ഐ ലീഗ്: ആരോസിനെ വീഴ്ത്തി (1-0); ഗോകുലത്തിന് രണ്ടാം ജയം
text_fieldsപനാജി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ വിജയത്തിനായി കാത്തിരുന്ന് വലഞ്ഞ മലയാളി ഫുട്ബാൾ പ്രേമികൾക്ക് ആഘോഷമാക്കാൻ ഐ ലീഗിൽ ഗോകുലം കേരളയുടെ വിജയാഘോഷം. തുടർച്ചയായി രണ്ടാം മത്സരത്തിലും വിജയമാവർത്തിച്ച മലബാറിയൻസ് പോയൻറ് പട്ടികയിൽ ഒന്നാം നമ്പർ. ഫെഡറേഷൻ ടീമായ ഇന്ത്യൻ ആരോസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് എവേ മണ്ണിൽ ഗോകുലത്തിെൻറ വിജയത്തുടക്കം. കളിയുടെ 49ാം മിനിറ്റിൽ ഹെൻറി കിസേകയുടെ ഗോളിൽ നിന്നായിരുന്നു വിജയം. കോഴിക്കോട്ട് നടന്ന ആദ്യ മത്സരത്തിൽ നെറോക എഫ്.സിയെ 2-1ന് തോൽപിച്ചിരുന്നു.
ആദ്യ മത്സരത്തിനിറങ്ങിയ അതേ ടീമുമായി തന്നെയാണ് കോച്ച് വലേര ആരോസിനെയും നേരിട്ടത്. മാർകസ് ജോസഫും കിസേകയും നയിച്ച ആക്രമണ നിര ആദ്യ 20 മിനിറ്റിൽ ആരോസ് ഗോൾമുഖം പ്രകമ്പനം കൊള്ളിച്ചു. എന്നാൽ, ഗോൾകീപ്പർ സമിക് മിത്രയുടെ തകർപ്പൻ ഫോമിൽ എല്ലാം വഴിതെറ്റി. വിങ്ങിൽ നായകൻ വിക്രം പ്രതാപും കരുത്തുറ്റ കാവൽക്കാരനായി. ആദ്യ പകുതി ഗോകുലത്തിെൻറ മെയ്ക്കരുത്തിനെയും സാങ്കേതിക മികവിനെയും വെല്ലുവിളിച്ച ആരോസ് സ്കോർ ബോർഡ് ശൂന്യമാക്കി നിലനിർത്തി.
രണ്ടാം പകുതിയിലെ നാലാം മിനിറ്റിൽ തന്നെ ഗോകുലത്തിന് ലീഡ് നേടാനായി.
ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച കിസേക അനായാസ ഡ്രിബ്ലിങ്ങിലൂടെ പന്ത് വലയിലെത്തിച്ച് വിജയ ഗോൾ സമ്മാനിച്ചു. പിന്നീടുള്ള നിമിഷങ്ങളിലും അവസരം പിറന്നെങ്കിലും ഉജ്ജ്വലമായി പ്രതിരോധിച്ച് ആരോസ് കൂടുതൽ ഗോളിന് അനുവദിക്കാതെ പിടിച്ചുനിന്നു. ഇതിനിടെ, ഗോകുലം പ്രതിരോധ താരം ആന്ദ്രെ എറ്റിനി അപകടകരമായ ഫൗളിലൂടെ 78ാം മിനിറ്റിൽ ചുവപ്പുകാർഡുമായി പുറത്തായി. 10 പേരുമായാണ് ഗോകുലം കളി പൂർത്തിയാക്കിയത്. വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ നെറോക ഐസോളിനെ 1-0ത്തിന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.