പെറു കളിച്ചു; ഫ്രാൻസ് ജയിച്ചു
text_fieldsമോസ്കോ: പ്രവചനങ്ങളെ ഒരിക്കൽകൂടെ സാധൂകരിച്ച് പെറുവിനെതിരായ രണ്ടാം മത്സരവും അനായാസം കീശയിലാക്കി ഫ്രാൻസ് ലോകകപ്പ് പ്രീ ക്വാർട്ടറിൽ. 34ാം മിനിറ്റിൽ കിലിയൻ എംബാപ്പെ നേടിയ മനോഹര ഗോളിലാണ് ഫ്രാൻസ് ഗ്രൂപ് സിയിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ ടീമായത്. ആദ്യ രണ്ടു കളികളും തോറ്റ പെറുവിന് ഒരു മത്സരം ശേഷിക്കേ പ്രീക്വാർട്ടർ പ്രതീക്ഷ അവസാനിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ പഴികേട്ടവനെന്ന് സ്വയം വിശേഷിപ്പിച്ച േപാഗ്ബയുൾപ്പെടെ ഫ്രഞ്ച് നിരയിൽ ഒാരോ താരവും മികവിെൻറ പുരുഷന്മാരായി തിളങ്ങിയ മൈതാനത്ത് പെറുവിെൻറ ലാറ്റിനമേരിക്കൻ കരുത്ത് ഏശിയതേയില്ല. ഇൗ ലോകകപ്പ് ജയിക്കാൻ ഏറ്റവും പ്രതീക്ഷയുള്ള ടീമുകളിലൊന്നായി വാഴ്ത്തപ്പെട്ട ഫ്രഞ്ച് നിര പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും ഒരുപോലെ ഒത്തിണക്കം കാണിച്ചതാണ് ഇൗ മത്സരത്തിലെ സവിശേഷത. നിർഭാഗ്യം കൂടെനിന്ന് നഷ്ടമായ അവസരങ്ങളിൽ പാതിയെങ്കിലും ലക്ഷ്യം കണ്ടിരുന്നെങ്കിൽ പെറുവിെൻറ തോൽവി കനത്തതായേനെ.
വിസിൽ മുഴങ്ങി ആദ്യ നിമിഷങ്ങളിൽ അതിവേഗ നീക്കങ്ങളുമായി പുൽമൈതാനത്തെ ത്രസിപ്പിച്ചത് പെറുവായിരുന്നു. രണ്ടാം മിനിറ്റിൽ ക്യാപ്റ്റൻ ഗരീറോ തുടങ്ങിവെച്ച ആക്രമണം അടുത്ത നമിഷങ്ങളിൽ സഹതാരങ്ങൾ ഏറ്റെടുത്തപ്പോൾ ലാറ്റിനമേരിക്കൻ ടീം ഒരു സമനിലയെങ്കിലും പിടിക്കുമെന്ന പ്രതീതിയുയർത്തി. പതിയെ കളിയിലേക്കു വന്ന ഫ്രാൻസ് പക്ഷേ, കളം വാഴുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. പവാർഡും എംബാപ്പെയും പോഗ്ബയും ഗ്രീസ്മാനും ഒരുപോലെ ആക്രമണവുമായി എതിർനിരയിൽ വട്ടമിട്ടുനിന്നു. എട്ടാം മിനിറ്റിൽ ജിറൂഡ് ആദ്യ അവസരം തുറന്നു.
എംബാപ്പെക്കു ലഭിച്ച പന്ത് ഗ്രീസ്മാന് കൈമാറാൻ ശ്രമിച്ചത് പെറു പ്രതിരോധത്തിൽ തട്ടിവീണു. പിറകെ, 12ാം മിനിറ്റിൽ 25 വാര അകലെനിന്ന് പോഗ്ബ തൊടുത്ത പൊള്ളുന്ന ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി.
കളിമികവും കായികമികവും ഫ്രാൻസിനൊപ്പമായതോടെ വീര്യംചോർന്ന പെറുവിെൻറ ഹാഫിൽ നിരന്തരം കയറിയിറങ്ങിയ പന്ത് ഏതുനിമിഷവും പോസ്റ്റിൽ കയറുമെന്നായി. അതിനിടെ, പെറു നായകൻ ഗരീറോ അനാവശ്യമായി തർക്കിച്ച് റഫറിയിൽ നിന്ന് മഞ്ഞകാർഡും വാങ്ങി.
