പോഗ്ബയും വാറും രക്ഷകരായി; ഫ്രാൻസ് ആസ്ട്രേലിയയെ തോൽപിച്ചു
text_fieldsകസാൻ അറീന: വാറും ഗോൾൈലൻ ടെക്നോളജിയും അകമ്പടിതീർത്ത മത്സരത്തിൽ ഫ്രഞ്ച് കരുത്തന്മാർക്ക് ജയത്തോടെ തുടക്കം. ഗ്രൂപ് ‘സി’യിലെ നിർണായക ശക്തിയായ ഫ്രാൻസ് ആസ്ട്രേലിയയെ 2-1ന് തോൽപിച്ചു. വാറിലൂടെ അനുവദിച്ച പെനാൽറ്റിയിൽ മിന്നുംതാരമായ അേൻറായിൻ ഗ്രീസ്മാനും മധ്യനിരയിലെ കരുത്തൻ പോൾ പോഗ്ബയുടെ മനോഹര ഗോളിലുമാണ് ഫ്രഞ്ച് പടയുടെ ജയം. ആസ്ട്രേലിയയുടെ ഏക ഗോളും പെനാൽറ്റിയിലായിരുന്നു. ക്യാപ്റ്റൻ മിലെ ജെഡിനകായിരുന്നു സ്കോറർ. രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. ഫ്രാൻസിെൻറ കണക്കുകൂട്ടൽ തെറ്റിച്ച് മനോഹര മത്സരം കാഴ്ചവെച്ച കങ്കാരുപ്പടക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് ഇരച്ചു കയറുകയായിരുന്നു.
കണക്കുകൂട്ടൽ തെറ്റിച്ച് ഒാസീസ്
ദിദിയർ ദെഷാംപ്സിെൻറ കണക്കുകൂട്ടൽ ആദ്യ പകുതിയിൽ ഫലംകണ്ടില്ല. ലോകോത്തര താരനിരകളുള്ള ഫ്രഞ്ച് കരുത്തർ ആസ്ട്രേലിയയെ വെള്ളംകുടിപ്പിക്കുമെന്നായിരുന്നു ഫുട്ബാൾ ലോകം കരുതിയത്. എന്നാൽ, ശരിക്കും വെള്ളംകുടിച്ചത് ഫ്രാൻസാണ്. ഒസ്മാനെ ഡെംബലെയും ഗ്രീസ്മാനും കെയ്ലിയൻ എംബാപെയും അടങ്ങിയ അതിവേഗ മുന്നേറ്റനിരയെ ഒാസീസിെൻറ പിൻനിര താഴിട്ടുപൂട്ടി. ട്രൻഡ് സെയിൻസ്ബറി, മാർക്ക് മില്ലിഗൻ എന്നിവർ മധ്യഭാഗത്തും ഇടതുവലതു വിങ്ങിലായി കുതിച്ച ഡെംബെലയെയും എംബാപെയെയും ജോഷ്വ റിഡ്സണും ആസിസ് ബെഹിച്ചും വേലിെകട്ടി തടുത്തു. ഇതോടെ ആദ്യ പകുതിയിൽ ഫ്രാൻസിെൻറ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. കോട്ടപൊട്ടിക്കാൻ ഗ്രീസ്മാനും പോഗ്ബയും കാെൻറയും കൂടെ മറ്റുള്ളവരും ചേർന്ന് ലോങ്റേഞ്ചറിന് ശ്രമിച്ചെങ്കിലും ഏശിയില്ല. ഫ്രഞ്ച് പടയുടെ ആക്രമണത്തിന് കൗണ്ടർ അറ്റാക്കിലൂടെയാണ് കങ്കാരുപ്പട മറുപടി നൽകിയത്. ആവേശം ഒട്ടും ചോരാതെ ആദ്യ പകുതിക്ക് അവസാനം. എന്നാൽ, കളിമാറിയത് രണ്ടാം പകുതിയിലാണ്.
