴക്കമുള്ള ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയവരെന്ന റെക്കോഡ് കൈവിടാതെ ശനിയാഴ്ച രാത്രിയിൽ ആഴ്സനൽ തങ്ങളുടെ 14ാം കിരീടമണിഞ്ഞു. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ ഫ്രാങ്ക്ലാംപാർഡിെൻറ ചെൽസിയെ 2-1ന് തോൽപിച്ചാണ് മൈകൽ ആർടേറ്റയുടെ ആഴ്സനൽ കിരീട വിജയം നുകർന്നത്.
കളിയുടെ അഞ്ചാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചിെൻറ ഗോളിലൂടെ ചെൽസിയാണ് സ്കോർബോർഡ് ചലിപ്പിച്ചതെങ്കിലും പിന്നെ സ്റ്റാർ സ്ട്രൈക്കർ പിയറി എംറിക് ഒബുമെയാങ്ങ് കളം ഏറ്റെടുത്തു. 28ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചും, 67ാം മിനിറ്റിൽ നികോളസ് പെപെ നൽകിയ ക്രോസിൽ വലകുലുക്കിയുമാണ് ഒബുമെയാങ്ങ് വിജയം സമ്മാനിച്ചത്. 2017ലാണ് ആഴ്സനൽ അവസാനമായി കിരീടമണിഞ്ഞത്. ഇതേ വർഷം കമ്യൂണിറ്റി ഷീൽഡ് കിരീടവും അവർ ചൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.