ഹംസക്കോയയെ അനുസ്മരിച്ച് സഹതാരം
text_fieldsമലപ്പുറം: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച മുൻ സന്തോഷ് ട്രോഫി താരം കൂടിയായ പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയെ സഹതാരവും കാലിക്കറ്റ് സർവകലാശാല മുൻ ടീമംഗവും മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റുമായ പ്രഫ. പി. അഷ്റഫ് അനുസ്മരിച്ചു.
കളിക്കുന്ന കാലത്തും തുടർന്നും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നതായും പല ടൂർണമെന്‍റുകളും ഒന്നിച്ചു കളിച്ചതായും അദ്ദേഹം അനുസ്മരണ കുറിപ്പിൽ പറഞ്ഞു. 1975-76, 76-77 വർഷങ്ങളിൽ കാലിക്കറ്റ് സർവകലാശാല ഫുട്ബാൾ ക്യാമ്പിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലൂടെ അരങ്ങേറ്റം കുറിച്ച ഹംസക്കോയ 1976-77, 77-78 വർഷങ്ങളിലെ സർവകലാശാല ടീമിലെ മികച്ച മധ്യനിരക്കാരനായിരുന്നു. 1978ൽ വെസ്റ്റേൺ റെയിൽവേ, 81ൽ യൂനിയൻ ബാങ്ക്, 83ൽ ആർ.സി.എഫ് മുംബൈ, 84ൽ ടാറ്റ സ്പോർട്സ്, 86 മുതൽ 96 വരെ ഓർക്കെ മിൽസ് എന്നീ ടീമുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
1981 മുതൽ 86 വരെ മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച ഹംസക്കോയ രണ്ട് വർഷം ഇന്ത്യൻ ക്യാമ്പിലും പങ്കെടുത്തു. മുംബൈയിൽ എത്തുന്ന ഏതൊരു ഫുട്ബാളർക്കും ആശ്രയമായിരുന്നു അദ്ദേഹം. സ്വദേശത്തും മുംബൈയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു. ഹംസക്കോയയുടെ വിയോഗം ഫുട്ബാൾ ലോകത്തിന് തീരാനഷ്ടമാണെന്ന് അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.