ഗോൾ 1 58ാം മിനിറ്റ്
പോൾ പോഗ്ബയുടെ അപകടകരമായ ത്രൂപാസാണ് നിർണായകമായത്. ഗോളെന്ന് ഉറപ്പിച്ച് ഗ്രീസ്മാൻ ബോക്സിലേക്ക് കുതിച്ചു. അപകടം മണത്ത ജോഷ്വ റിഡ്സണിന് ടാക്ലിങ്ങല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. താളംതെറ്റി ഗ്രീസ്മാൻ നിലത്തേക്ക് പതിെച്ചങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. എന്നാൽ, ഫ്രഞ്ച് താരങ്ങൾ റഫറിക്കു പിന്നാലെ കൂടിയതോടെ തീരുമാനം ‘വാറിന്’ വിട്ടു. റീപ്ലേ കണ്ടുമനസ്സിലാക്കിയ റഫറി പെനാൽറ്റി പോയൻറിലേക്ക് വിരൽ ചൂണ്ടി. ഗ്രീസ്മാെൻറ ബുള്ളറ്റ് ഷോട്ട് വലയിലേക്ക്.
ഗോൾ 2 62ാം മിനിറ്റ്
ഫ്രഞ്ച് പടയുടെ ആരവങ്ങൾ നാലു മിനിറ്റിനിടെ അവസാനിച്ചു. ആരോൺ മൂയുടെ ഫ്രീകിക്ക് തലവെക്കാനുള്ള ഫ്രഞ്ച് സെൻറർബാക്ക് സാമുവൽ ഉമിറ്റിറ്റിയുടെ ശ്രമം പാളി. പന്ത് കൈയിൽ തട്ടിത്തിരിഞ്ഞു.
സമയം കളയാതെ റഫറി പെനാൽറ്റി വിധിച്ചു. ആസ്ട്രേലിയൻ ക്യാപ്റ്റൻ മിലെ ജെഡിനക് പിഴക്കാതെ പന്ത് വലയിലാക്കി. ഇതോടെ സ്കോർ സമനിലയിൽ.
ഗോൾ 3 80ാം മിനിറ്റ്
സ്കോർ 1-1ന് സമനിലയിലിരിക്കെ കളി മുറുകി. ഇരുവശത്തും ആവേശമുന്നേറ്റങ്ങൾ. ഒടുവിൽ 80ാം മിനിറ്റിൽ ഫ്രാൻസിനായി പോഗ്ബയുടെ വിജയ ഗോൾ. ഒലിവർ ജിറൂദിെൻറ പാസിൽനിന്ന് പോഗ്ബ പൊക്കിയിട്ട പന്ത് ബാറിൽ തട്ടി നിലംപതിച്ച് പുറത്തേക്ക്. റഫറിയുടെ ഗോൾലൈൻ ടെക്നോളജി സൂചന നൽകിയതോടെ ഗോളുറപ്പിച്ചു.
വാറിന് ‘അരങ്ങേറ്റം’
ലോകകപ്പിലെ ആദ്യ ‘വിഡിയോ അസിസ്റ്റ് റഫറി’ (വാർ) ടെക്നോളജി വിധിപറഞ്ഞ് ഫ്രാൻസ്-ആസ്ട്രേലിയ മത്സരം. രണ്ടാം പകുതിയിൽ (58ാം മിനിറ്റ്) അേൻറായിൻ ഗ്രീസ്മാനെ ബോക്സിൽ വീഴ്ത്തിയത് ഫൗൾ ആണോ എന്നറിയാനാണ് ‘വാർ’ ടെക്നോളജി റഫറി ഉപയോഗിച്ചത്. ഫ്രഞ്ച് താരങ്ങളുടെ അപ്പീൽ ശരിയാണെന്ന് ടച്ച്ലൈനിന് സമീപത്തെ സ്ക്രീനിൽ നോക്കി ഉറപ്പുവരുത്തിയ ഉറുഗ്വായ്ക്കാരൻ റഫറി ആൻന്ദ്രസ് ക്യൂൻഹ പെനാൽറ്റി ബോക്സിലേക്ക് വിരൽചൂണ്ടി. പിന്നാലെ 80ാം മിനിറ്റിൽ ഗോൾലൈൻ ടെക്നോളജിക്കുള്ള അവസരവും എത്തി. പോഗ്ബയുെട ഷോട്ടിൽ ബാറിൽ തട്ടി നിലത്തുപതിച്ച് പുറത്തേക്ക് വന്ന പന്ത് ആസ്ട്രേലിയൻ ഗോളി കൈക്കലാക്കിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ റഫറിയുടെ വാച്ചിൽ ഗോൾൈലൻ കടന്നതായി സൂചന ലഭിച്ചതോടെ ഗോളുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.