അദ്ഭുതം; ഇൗ ജർമൻ വിജയം
text_fieldsഇഞ്ചുറി സമയത്തിെൻറ അവസാന മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി ജർമനിയുടെ അദ്ഭുത വിജയം. അവസാന നിമിഷം വരെ സമനില പേടിയിലായിരുന്ന ജർമനിക്ക് ടോണി ക്രൂസാണ് കിടിലൻ ജയം സമ്മാനിച്ചത്. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായേക്കുമെന്ന വൻ നാണക്കേടില്‍ നിന്നാണ് ജര്‍മനിയുടെ ഉയിര്‍ത്തെഴുന്നേൽപ്പ്.
ഇഞ്ചുറി സമയത്തിെൻറ അവസാന നിമിഷം സ്വീഡെൻറ ഗോൾ മുഖത്തേക്ക് കുതിച്ച ജർമൻ മുന്നേറ്റ താരത്തെ ഫൗൾ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. റൂയിസ് ടച്ച് ചെയ്ത് പന്ത് ടോണി ക്രൂസ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാനം ബോട്ടങ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായാണ് ജർമനി കളിച്ചത്. അടുത്ത കളിയിൽ ദക്ഷിണകൊറിയയെ തോല്പിച്ചാല്‍ ഇപ്പോള്‍ മൂന്നു പോയൻറുള്ള ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലെത്താം. എന്നാൽ മെക്‌സിക്കോയെ സ്വീഡന്‍ വീഴ്ത്തിയാല്‍ ഗോള്‍ശരാശരിയാകും പ്രീക്വാർട്ടർ സ്ഥാനക്കാരെ നിശ്ചയിക്കുക.
32ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മുന്നിട്ട് നിന്ന സ്വീഡന് രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിന് ശേഷം തന്നെ ജർമനി തിരിച്ചടി നൽകി. മാരിയോ ഗോമസ് നൽകിയ പാസിൽ മാർക്കോ റ്യൂസാണ് സ്വീഡിഷ് വല കുലുക്കിയത്. സ്വീഡൻ ഗോൾ മുഖത്ത് നിരന്തരം അപകടം വിതച്ച ജർമൻ പടയുടെ മുമ്പിൽ പലപ്പോഴും സ്വീഡിഷ് പ്രതിരോധം കാഴ്ചക്കാരായിരുന്നു. ഭാഗ്യം കൊണ്ടാണ് ഒാരോ തവണയും അവർ രക്ഷപ്പെട്ടത്.
32ാം മിനിറ്റിൽ ഒ. ടൊയ്വോനെൻറ അതിമനോഹരമായ ഗോളിലാണ് സ്വീഡൻ ലീഡ് ചെയ്തത്. ഉറപ്പായ ഒരു പെനാൽട്ടി നിഷേധിക്കപ്പെട്ട ദുഃഖത്തിലിരുന്നു സ്വീഡൻ നൽകിയ മധുര പ്രതികാരമായി ടൊയ്വോനെൻറ ഗോൾ. ക്ലേസൻ നൽകിയ പാസ് ജർമൻ പ്രതിരോധത്തെ തകർത്ത് അതിവിധഗ്ദമായി ടൊയ്വോനൻ ഉയർത്തയടിക്കുകയായിരുന്നു. സ്വീഡിഷ് സ്ട്രൈക്കർ മാർക്കസ് ബർഗിനെ ജെറോം ബോട്ടെങ് ബോക്സിനകത്ത് പിന്നിൽനിന്ന് വീഴ്ത്തിയതിന് സ്വീഡിഷ് താരങ്ങൾ പെനാൽട്ടിക്കായി റഫറിയോട് ആവശ്യപ്പെെട്ടങ്കിലും വിധിച്ചില്ല.
റഷ്യ ലോകകപ്പിൽ മെക്സിക്കോക്കെതിരായ അട്ടിമറി തോൽവിയുടെ ഞെട്ടൽ മാറാത്ത ജർമനിക്ക് ഇന്ന് സ്വീഡെൻറ പരീക്ഷണം അതി ജീവിക്കണമായിരുന്നു. ടൂർണമെൻറ് ഫേവറിറ്റുകളായെത്തിയാണ് 1982ന് ശേഷം ആദ്യമായി ജർമനി ലോകകപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്. ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി വരുന്ന സ്കാൻഡിനേവിയക്കാരെ ജർമനി നിസാരമായി കാണ്ടിരുന്നില്ല.
മെക്സിക്കോ കൊറിയയെ തോൽപിച്ച സ്ഥിതിക്ക് ഇന്ന് സമനില വഴങ്ങിയാൽ പോലും ജർമനിക്ക് അപകടമായിരുന്നു. 2006ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന സ്വീഡനും ഇന്ന് തോൽക്കാതിരിക്കാൻ മരിച്ച് കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.