മെൻസക്ക് വിധിയുടെ ‘റെഡ് കാർഡ്’; കരുതലോടെ മലയാളമണ്ണ്
text_fieldsകൊച്ചി: കേരളത്തിെൻറ സെവൻസ് പാടങ്ങളിൽ ജീവിത സൗഭാഗ്യങ്ങൾ കൊയ്തെടുക്കാൻ പറന്നിറങ്ങിയ ഒരു ഘാനക്കാരൻ സ്റ്റോപ്പർ ബാക്കുണ്ട്; തൃശൂർ ജയ ബേക്കറി ഫുട്ബാൾ ടീമിലെ സ്റ്റീഫൻ ക്വാസി മെൻസ. കോവിഡ് സെവൻസ് പാടങ്ങളെ ലോക്ഡൗണിൽ കുടുക്കിയപ്പോൾ വിധി അപ്രതീക്ഷിതമായി ഈ 26കാരെൻറ ജീവിതത്തിലും കരിനിഴൽ വീഴ്ത്തി; ഗുരുതര കരൾരോഗത്തിെൻറ രൂപത്തിൽ. സ്വന്തം രോഗം എന്തെന്നുപോലും അറിയാതെ കുന്നംകുളം കേച്ചേരിയിലെ താമസസ്ഥലത്ത് കഴിയുകയാണ് ഈ താരം.
നാലുമാസമായി മെൻസയെയുംകൊണ്ട് ആശുപത്രികൾ കയറിയിറങ്ങുകയാണ് ടീം മനേജർ റഫീഖ് തൃശൂർ. ‘‘അമ്മയും അച്ഛനും ഇല്ലാത്ത അവന് ഘാനയിൽ സഹോദരനും സഹോദരിയും മാത്രമാണുള്ളത്. ഏറെ സ്നേഹമാണ് അവന്. വളരെ മോശം അവസ്ഥയിലാണെന്ന് ഡോക്ടർമാർ പറയുന്നു’’ -റഫീഖിെൻറ വാക്കുകൾ. പ്രിയ സുഹൃത്തിന് മുന്നിൽ എല്ലാം സാധാരണ പോലെയെന്ന് അഭിനയിച്ച് അഞ്ച് ആഫ്രിക്കൻ താരങ്ങളും കൂട്ടിനുണ്ട്.
കഴിഞ്ഞ ഡിസംബർ പകുതിയോടെയാണ് തൃശൂർ ജയ ബേക്കറി ഫുട്ബാൾ ടീമിലേക്ക് സ്റ്റീഫൻ ക്വാസി മെൻസ എത്തിയത്. ജനുവരി, ഫെബ്രുവരി ഉൾപ്പെടെ രണ്ടര മാസത്തിനിടെ 20 മത്സരങ്ങളിൽ കളിച്ചു. കോവിഡ് കേരളത്തിലുമെത്തി ഫുട്ബാൾ മാച്ചുകൾ നിർത്തിവെച്ചതോടെ കേച്ചേരിയിലെ താമസസ്ഥലത്ത് ക്വാസി മെൻസയും ലോക്കായി. അങ്ങനെയൊരു ദിനത്തിൽ പനിയും ഛർദിയും പിടിപെട്ട് ആദ്യം തൃശൂർ അശ്വതി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും ചികിത്സ തേടി.
സ്കാനിങ്ങിൽ കരളിൽ ഒരു തടിപ്പ് കണ്ടു. കൂടുതൽ പരിശോധനയിലാണ് രോഗത്തിെൻറ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. എറണാകുളം ലിസി ആശുപത്രിയിൽ രണ്ടുദിവസം മുമ്പും ചികിത്സെക്കത്തി. കരൾ മാറ്റിവെച്ചാൽ പോലും ഫലമില്ലാത്ത സ്റ്റേജിൽ എത്തിയെന്നാണ് ഡോക്ടർമാരുടെ അനുമാനം. ഘാനയിലെ വീട്ടിൽ കാത്തിരിക്കുന്ന സഹോദരങ്ങളുെട അടുക്കലേക്ക് ക്വാസി മെൻസയെ അയക്കാൻ മെഡിക്കൽ വിസയുൾപ്പെടെ എടുത്തുവെച്ചിട്ടുണ്ട് ടീം മാനേജ്മെൻറ്.
ഭാര്യയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ പണയപ്പെടുത്തിയാണ് റഫീഖ് തുക കണ്ടെത്തിയത്. നാലുലക്ഷം രൂപയോളം ഇതുവരെ ചികിത്സക്ക് ചെലവഴിച്ചു. അന്താരാഷ്ട്ര ൈഫ്ലറ്റുകൾ ആരംഭിച്ചാൽ എങ്ങനെയും കുടുംബത്തോട് ചേരാൻ മെൻസയെ അയക്കാൻ പരിശ്രമിക്കുകയാണ് റഫീഖ്. രണ്ടാഴ്ചയെങ്കിലും അതിനിനിയും വേണം. ഉന്നതങ്ങളിൽനിന്ന് ഇടപെടലുണ്ടായാൽ പ്രത്യേക അനുമതിയോടെ ചാർട്ടേഡ് ൈഫ്ലറ്റ് ലഭിച്ചാൽ സ്റ്റീഫൻ ക്വാസി മെൻസക്ക് ഈ നിർണായക നാളുകളിൽ കുടുംബത്തോടൊപ്പം ചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.