ആദ്യ പകുതിക്ക് 11 മിനിറ്റ് ശേഷിക്കെ ഫ്രഞ്ച് പടയോട്ടം ലക്ഷ്യംകണ്ടു. പെറു മധ്യനിരയിൽനിന്ന് ചോർന്നുകിട്ടിയ പന്തുമായി അതിവേഗം ഒാടിയ ജിറൂഡ് പോഗ്ബക്കു മറിച്ചുനൽകുന്നു. തിരിച്ച് നൽകിയ പാസ് ഒമ്പതുവാര അകലെ ജിറൂഡ് ഗോളിേലക്ക് പായിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടി. അവസരം കാത്തുനിന്ന എംബാപ്പെയുടെ കാലിലെത്തിയ പന്തിനും പോസ്റ്റിനുമിടയിൽ ഗോളി പോലുമില്ലായിരുന്നു. അനായാസം വലയിലേക്ക് തട്ടിയിട്ട് ഫ്രഞ്ച് ടീമിന് ലീഡും വിജയവും നൽകുേമ്പാൾ എംബാപ്പെ, ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദേശീയ താരം കൂടിയായി. ഡേവിഡ് ട്രെസിഗെ 20ാം വയസ്സിൽ 1998െല ലോകകപ്പിൽ നേടിയ ഗോളാണ് 19ാം വയസ്സിൽ പി.എസ്.ജി താരം മറികടന്നത്.
ഗോൾ കൂടി സ്വന്തമായ ആവേശത്തിൽ ആക്രമണം കനപ്പിച്ച ഫ്രാൻസ് മുന്നേറ്റത്തിനു മുന്നിൽ തളരാതെ പെറു പന്തു തട്ടിയതോടെ മത്സരം വീണ്ടും മുറുകി. പെറുവിന് ലഭിച്ച അവസരങ്ങളിലേറെയും ലക്ഷ്യത്തിന് ഏറെ അകലെ അവസാനിച്ചപ്പോൾ മറുവശത്ത് ഗോൾ പിന്നെയും വീഴുമെന്നതായി സ്ഥിതി. 54ാം മിനിറ്റിൽ പോഗ്ബയുടെ ഫ്രീകിക്കും എതിർ പോസ്റ്റിൽ 68, 74 മിനിറ്റുകളിൽ ഗോളെന്നുറച്ച പെറു നീക്കങ്ങളും ഗാലറിയെ ആവേശത്തിലാഴ്ത്തി.
കളിയുടെ 57 ശതമാനവും നിയന്ത്രിച്ചത് പെറുവായിരുന്നുവെങ്കിലും ഗോൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ഫ്രാൻസിനായിരുന്നു ആധിപത്യം.
ഇരുവശത്തും രണ്ടുപേർവീതം കാർഡ് വാങ്ങി. ഗോൾ നേടിയ എംബാപ്പെയാണ് കളിയിലെ കേമൻ.
രണ്ട് കളികളിൽ നിന്നായി ആറുപോയിൻറുള്ള ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാമതായപ്പോൾ രണ്ടു കളികളിലും തോറ്റ പെറു പുറത്തായി. ഫ്രാൻസിന് ഇനി ഡെൻമാർക്കുമായി ഒരു മത്സരം ബാക്കിയുണ്ട്. അതിൽ തോറ്റാലും ഓസ്ട്രേലിയ പെറുവിനെ തോൽപിച്ചാലും അവർക്ക് പ്രീക്വാർട്ടറിലെത്താം.
ആദ്യ കളിയിൽ റാങ്കിങ്ങിൽ പിന്നിലുള്ള ഡെൻമാർക്കിനോടേറ്റ പരാജയം നൽകിയ തിരിച്ചടി മറികടക്കാനായി ജയം മാത്രം ലക്ഷ്യമിട്ടായിരുന്നു പെറു ഇറങ്ങിയത്. താരതമ്യേനെ ദുർബലരായ ആസ്ത്രേലിയയോട് കഷ്ടിച്ച് ജയിച്ച ഫ്രാൻസിനും ഇന്ന് മികച്ച പ്രകടനവും ജയവും നേടി കരുത്ത് കാേട്ടണ്ടിയിരുന്നു.
