റഷ്യയിൽ നാണം കെട്ടു; എന്നാലും ജർമൻ കോച്ചിനെ പുറത്താക്കില്ല
text_fieldsമോസ്കോ: നോക്കൗട്ട് കാണാതെ മടങ്ങിയ ചാമ്പ്യന്മാരുടെ തന്ത്രങ്ങൾ പിഴച്ച ആശാനെ തൽക്കാലം പുറത്താക്കേണ്ടെന്ന് തീരുമാനം. എന്നാൽ, അടുത്ത നടപടി തീരുമാനിച്ചിട്ടില്ലെന്ന് കോച്ച് യോആഹിം ലോയ്വ്. ഗ്രൂപ് എഫിൽ ദുർബലരായ ദക്ഷിണ കൊറിയയോടും നേരേത്ത മെക്സികോയോടും തോൽവിയറിഞ്ഞ ടീമിന് അവസാന നിമിഷത്തിൽ നേടിയ ഗോളിൽ സ്വീഡനെ തോൽപിച്ചതു മാത്രമായിരുന്നു ആശ്വാസം.
സ്വന്തം ഇലവനിൽ വിശ്വാസമില്ലാതെ 20 അംഗ ടീമിൽ ഒരാളെയൊഴികെ എല്ലാവരെയും പരീക്ഷിച്ചതുൾപ്പെടെ കനത്ത വിമർശനമേറ്റുവാങ്ങിയ കോച്ച് ലോകകപ്പിൽനിന്ന് പുറത്തായതോടെ ജർമൻ ആരാധകരോട് മാപ്പു ചോദിച്ചിരുന്നു. ജർമൻ ടീമിെൻറ പരിശീലക പദവിയിൽ 2022 വരെ ലോയ്വുമായി കരാറുണ്ട്.
ടീമിെൻറ പരിശീലന ക്യാമ്പ് മികച്ചതായിരുന്നുവെന്നും താരങ്ങൾ നന്നായി പ്രകടനം നടത്തിയിരുന്നുവെന്നും എന്നാൽ, പിന്നീട് എന്തു സംഭവിച്ചുവെന്നറിയില്ലെന്നും ലോയ്വ് പറഞ്ഞു. ഒാസ്ട്രിയക്കും സൗദിക്കുമെതിരായ സന്നാഹമത്സരങ്ങളിൽ മങ്ങിയ ടീം അതിലേറെ മോശമായാണ് മെക്സികോക്കെതിരെ കളിച്ചത്. ഒരു സമനിലയെങ്കിലും ലഭിച്ചിരുന്നുവെങ്കിൽ പിന്നീടുള്ള മത്സരങ്ങൾ മാറുമായിരുന്നു. എളുപ്പം ജയിക്കുമെന്നുറച്ചാണ് തുടങ്ങിയതെങ്കിലും കളത്തിൽ അതുണ്ടായില്ലെന്നും കോച്ച് പറഞ്ഞു. 2006 മുതൽ ലോയ്വ് ജർമൻ ടീമിെൻറ പരിശീലക പദവിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.