നറുക്കെടുപ്പിന് കാനുവും കാംബിയാസോയും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ടൂർണമെൻറായ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് നറുക്കെടുപ്പിന് തിളക്കമേകാൻ ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളെ കൊണ്ടുവരാനുള്ള സംഘാടകരുടെ നീക്കം പാളുന്നു. ആദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയും പിന്നീട് ലയണൽ മെസ്സി, നെയ്മർ എന്നിവരിൽ ഒരാളും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇവരാരും ജൂലൈ ഏഴിന് നടക്കുന്ന നറുക്കെടുപ്പിന് ഉണ്ടാവില്ലെന്നാണ് ഒടുവിലത്തെ സൂചന.
പകരം മുമ്പ് അണ്ടർ 17 ലോകകപ്പുകളിൽ തിളങ്ങിയ നൈജീരിയയുടെ നുവാൻകോ കാനുവും അർജൻറീനയുടെ എസ്തബാൻ കാംബിയാസോയുമാണ് എത്തുകയെന്നാണ് റിപ്പോർട്ട്. അർജൻറീനയും നൈജീരിയയും ലോകകപ്പിനില്ലെങ്കിലും താരങ്ങളുടെ സാന്നിധ്യം ടൂർണമെൻറിന് മുതൽക്കൂട്ടാവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
1993ൽ നൈജീരിയ അണ്ടർ 17 ലോകകപ്പ് നേടിയപ്പോൾ മിന്നുംതാരമായിരുന്നു കാനു. പിന്നീട് ഒളിമ്പിക്സിലും തിളങ്ങിയ കാനു അയാക്സ് ആംസ്റ്റർഡാം, ആഴ്സനൽ, ഇൻറർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് പന്തുതട്ടി. നൈജീരിയക്കായി 87 കളികളിൽ ബൂട്ടുകെട്ടിയിട്ടുണ്ട് 40കാരൻ. ചാമ്പ്യൻസ് ലീഗ് ട്രോഫിയും മൂന്നു വീതം ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്.എ കപ്പ് കിരീടവും കാനുവിെൻറ ഷോകേസിലുണ്ട്.1997ലെ ഫിഫ യൂത്ത് വേൾഡ് കപ്പ് (അണ്ടർ 20 ലോകകപ്പ്) അർജൻറീന ജയിച്ചപ്പോൾ ടീമിലെ അവിഭാജ്യഘടകമായിരുന്നു കാംബിയാസോ. ഫൈനലിൽ ഉറുഗ്വായിക്കെതിരെ ഗോളും നേടിയിരുന്നു താരം. റയൽ മഡ്രിഡ്, ഇൻറർമിലാൻ ക്ലബുകൾക്ക് കളിച്ച താരം ഇപ്പോൾ ഗ്രീസിലെ എഫ്.സി ഒളിമ്പ്യാക്കോസിനാണ് പന്തുതട്ടുന്നത്. 52 തവണ അർജൻറീന ജഴ്സിയണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.