ആരവങ്ങളേ, മടങ്ങിവരൂ
text_fieldsഖൽബിനുള്ളിൽ കാൽപന്തിെൻറ ഒരു ഖനി കരുതി െവച്ചിരിക്കുന്നവരാണ് ജർമൻ ജനത. ഏതെങ്കിലും രീതിയിൽ ഒരു പന്തുകളിയില്ലാത്ത ദിവസങ്ങളെക്കുറിച്ച് അവർക്ക് ചിന്തിക്കാനേ കഴിയില്ല. അതുകൊണ്ടാണ് പാർപ്പിടത്തിനു ചുറ്റുവട്ടത്തൊക്കെ പന്തുകളിക്കാൻ ഇടങ്ങളും ചെറുതും വലുതുമായ ക്ലബുകളും പണിതുയർത്തിയത്. അവയുടെ എണ്ണം 26,000 എന്നറിയുേമ്പാഴേ ആ ചെറിയ രാജ്യം കാൽപന്തുകളിയിൽ എന്തുമാത്രം സമ്പന്നമെന്നു നാമറിയൂ. വനിതാവിഭാഗത്തിൽ അവർക്കുള്ളത് 8600 ക്ലബുകളാണ്. ഇതൊക്കെയാണ് അവരെ ലോകത്തിലെ ഫുട്ബാൾ ശക്തിയാക്കി നിലനിർത്തുന്നതും. ഇവിടെ 99 ശതമാനം ക്ലബുകളും പ്രവർത്തിക്കുന്നത് ജനകീയ പങ്കാളിത്തത്തോടെയാണ്.
31 വർഷത്തെ എെൻറ ജർമൻ ജീവിതത്തിൽ മിക്കവാറും സന്ധ്യകൾ ഏതെങ്കിലും ഒരു കളിക്കളത്തിൽ തന്നെയായിരുന്നു. പരിശീലനവും മത്സരങ്ങളും ലിംഗ, പ്രായ വ്യത്യാസങ്ങളില്ലാതെ അവിടങ്ങളിൽ നടക്കുന്നുണ്ടാവും. അപ്പോഴാണ് പെട്ടെന്നൊരു ദിവസം മുന്നറിയിപ്പുകൾ ഒന്നുമില്ലാത്ത ആ പ്രഖ്യാപനം വെള്ളിടി പോലെ ജർമൻ ജനതയെ തേടിവന്നത്. ചൈനയിൽ പടർന്നുപിടിച്ച ഒരു മഹാമാരി മാനവകുലത്തിനുതന്നെ ഭീഷണിയായിരിക്കുന്നു. അത് തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി അടുത്തദിവസം മുതൽ ഒരു കളിക്കളവും തുറക്കാൻ പാടില്ല. ഒരു കളിയും അനുവദിക്കാനുമാകില്ല. ഞെട്ടലോടെയായിരുന്നു അത് കേട്ടത്. അതിനിടയിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ ഒരു മത്സരവും നടന്നു. അതുകൊണ്ടും കാര്യമുണ്ടായില്ല. അടച്ചിട്ട കളിക്കളത്തിനു പുറത്ത് ആയിരങ്ങൾ അണിനിരന്നു. അതോടെ, കളിക്കളങ്ങൾക്കു മൊത്തം പൂട്ടുവീണു
അടച്ചിരിക്കലിനും നിയന്ത്രണങ്ങൾക്കും അപ്പുറം, മത്സരാഘോഷവും ആരവങ്ങളുമില്ലാത്ത കളിക്കളങ്ങൾ. അത് ഓരോ ജർമൻകാരെൻറയും സ്വകാര്യദുഃഖമായി. കാൽപന്തുകളി അവരുടെ ജീവിതവുമായി അത്രയേറെ ഇഴചേർന്നു കിടന്നിരുന്നു അവരുടെ ഫുട്ബാളും ജീവിതവും. ഈ സീസണിലെ ലീഗ് മത്സരങ്ങൾ അതിെൻറ പാരമ്യതയിൽ എത്തിനിന്നപ്പോഴാണ് കോവിഡ് മഹാമാരി പടർന്നുപിടിച്ചത്. അതോടെ മത്സരങ്ങൾ നിർത്തിവെച്ചു. ടീം പരിശീലനങ്ങൾ ഒഴിവാക്കി. കൃത്യമായ പരിശീലനങ്ങളിലൂടെ നിലനിർത്തേണ്ട കായികക്ഷമത തുടരാനാകാതെ വിഷമിക്കുന്ന വമ്പൻ കളിക്കാരടക്കം വീട്ടു തടങ്കലിൽ എന്നതുപോലായി. ഈ നില തുടരുകയാണെങ്കിൽ, കനത്ത സാമ്പത്തിക പ്രതിസന്ധി കാരണം മുൻനിരയിലെ 13 ക്ലബുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ഭീഷണിയും വന്നു.
