കളിച്ചുജയിച്ച ജീവിതം, ഒടുവിൽ കോവിഡിന് മുന്നിൽ കാലിടറി ഹംസക്കോയ
text_fieldsപരപ്പനങ്ങാടി (മലപ്പുറം): മഹാരാഷ്ട്രയിൽ മലയാളക്കരയുടെ ഫുട്ബാൾ സാന്നിധ്യമായി ഒന്നര പതിറ്റാണ്ടിലധികം തലയുയർത്തി നിന്ന ഹംസക്കോയ ഒടുവിൽ കോവിഡിനുമുന്നിൽ പ്രതിരോധം ചമയ്ക്കാനാവാതെ കീഴടങ്ങി. ഇന്ത്യൻ ഫുട്ബാളിലെ മികച്ച താരങ്ങളിലെരാളായി അക്കാലത്ത് അടയാളപ്പെടുത്തിയ ഹംസക്കോയ സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്ക് വേണ്ടി പലതവണ ജഴ്സിയണിഞ്ഞിട്ടുണ്ട്. ഡിഫൻസിൽ തികഞ്ഞ മനസ്സാന്നിധ്യവും പന്തടക്കവും കൊണ്ട് ശ്രദ്ധേയനായിരുന്ന ഈ പരപ്പനങ്ങാടിക്കാരൻ, ദുരിതകാലത്ത് മഹാരാഷ്ട്രയിൽനിന്ന് ജന്മനാട്ടിലെത്തിയെങ്കിലും ഒപ്പം കൂടിയ കോവിഡ്19െൻറ ട്രാപ്പിൽ കുടുങ്ങി ജീവിതക്കളത്തിൽനിന്ന് മറയുകയായിരുന്നു.
1973 മുതൽ തുടർച്ചയായ നാലുവർഷം പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്ക്കൂളിെന പ്രതിനിധാനം ചെയ്ത് സംസ്ഥാന തലത്തിൽ ഫുട്ബാളിൽ മികച്ച താരമായി ഹംസക്കോയ തിളങ്ങി. ഇക്കാലത്ത് ലോങ്ജംപിലും മിടുക്ക് കാട്ടിയിരുന്നു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്നതിനിടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിൽ ഇടംനേടി. 1978 മുതൽ മൂന്നു വർഷം വെസ്റ്റേൺ റെയിൽവെക്ക് വേണ്ടി ബൂട്ടണിഞ്ഞു. ആർ.സി.എഫ് മുംബൈ, ടാറ്റ, ഓർകേ മിൽസ് എന്നിവയ്ക്കും ബൂട്ടുകെട്ടി.
മഹാരാഷ്ട്ര സ്റ്റേറ്റ് ടീം അംഗം, സന്തോഷ് ട്രോഫി താരം, നെഹ്റു കപ്പിനുള്ള ഇന്ത്യൻ ടീമിെൻറ ക്യാമ്പംഗം തുടങ്ങിയ വിശേഷണങ്ങളിലേക്ക് പന്തടിച്ചുയകറി. മഹാരാഷ്ട്രയിലേക്ക് ജീവിതം താൽകാലികമായി പറിച്ചുനട്ടെങ്കിലും നാട്ടിലെത്തിയാൽ കളിച്ചു പഠിച്ചു വളർന്ന പരപ്പനങ്ങാടിയിലെ ബി.ഇ.എം ഹൈസ്ക്കൂൾ മൈതാനത്തെത്തി പരപ്പനങ്ങാടിയിലെ റെഡ് വേവ്സ് കായിക കൂട്ടായ്മയിലെ പഴയകാല സുഹൃത്തുക്കളോടപ്പം പന്തുതട്ടാൻ സമയം കണ്ടെത്തുമായിരുന്നെന്ന് റെഡ് വേവ്സ് വക്താവ് ഉണ്ണികൃഷ്ണൻ അനുസ്മരിച്ചു. വോളിബാളിൽ രാജ്യാന്തര താരമായിരുന്ന ലൈലയാണ് ജീവിത സഖി. ഇന്ത്യൻ ജൂനിയർ ഫുട്ബാൾ ടീം ഗോളിയായിരുന്ന ലിയാസ് കോയ പിതാവിെൻറ പൈതൃകം പേറി കാൽപന്തുകളിയെ വഴിയേ സജീവമായി രംഗത്തുണ്ട്. കളിച്ചു വളർന്ന പരപ്പനങ്ങാടിയുടെ മണ്ണിൽ തിരിച്ചെത്തിയ കൂട്ടുകാരൻ അപ്രതീക്ഷിതമായി യാത്രപറഞ്ഞുപോയ ദുഃഖത്തിലാണ് പഴയ സുഹൃത്തുക്കളും ഫുട്ബോൾ സ്നേഹികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.