സൗഹൃദമത്സരം: ഇംഗ്ലണ്ടിനെ തകർത്ത് ഫ്രാൻസ്
text_fieldsപാരിസ്: ബൊറൂസിയ ഡോർട്മുണ്ടിെൻറ 20 വയസ്സുകാരൻ ഉസ്മാൻ ദിംബേലി, ബാഴ്സലോണൻ ഡിഫൻഡർ സാമുവൽ ഉമിറ്റിറ്റി, എ.എസ് മോണകോയുടെ വിങ് ഡിഫൻഡർ ഡിബ്രിൽ സിഡിബി എന്നീ മൂന്നുപേരും ദേശീയ ടീമിനായി ആദ്യ ഗോൾ നേടിയ മത്സരത്തിൽ ഫ്രാൻസിന് ഇംഗ്ലീഷുകാർക്കെതിരെ 3-2െൻറ തകർപ്പൻ വിജയം. തുല്യശക്തികളായ ഇംഗ്ലണ്ടിനെതിരെ, റയൽ താരം റാഫേൽ വരാനെയെ നഷ്ടപ്പെട്ട് പകുതി സമയത്തോളം 10 പേരായി കളിച്ചിട്ടും ഫ്രഞ്ച് പടക്ക് ത്രില്ലർ വിജയം നേടാനായത് വിജയത്തിെൻറ മാറ്റുകൂട്ടി.
ഒമ്പതാം മിനിറ്റിൽതന്നെ ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്ൻ ഗോൾ നേടിയപ്പോൾ നിറഞ്ഞുകവിഞ്ഞ ഫ്രഞ്ച് ആരാധകർ ഒന്നടങ്കം മൗനത്തിലായിരുന്നു. റഹീം സ്റ്റെർലിങ്- റിയാൻ ബെർട്രാൻഡ്-ഹാരി കെയ്ൻ സഖ്യങ്ങളുടെ അതിമനോഹര നീക്കത്തിനൊടുവിലായിരുന്നു ഗോൾ. ഇതോടെ ഉണർന്നുകളിച്ച ഫ്രാൻസ് അധികംവൈകാതെ തിരിച്ചടിച്ചു.
ബാഴ്സലോണൻ ഡിഫൻഡർ ഉമിറ്റിറ്റിയായിരുന്നു സ്കോറർ. ആഴ്സനൽ താരം ഒലിവർ ജിറൗഡിെൻറ മനോഹര ഹെഡർ ഇംഗ്ലീഷ് ഗോളി ടോം ഹീറ്റൺ കുത്തിയകറ്റിയത് ഉമിറ്റിറ്റിക്കുമുന്നിലേക്കായിരുന്നു. സമയംപാഴാക്കാതെ ഇൗ പ്രതിരോധ താരം പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റി. ഫ്രാൻസിനായി എട്ടാം മത്സരത്തിനിറങ്ങിയ താരത്തിെൻറ ആദ്യ ഗോൾ. 43ാം മിനിറ്റിലാണ് ഫ്രാൻസിെൻറ രണ്ടാം ഗോൾ. ഇത്തവണയും റീബൗണ്ട് ഗോളായിരുന്നു.
ഉസ്മാൻ ദിംേബലിയുടെ മനോഹര ഷോട്ട് ഗോളി തടുത്തിട്ടത് ദിബ്രിൽ സിഡ്ബി നിമിഷനേരംകൊണ്ട് വലയിലാക്കി. ഫ്രാൻസിനായി 10ാം മത്സരത്തിൽ ബുട്ടുകെട്ടിയ താരത്തിെൻറയും ആദ്യ ഗോളായിരുന്നു ഇത്. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിലെ അലിയെ ബോക്സിൽ വീഴ്ത്തിയതിന് റാഫേൽ വരാനെക്ക് ചുവപ്പുകർഡ് കിട്ടി. അപ്രതീക്ഷിതമായി ലഭിച്ച പെനാൽറ്റി കെയ്ൻ ഗോളാക്കി. സ്കോർ 2-2. കളി സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ചെങ്കിലും 78ാം മിനിറ്റിൽ മോണകോ താരം കീലിയൻ എംബാപ്പെയുടെ പാസിൽ ഉസ്മാൻ ദിംബേലി ഗോൾ നേടി ഇംഗ്ലണ്ടിനെതിരെ വിജയം ഉറപ്പിക്കുകയായിരുന്നു.
മറ്റൊരു സൗഹൃദ മത്സരത്തിൽ കാമറൂണിനെതിരെ കൊളംബിയ 4-0ത്തിന് വിജയിച്ചു. യാരി മിന രണ്ടുഗോൾ നേടിയപ്പോൾ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ്, ഹൊസെ ലൊക്വിയർഡോ എന്നിവർ ഒാരോ ഗോൾ വീതം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.