മുന്നിൽ ഗോളടിക്കും ഗോവ
text_fieldsകൊച്ചി: പത്ത് ക്ലബുകളുള്ള പട്ടികയിൽ ഏഴു പോയൻറുമായി ആറാം സ്ഥാനം. ഐ.എസ്.എൽ കണക്കുപുസ്തകത്തിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ നില ഒട്ടും ശുഭകരമല്ല. ജയം അനിവാര്യമായ മത്സരത്തിലേക്കാണ് ടീം ഞായറാഴ്ച ബൂട്ടണിയുന്നത്. ഹോം ഗ്രൗണ്ടിൽ വിജയം തേടിയിറങ്ങുമ്പോൾ എതിരാളികൾ കരുത്തരായ എഫ്.സി ഗോവയാണ്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
ആദ്യ മത്സരത്തില്‍ എ.ടി.കെയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയാണ് സീസണിൽ ബ്ലാസ്റ്റേഴ്സ് വരവറിയിച്ചത്. യുവാക്കളുടെ ടീം തകർത്തു മുന്നേറുമെന്ന പ്രതീക്ഷകൾക്കിടെ രണ്ടു വീതം ഹോം, എവേ മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങി. അവസാന മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ ബംഗളൂരു എഫ്.സിയോട് 1-2നു പരാജയവും ഏറ്റുവാങ്ങി. മികച്ച താരങ്ങളുണ്ടായിട്ടും ടീമിനു ജയിക്കാനാകുന്നില്ല. പേരുകേട്ട പ്രതിരോധം പതറുമ്പോൾ എതിരാളികൾ അനായാസം ഗോൾപോസ്റ്റിലേക്കു ഇരച്ചുകയറുകയാണ്. ആറു മത്സരത്തിൽ എട്ടു ഗോളടിച്ച ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് ഏഴു ഗോളുകൾ. മറുവശത്ത്, ഗോവ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ആറു മത്സരങ്ങളിൽ നാലു ജയവും ഒാരോ സമനിലയും തോൽവിയുമായി 13 പോയൻറുമായി ഒന്നാം സ്ഥാനത്താണ് ഗോവ. 18 ഗോളുകളാണ് ഇതുവരെ അടിച്ചുകൂട്ടിയത്. ഏഴു ഗോളുകൾ വഴങ്ങി. സ്പാനിഷ് സ്ട്രൈക്കർ ഫെറാന്‍ കൊറോമിനസാണ് ആക്രമണത്തിെൻറ കുന്തമുന. ആറു കളികളില്‍നിന്ന് ഹാട്രിക് ഉള്‍പ്പെടെ ആറു ഗോളുകളാണ് കൊറോയുടെ സമ്പാദ്യം. മറ്റൊരു സ്പാനിഷ് താരമായ എഡു ബേഡിയ നാലു ഗോളുമായി പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.