തിരിച്ചുപോയി മഞ്ഞപ്പട; തരിച്ചുപോയി ആരാധകക്കൂട്ടം
text_fieldsകോഴിക്കോട്: അർജൻറീന, ജർമനി, സ്പെയിൻ, പോർചുഗൽ... ലോകകപ്പ് ഫുട്ബാളിൽനിന്ന് പുറത്താകുന്നവരുടെ പട്ടികയിലേക്ക് ബ്രസീലും ചേർന്നതോടെ ആരാധകരുടെ മനം തകർന്നു. ടി.വിക്കും ബിഗ് സ്ക്രീനുകൾക്കും മുന്നിൽ പ്രതീക്ഷയോടെ കളി കണ്ടവർ കണ്ണീരണിഞ്ഞു. തല കുനിച്ച് നെയ്മറും കൂട്ടരും നിഷ്നിയിലെ മൈതാനം വിടുമ്പോൾ ആരാധകരുടെ നെഞ്ച് പിടച്ചു. സാഹിത്യ ഭംഗി നിറഞ്ഞതും ഒപ്പം എതിരാളികളെ വെല്ലുവിളിക്കുന്നതുമായ വാചകങ്ങൾ നിറഞ്ഞ ഫ്ലക്സ് ബോർഡുകൾ ഉയർത്തി മഞ്ഞപ്പടയുടെ ആരാധകർ ടീമിെൻറ കിരീട നേട്ടത്തിനായി കാത്തിരിക്കുകയായിരുന്നു. കവലകളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് കമൻറുകളിലും മറ്റെല്ലാ ആരാധകരെയും പോലെ ‘ബ്രസീലുകാരും’ പടവെട്ടി. അത്രമേൽ പ്രതീക്ഷയായിരുന്നു ഈ ടീമിൽ. ഓരോ കളി കഴിയുന്തോറും മെച്ചപ്പെട്ട് വരുന്ന ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് 1-2ന് തോറ്റത് ആരാധകരുടെ പ്രതീക്ഷകൾ തകർത്തിരിക്കുകയാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് ബ്രസീൽ ഫാൻസായിരുന്നു. ഇവയിലേറെയും തോൽവിക്ക് ശേഷം അഴിച്ചുമാറ്റി. ശനിയാഴ്ച പുലർച്ച ചിലയിടത്ത് ‘സാമൂഹിക ദ്രോഹികൾ’ ബ്രസീലിെൻറ ബോർഡുകൾ കീറിക്കളഞ്ഞിട്ടുണ്ട്. ബെൽജിയത്തിനെതിരെ മഞ്ഞക്കിളികൾ തോറ്റശേഷം നടന്ന ആഹ്ലാദ പ്രകടനത്തിൽ അർജൻറീന ആരാധകർ നുഴഞ്ഞുകയറിയതായും ബ്രസീൽ ഫാൻസ് പറയുന്നു. ബ്രസീലിെൻറ തോൽവിയോടെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ ഒഴുകുകയാണ്. നെയ്മറാണ് പതിവുപോലെ ട്രോളന്മാരുടെ പ്രധാന ഇര. കളി നിർത്തി ഇനി അഭിനയിക്കാൻ പോകുന്നതാണ് നല്ലതെന്ന് നെയ്മറെ ട്രോളന്മാർ ഉപദേശിക്കുന്നു.
ഫെർണാണ്ടീന്യോയുടെ സെൽഫ് ഗോളടക്കം ബ്രസീൽ രണ്ട് ഗോൾ നേടിയിട്ടും ഒരു ഗോൾ മാത്രം നേടിയ ബെൽജിയത്തെ ജയിപ്പിച്ചത് ശരിയായില്ലെന്നും എതിരാളികൾ കളിയാക്കുന്നു. അർജൻറീനക്ക് പിന്നാലെ ബ്രസീൽ കൂടി പുറത്തായതോടെ ആരാധകരുടെ ‘തള്ളിന്’ ശമനമുണ്ടായതായി യൂറോപ്യൻ ടീമുകളെ പിന്തുണക്കുന്നവർ പറയുന്നു.കടുത്ത ഫാൻസിന് മാത്രമല്ല കാൽപന്തുകളിയെ സ്നേഹിക്കുന്നവർക്കെല്ലാം സങ്കടകരമായ കാഴ്ചയാണ് ബ്രസീലിെൻറ മടക്കമെന്ന് മുൻ ഇന്ത്യൻ ഗോളി കെ.പി. സേതുമാധവൻ പറഞ്ഞു.
പെലെയും ഗരിഞ്ചയും സീക്കോയും റൊണാൾഡോയും റൊണാൾഡീന്യോയുമെല്ലാം ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ എക്കാലവും തത്തിക്കളിക്കുന്ന പേരുകളാണ്. എന്തു പറഞ്ഞാലും അവരുടെ കളിക്ക് ഒരു ചേലുണ്ട്. ആദ്യ 10 മിനിറ്റിൽ നെയ്മറും കൂട്ടരും നന്നായി കളിച്ചു. എന്നാൽ, ബെൽജിയം കൃത്യമായ ഗൃഹപാഠം ചെയ്തും സാഹചര്യത്തിനനുസരിച്ച് തന്ത്രങ്ങൾ മാറ്റിയും വിജയം തട്ടിയെടുത്തെന്നും സേതുമാധവൻ പറഞ്ഞു.
ഉള്ളിൽ സങ്കടമുണ്ട്ട്ടോ...
പൊന്നാനി: റഷ്യയിലെ കാൽപന്ത് കളിയുടെ മാമാങ്കം അവസാന ലാപ്പിലേക്ക് നീങ്ങിയതോടെ അടിതെറ്റിവീണ വമ്പൻ ടീമുകളുടെ ആരാധകർ ഉള്ളിലെ സങ്കടം അടക്കാനാവാത്ത സ്ഥിതിയിലാണ്. ജില്ലയിൽ ലക്ഷങ്ങൾ ചെലവഴിച്ച് കൂറ്റൻഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച ബ്രസീലിയൻ ആരാധകർ കഴിഞ്ഞ ദിവസത്തെ തോൽവിയോടെ ഷോക്കേറ്റ അവസ്ഥയിലായി. റോഡരികുകളിൽ തലയുയർത്തി നിന്നിരുന്ന നെയ്മറുടെയും സംഘത്തിെൻറയും ഫ്ലക്സ് ബോർഡുകൾ മാറ്റുന്ന തിരക്കിലാണ് ആരാധകവൃന്ദം.
തങ്ങളുടെ ഇഷ്ട ടീം ജയിക്കുന്നത് കാണാൻ ഏറെ പ്രതീക്ഷയോടെയാണ് പലരും. ക്ലബുകൾക്ക് മുന്നിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിന് മുന്നിലെത്തിയതെങ്കിലും ഗോൾ വല കുലുങ്ങിയതോടെ തന്നെ ആരാധകർ നിരാശയിലായി. എതിർ ടീമിെൻറ ആരാധകരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും അടക്കിപ്പിടിച്ച ദുഃഖങ്ങൾക്കുള്ളിൽ ഒതുക്കിയാണ് പലരും മത്സരം കണ്ടത്. അർജൻറീനൻ ആരാധകരാണ് ബ്രസീൽ ഫാൻസുകാരെ കടന്നാക്രമിച്ചത്. കഴിഞ്ഞദിവസം ബെൽജിയത്തോടെറ്റ തോൽവിയിൽ ട്രോൾ മഴ കൊണ്ട് നനഞ്ഞ ആരാധകർ ഫ്ലക്സുകൾ മാറ്റുന്ന തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.