LIVE BLOG
- നാല് മിനിറ്റ് ഇഞ്ച്വറി ടൈം
- 90 മിനിറ്റുകൾ പൂർത്തിയായി
- സൂപ്പർതാരങ്ങളെയെല്ലാം പിൻവലിച്ച് ഫ്രഞ്ച് കോച്ച്. പോൾ പോഗ്ബയും 89ാം മിനിറ്റിൽ പുറത്തേക്ക്. പകരക്കാരനായി സോൻസി
- 87ാം മിനിറ്റിൽ ഗ്വരീരോയുടെ ഫ്രീകിക്ക് പെറുവിന് സമനില ഗോൾ നൽകുമെന്ന് കരുതി. രക്ഷക്കെത്തി ഫ്രഞ്ച് ഗോളി
- 86ാം മിനിറ്റിൽ ഫർഫാനെ ഫൗൾ ചെയ്തതിന് പോൾ പോഗ്ബക്ക് മഞ്ഞ കാർഡ്
- 84ാം മിനിറ്റിൽ പെറുവിെൻറ ആൽബർേട്ടാ ക്വേവക്ക് പകരക്കാരനായി റ്യൂഡിയസ്
- 81ാം മിനിറ്റിൽ പെറുവിെൻറ ജീസസ് അക്വിനോ സാഞ്ചസിന് മഞ്ഞ കാർഡ്
- കളി അവസാന പത്ത് മിനിറ്റിലേക്ക്. സമനിലയെങ്കിലും നേടിയില്ലെങ്കിൽ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി പെറുവിെൻറ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് കോട്ടം തട്ടും
- 79ാം മിനിറ്റിൽ സൂപ്പർതാരം ഗ്രീസ്മാന് പകരക്കാരനായി നെബീൽ ഫെകീർ കളത്തിലേക്ക്
- 75ാം മിനിറ്റിൽ ഗോളടിച്ച എംബാപ്പെ പുറത്തേക്ക്, പകരക്കാരനായി ഉസ്മാൻ ഡെംബലെ
- കളി 70 മിനിറ്റ് പിന്നിടുന്നു. ആക്രമണത്തിന് മൂർച്ച കൂട്ടിയ പെറു മുന്നേറ്റ നിരക്ക് പന്ത് ഫ്രഞ്ച് വലിയിലെത്തിക്കാനാകുന്നില്ല.
- 62ാം മിനിറ്റിൽ പെറുവിെൻറ കരില്ലോ പ്രതിരോധ നിരയെ കബളിപ്പിച്ച് ഇടം കാൽ കൊണ്ട് ഫ്രഞ്ച് വലിയിലേക്ക് തൊടുത്തുവിട്ട പന്ത് ഗോളി തട്ടിയകറ്റി.
- ആദ്യ പകുതിയിൽ ലീഡ് ചെയ്ത് നിൽക്കവെ ഫ്രാൻസ് ടീം ഇന്നേവരെ ഒരു ലോകകപ്പ് മത്സരവും പരാജയപ്പെട്ടിട്ടില്ല.
- 52ാം മിനിറ്റിൽ പെറുവിെൻറ അക്വിനോയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക്. സമനില പിടിക്കാനുള്ള അവസരം നഷ്ടമായി.
- പെറുവിൽ രണ്ട് മാറ്റങ്ങൾ. യോട്ടുണിന് പകരം ഫാര്ഹൻ. റോഡ്രിഗസിന് പകരം സാൻറാ മരിയയും ഇറങ്ങി.
- രണ്ടാം പകുതിക്ക് തുടക്കമായി
- ആദ്യ പകുതി അവസാനിച്ചപ്പോൾ പന്തടക്കത്തിൽ പെറു മുന്നിലാണെങ്കിലും ഫ്രഞ്ച് ഗോൾവല കുലുക്കാൻ അവർക്കായില്ല.
- ബോക്സിനകത്ത് നിന്ന് ജിറൂഡ് പെറു പോസ്റ്റിലേക്ക് തൊടുത്ത വിട്ട ഷോട്ട് പ്രതിരോധ താരത്തിെൻറ കാലില്‍ തട്ടിത്തെറിച്ചു. അവസരം കാത്ത് പാഞ്ഞെത്തിയ എംബാപ്പെ ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു.
- 32ാം മിനുട്ടിൽ 19 കാരൻ കെയ്ലിയൻ എംബാപെയുടെ ഗോളിൽ ഫ്രാൻസ് മുന്നിൽ
- ആദ്യ 25 മിനിറ്റുകൾ പൂർത്തിയായപ്പോൾ പെറുവിെൻറ ആക്രമണത്തിന് മുന്നിൽ വിറച്ച് ഫ്രഞ്ച് പട.
- ആദ്യ മിനുട്ടുകളിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. പന്ത് കൈവശം വെക്കുന്നതിൽ പെറു മുന്നിൽ
- ഗാലറിയിൽ 32,789 പേർ.
- മുന്നേറ്റത്തില്‍ ഡെംബലെക്ക് പകരം ഒളിവര്‍ ജിറൂഡിനെ നിയോഗിച്ചിട്ടാണ് ഇന്ന് ഫ്രാന്‍സ് കളിക്കാനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.