ഫ്രാൻസിനെ തളച്ചു; ഡെന്മാർക്ക് പ്രീക്വാർട്ടറിലേക്ക്
text_fieldsമോസ്കോ: ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് മനസ്സിൽ കണ്ടതും ഡെന്മാർക്കുകാർ സ്വപ്നംകണ്ടതും ഒന്നായിരുന്നു. ആർക്കും പരിക്കില്ലാതെ ഒരു ഫുൾടൈം പോരാട്ടം. ഒടുവിൽ ആരും ജയിച്ചില്ല, തോറ്റുമില്ല. റഷ്യ ലോകകപ്പിലെ ആദ്യ ഗോൾരഹിത സമനിലയായി പിരിഞ്ഞ മത്സരത്തിൽ പോയൻറ് പങ്കിട്ട് ഫ്രാൻസും ഡെന്മാർക്കും ഗ്രൂപ് ‘സി’യിൽനിന്ന് പ്രീക്വാർട്ടറിലേക്ക്. രണ്ടു ജയവും ഒരു സമനിലയുമായി ഫ്രാൻസ് (ഏഴു പോയൻറ്) ഗ്രൂപ് ചാമ്പ്യന്മാരായപ്പോൾ, ഒരു ജയവും രണ്ടു സമനിലയുമായി (അഞ്ചു പോയൻറ്) ഡെന്മാർക് റണ്ണർഅപ്പായി. 2002 ലോകകപ്പിനുശേഷം ആദ്യമായാണ് ഡെന്മാർക്കുകാർ പ്രീക്വാർട്ടർ യോഗ്യത നേടുന്നത്. മറ്റൊരു മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ പെറു (2-0) മിന്നുന്ന ജയവും നേടി.
പരിക്കില്ലാത്ത പോരാട്ടം
വരാനിരിക്കുന്ന നോക്കൗട്ടിലേക്കായിരുന്നു ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിെൻറ കണ്ണുകൾ. സൂപ്പർതാരങ്ങൾക്ക് വിശ്രമം നൽകി, അതേസമയം, മത്സരത്തിനെ നിറംകെടുത്താതെയുള്ള െപ്ലയിങ് ഇലവൻ. പെറുവിനെ വീഴ്ത്തിയ ടീമിൽനിന്ന് ആറു മാറ്റങ്ങളാണ് കോച്ച് വരുത്തിയത്. ഒലിവർ ജിറൂഡും അെൻറായിൻ ഗ്രീസ്മാനും റഫേൽ വറാനെയും ഒഴികെ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം നൽകി. ഗോളി ഹ്യൂഗോ ലോറിസിനു പകരം ഒളിമ്പിക് മാഴ്സെയുടെ ഒന്നാം നമ്പർ ഗോളി സ്റ്റീവ് മൻഡാൻഡ വലക്കു കീഴിലെത്തിയപ്പോൾ പ്രതിരോധവും മധ്യനിരയും പൊളിച്ചുപണിതു. പോൾ പൊഗ്ബ, മറ്റ്യുയിഡി, എംബാപെ എന്നിവർക്കും വിശ്രമം നൽകി. രണ്ടാം നിരയിലുള്ള താരങ്ങൾക്ക് അവസരം നൽകാനും മറന്നില്ല.
എന്നാൽ, ജയിക്കാനുറച്ചിറങ്ങിയ ഡെന്മാർക്കിന് പരീക്ഷണത്തിനുള്ള സമയമായിരുന്നില്ല. എങ്കിലും ആസ്ട്രേലിയയെ നേരിട്ട ടീമിൽനിന്ന് അനിവാര്യമായ മൂന്ന് മാറ്റങ്ങൾക്ക് ഡെന്മാർക് നിർബന്ധിതമായി. കഴിഞ്ഞ കളിയിലെ ഗോൾനേട്ടക്കാരൻ യൂസുഫ് പൗൾസൻ സസ്പെൻഷൻ കാരണം പുറത്തായപ്പോൾ, സാൻഗ പ്രതിരോധത്തിലെത്തി. ആക്രമണത്തിന് ജോർജൻസണിന് പകരം ആന്ദ്രെ കോർനെലിയസിനായിരുന്നു ചുമതല.പക്ഷേ, എതിരാളിയുടെ വിജയദാഹത്തെ പന്ത് കൈവശംവെച്ചാണ് ഫ്രാൻസ് നേരിട്ടത്. ഇരു പകുതികളിലും വലിയൊരു പങ്കും അവർ പന്ത് സ്വന്തം വരുതിയിലാക്കി. 68 ശതമാനമായിരുന്നു പന്തടക്കം. എന്നാൽ, ഗോളടിക്കാൻ മറക്കുന്നവരെന്ന പരാതി മാറ്റാൻ ഇന്നും ഫ്രാൻസിന് കഴിഞ്ഞില്ല. ജിറൂഡും ഗ്രീസ്മാനും നയിച്ച ആക്രമണത്തിന് ഡെന്മാർക് പ്രതിരോധത്തെ വിറപ്പിക്കാനല്ലാതെ സൂപ്പർ ഗോളി കാസ്പർ ഷ്മൈകലിനെ വീഴ്ത്താനായില്ല. ലെസ്റ്റർ സിറ്റി ഗോളി തന്നെയായിരുന്നു കളിയിലെ സൂപ്പർതാരം. അതേസമയം, ആസ്ട്രേലിയയുടെ തോൽവി ഡെന്മാർക്കിന് രക്ഷയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.