അപ്പോഴാണ് കാൽപന്തുകളിയുടെ യഥാർഥ സ്നേഹസ്പർശം കണ്ടറിഞ്ഞത്. പ്രതിദിന ടിക്കറ്റ് വരുമാനംകൊണ്ടുമാത്രം നിലനിന്നിരുന്ന മൂന്നാംനിര, അമച്വർ ടീമുകൾക്ക് സഹായവുമായി ബുണ്ടസ് ലീഗ താരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോൺ ഗോരസ്കയും ‘വി കിക്ക് കൊറോണ’ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങി. അതുപോലെ ഡോർട്ടുമുണ്ട് മേഖലയിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ രക്ഷകനായി മാർക്കോ റോയീസ് എത്തി.
എന്നാൽ, ചീറിപ്പായുന്ന പന്തുകൾക്കും അവക്കൊപ്പം കുതിച്ചെത്തുന്ന കാലുകൾക്കും ഉയരുന്ന ആരവങ്ങൾക്കും നടുവിലായിരുന്ന വൻകിട സ്റ്റേഡിയങ്ങളിലെ വമ്പൻ ഗാലറികൾ നിശ്ചലമായപ്പോൾ അത് ഉണ്ടാക്കിെവച്ച നഷ്ടം ഒരു കണക്കിലും ഒതുങ്ങിയില്ല. മറ്റു രാജ്യങ്ങളെപ്പോലെ ജർമനിയെയും മൊത്തം സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചു.
കുതിച്ചുപായുന്ന ഈ പന്തുകൾ ആഘോഷവും വിനോദവും മാത്രമല്ല ഇവർക്ക്. ലോകവ്യാപകമായി വേരുകളുള്ള ശക്തമായൊരു വ്യവസായംകൂടിയാണിത്. കൊറോണക്കാലത്ത് 750 ദശലക്ഷം യൂറോയുടെ നഷ്്ടമാണ് ജർമൻ ഫുട്ബാൾ വ്യവസായത്തിനുണ്ടായത്. കഴിഞ്ഞവർഷം, ബുണ്ടസ്ലീഗയിലെ മുൻനിര ടീമുകളിൽനിന്നായി 460 കോടി യൂറോയുടെ വരുമാനമാണുണ്ടായത്. 36 ക്ലബുകൾ മാത്രം 128 കോടി യൂറോ സർക്കാറിന് നികുതി വരുമാനമായി നൽകി. അതൊക്കെയാകാം തീക്കളിയാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ധൃതിപ്പെട്ട് ബുണ്ടസ്ലീഗ മത്സരങ്ങൾ സംഘടിപ്പിക്കാൻ, ജർമനിയെ പ്രേരിപ്പിച്ചത്. ചോരുന്ന ഖജനാവ് തിരിച്ചുനിറക്കുന്നതിലും പ്രാധാന്യമുള്ള കാര്യമായി ജർമനിയിലെ ഭരണാധികാരികൾ കണ്ടത് തങ്ങളുടെ ജനങ്ങളുടെ സ്വകാര്യദുഃഖവും മാനസിക അസ്വസ്ഥതകളും ആയിരുന്നു.
രണ്ടു മാസത്തെ ഇടവേളക്കുശേഷം വീണ്ടും മത്സരങ്ങൾ ആരംഭിച്ചപ്പോൾ ആവേശത്തോടെയാണ് വരവേറ്റത്. എന്നാൽ, ഒഴിഞ്ഞ ഗാലറിയിൽ ആരവങ്ങളൊന്നുമില്ലാത്ത കളി കണ്ടപ്പോൾ ഫുട്ബാളിെൻറ നിതാന്ത സൗന്ദര്യം നഷ്ടപ്പെട്ടതുപോലെ തോന്നി. 85,000 പേർ നിറഞ്ഞ് തുളുമ്പുന്ന ഡോർട്മുണ്ടിെൻറ കാഴ്ച വേദനിപ്പിക്കുന്നതായി. കാൽപന്തുകളിയുടെ ഒരു സ്ലോ മോഷൻ വേർഷനല്ലേ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കണ്ടത്. ഗോളടിക്കുമ്പോഴുള്ള ഉജ്ജ്വലമായ ആഹ്ലാദപ്രകടനങ്ങൾ, വ്യത്യസ്തരീതിയിലുള്ള ആഘോഷങ്ങൾ ഒക്കെ ഓർത്തെടുക്കേണ്ടി വന്ന നിർജീവമായ ഒരവസ്ഥ. ഇതെല്ലാം കാണുേമ്പാൾ എെൻറ മനസ്സു പറയുന്നു, ‘ഇങ്ങനെയാണെങ്കിൽ ഫുട്ബാൾ ഇവിടെ മരിക്കും’. കൊറോണ കൊന്നൊടുക്കിയ ലക്ഷങ്ങൾക്കൊപ്പം മനുഷ്യെൻറ കായിക ആഹ്ലാദമായ കാൽപന്തു കളിയെയും കടന്നാക്രമിച്ചിരിക്കുന്നു. ആരവങ്ങൾക്ക് നടുവിലെ ആഹ്ലാദത്തെ ഇനി നമുക്കെന്ന് തിരിച്ചുകിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.