ഇന്നലെ കണ്ടത് പുതിയ മെസ്സിയെ; ആരാധക സ്വപ്നം യാഥാർഥ്യമായ ദിനം
text_fieldsമിശിഹാ വിജാതിയർക്ക് ഏൽപ്പിക്കപ്പെടും..അവർ അവനെ പരിഹസിക്കുകയും അപമാനിക്കുകയും അവൻെറ മേൽ തുപ്പുകയും ചെയ്യും..എന്നാൽ മൂന്നാം ദിവസം ഉയിർത്തെയുന്നേൽക്കും.. ബൈബിളിലെ തിരുവചനം പോലെ അയാൾ ഉയിർത്തെഴുന്നേറ്റു. തനിക്ക് നേരെ വന്ന വിമർശന ശരങ്ങളുടെ മുനയൊടിച്ചു കൊണ്ട്, തൻെറ കരിയർ പോസ്റ്റുമാർട്ടം ചെയ്യാൻ നിൽക്കുന്നവർക്ക് മുമ്പിൽ അയാൾ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു.
ഐസ്‌ലൻഡിനോടും ക്രോയേഷ്യയോടും ഏറ്റുമുട്ടിയപ്പോൾ കണ്ട മെസ്സിയെ അല്ല സെൻറ് പീറ്റേഴ്‌സ് ബർഗിലെ മൈതാനത്ത് കണ്ടത്. അയാൾ ശാന്തനായിരുന്നു. വിഷാദഭാവങ്ങളില്ല, പൊരുതാനുറച്ചതിൻെറ നേരിയ പുഞ്ചിരി മാത്രം. ജയം മാത്രം ലക്ഷ്യം വെച്ചിറങ്ങിയ അർജന്റീനയെ ആയിരുന്നു കഴിഞ്ഞ മത്സരങ്ങൾക്ക് വിപരീതമായി മൈതാനത്തു കണ്ടത്. നീലയും വെള്ളയും കലർന്ന ചിത്രശലഭത്തെ പോലെ മെസ്സി മൈതാനത്തു പാറി നടന്നു. കാലിൽ കുരുത്തത് വിട്ടുകൊടുക്കാനുള്ള ദാർഷ്ഠ്യം അയാൾ പുലർത്തി. ഒന്നും എവിടെയും അവസാനിച്ചിട്ടില്ലെന്ന് പതിനാലാം മിനിറ്റിൽ അയാൾ ലോകത്തെ ഓർമിപ്പിച്ചു.
മെസ്സിയും ബനേഗയും തമ്മിലുള്ള ഫുട്ബോൾ കെമിസ്ട്രിയിൽ നിന്നുള്ള ആ ഗോളിന് അർജന്റീനയുടെ ലോകകപ്പിലെ ഇതുവരെയുള്ള യാത്രയുടെ വിലയുണ്ടായിരുന്നു. ഒരു ഇടംകാലനായിട്ടും വലംകാലിൻെറ ശക്തിയും വേഗവും അയാൾ കാട്ടിതന്നു. പോസ്റ്റിൽ തട്ടിതെറിച്ച ഒരു മഴവില്ല് പോലെയുള്ള ഫ്രീകിക്ക്, അതെ അയാൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു. ഗാലറിയിൽ അലിബിലെസ്റ്റക്കാർ ആനന്ദനൃത്തമാടി. എന്നാൽ രണ്ടാം പകുതിയുടെ ആദ്യത്തിൽ ഒരു പെനാൽറ്റി കിക്കിലൂടെ നൈജീരിയ ഒപ്പമെത്തി. പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നത് പോലെ തോന്നിയ അപ്രതീക്ഷിതമായി വഴങ്ങിയ ഗോൾ. എന്നാൽ വിട്ടുകൊടുക്കാൻ അർജന്റീന തയ്യാറല്ലായിരുന്നു. സമനിലക്ക് വേണ്ടി കളിച്ച നൈജീരിയൻ ഗോൾ മുഖത്തേക്ക് നിരന്തരം പരീക്ഷണം നടത്തി. അവസാനം കാലത്തിൻറെ കാവ്യനീതി എന്ന പോലെ ആ ഗോൾ വന്നു..
ഗാലറിയിലെ വി.ഐപി ഗാലറിയിലിരിക്കുന്ന മറഡോണയെയും സെനിറ്റിയെയും സാക്ഷിനിർത്തി റോജോ നേടിയ ഗോളിന് അര്ജന്റീനയുടെ അതിജീവനത്തിന്റെ വിലയാണ്, റോജോ ...താങ്കൾ അടിച്ച ആ ഗോൾ അർജന്റീനയുടെ ഫുട്ബാൾ ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതി വെക്കപെടും. മസ്കരാനോയുടെ പോരാട്ടവീര്യത്തിന് ബിഗ് സല്യൂട്ട്, രക്തം പൊട്ടിയൊലിച്ച മുഖവുമായി തോൽക്കാൻ തയ്യാറാവാത്തവന്റെ പോരാട്ടമായിരുന്നു അത്.
ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരെയും അതിലുപരി ഫുട്ബോൾ പ്രേമികളെയും ആനന്ദത്തിന്റെ അതിരുകളില്ലാത്ത ആകാശത്തേക്ക് പറത്തി വിട്ട് അർജന്റീന പ്രീകോർട്ടറിലേക്ക് കടന്നിരിക്കുന്നു. പോരായ്മകൾ ഒരുപാട് ഉണ്ടെന്നറിയാം, മുമ്പിലുള്ളത് വമ്പന്മാരാണെന്നുമറിയാം... എങ്കിലും കാത്തിരിക്കുന്നു.. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് എന്തായിരിക്കും മെസ്സിയും കൂട്ടരും ഒരുക്കി വെച്ചിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.