നേരത്തേ വിരമിച്ചത് എെൻറ നിർഭാഗ്യം –ഛേത്രിയോട് വിജയൻ
text_fieldsഇന്ത്യൻ ഫുട്ബാളിലെ രണ്ട് തലമുറകളുടെ നായകരാണ് ഐ.എം. വിജയനും സുനിൽ ഛേത്രിയും. രണ്ട് യുഗപ്രതിഭകൾ അണിനിരക്കുന്ന മുന്നേറ്റനിര ഏതൊരു ഫുട്ബാൾപ്രേമിയുടെയും സ്വപ്നമാവും. ഒരിക്കലും സംഭവിക്കില്ലെങ്കിലും ഇന്നും ഇന്ത്യൻ ഫുട്ബാൾ പ്രേമികൾ കൊതിക്കുന്ന താരസംഗമമാണത്.
കോവിഡ് കാലത്തെ ലോക്ഡൗണിനിടയിൽ ഛേത്രിയുടെ ഇൻസ്റ്റഗ്രാം ചാറ്റായ ‘ലെവൻ വൺ ടെൻ’ ലൈവിൽ ഒന്നിച്ചപ്പോൾ ആരാധകർക്കത് രണ്ട് കാലങ്ങളിലെ ഇന്ത്യൻ ഫുട്ബാളിെൻറ താരതമ്യമായി. വിജയനും സത്യനും ബൈച്യുങ് ബൂട്ടിയയും കളിച്ച 1990കളിലെ ഇന്ത്യൻ ടീമും ഐ.എസ്.എല്ലും മറ്റുമായി നിറപ്പകിട്ടാർന്ന കാലത്തിെൻറ പ്രതിനിധിയായ ഛേത്രിയും തമ്മിലെ താരതമ്യം.
ഛേത്രി: പുതു തലമുറക്കുള്ള ഉപദേശം എന്താവും?
വിജയൻ: സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ ഉൾപ്പെടെയുള്ള യുവതാരങ്ങളോടും പുതുമുഖങ്ങളോടും സംസാരിക്കുേമ്പാൾ ഛേത്രിയെ നോക്കാനാണ് ഞാൻ പറയുന്നത്. ഗ്രൗണ്ടിൽ നിങ്ങളുടെ കളി മാതൃകയാക്കണം. തീർച്ചയായും നിങ്ങളാണ് കളിക്കളത്തിൽ ഏറ്റവും ഉദാഹരണം. ജീവിതം ചെറുതാണ്. അതിനിടയിലെ ഫുട്ബാൾ കരിയർ വളരെ ചെറുതാണ്. നല്ലകാലം കാലുകൊണ്ട് നന്നായി ഫുട്ബാൾ കളിക്കുക. കളി തലയിലേറ്റരുത്. അത്, അപകടകരമാവും.
ഛേത്രി: എന്തുകൊണ്ട് നിങ്ങൾ വിദേശത്ത് കളിച്ചില്ല?
വിജയൻ: ഞങ്ങളുടെ കാലത്ത് കളി അത്ര പ്രഫഷനലല്ലായിരുന്നു. മാത്രമല്ല, വഴികാട്ടാനും ആരുമില്ലായിരുന്നു. ഇന്ന് തീരുമാനമെടുക്കും മുമ്പ് ഉപദേശം തേടാൻ ഒരുപാടു പേരുണ്ട്. എെൻറ തീരുമാനങ്ങളെല്ലാം ഞാൻ മാത്രം എടുത്തതായിരുന്നു. അന്ന് പുറത്തുപോയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും അറിയില്ല. ജോപോളിനും ചാപ്മാനുമെല്ലാം ഒപ്പം ഇവിടെ കളിക്കുന്നത് തന്നെയായിരുന്നു എെൻറ സന്തോഷം.
ഛേത്രി: നിങ്ങൾ കളിച്ച കാലവും ഇന്നത്തെ ടീമും തമ്മിലെ മാറ്റം?
വിജയൻ: ഞങ്ങൾ കളിച്ച കാലത്തെക്കാൾ സാഹചര്യം ഏറെ മാറി. ഇന്ന് മികച്ച സപ്പോർട്ടിങ് സ്റ്റാഫും സംവിധാനങ്ങളുമുണ്ട്. ഓരോ കളിക്കാരനും പരിചരണമുണ്ട്. അന്നൊക്കെ പരിശീലനത്തിന് പോകുേമ്പാൾ ചൂടുവെള്ളം നിറച്ച കുപ്പികൾ ഞങ്ങൾതന്നെ എടുത്തുകൊണ്ടുപോവുകയായിരുന്നു പതിവ്. എന്നാലും, അത് നല്ലകാലമായിരുന്നു.
സംസാരത്തിനിടയിൽ വിജയനെ ഏറ്റവും മികച്ച ഫുട്ബാളറും മനുഷ്യസ്നേഹിയുമായി വിശേഷിപ്പിച്ച ഛേത്രി തെൻറ ഓർമയിലെ വിജയെൻറ മികച്ച ഗോളിനെക്കുറിച്ചും വാചാലനായി.
‘2005ൽ വിജയൻ ചർച്ചിലിനായി കളിക്കുന്ന കാലം. ആ കളി കാണാൻ ഞാനുമുണ്ടായിരുന്നു. സബ്സ്റ്റിറ്റ്യൂഷൻ ബെഞ്ചിൽനിന്നും വിജയൻ കളത്തിലെത്തിയപ്പോൾ അത്ര ഫിറ്റായിരുന്നില്ല.
പക്ഷേ, രണ്ട് പ്രതിരോധനിരക്കാർക്കിടയിലൂടെ പന്തെത്തിയപ്പോൾ പെനാൽറ്റി ബോക്സിന് പുറത്തുനിന്നും പന്ത് നെഞ്ചിൽ എടുത്ത് ബാക് വോളിയിലൂടെ ഗോളാക്കിയ കാഴ്ച അതിമനോഹരമായിരുന്നു. എപ്പോഴും നിങ്ങളുടെ ഗോളുകൾ വിസ്മയിപ്പിച്ചിരുന്നു. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ഫുട്ബാളർ നിങ്ങളാണ്.’
ഇന്ത്യക്കുവേണ്ടി 1989 മുതൽ 2004 വരെ കളിച്ച വിജയം 79 മത്സരങ്ങളിൽനിന്ന് 40 ഗോളുകൾ നേടി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമെന്ന റെക്കോഡുള്ള ഛേത്രി 2005ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ഇതുവരെയായി 115 മത്സരങ്ങളിൽ നിന്ന് 72 രാജ്യാന്തര ഗോൾ നേടി.
എെൻറ നിർഭാഗ്യം, ബൈച്യുങ്ങിനോട് അസൂയ -വിജയൻ
വിരമിക്കൽ ഒന്നോ രണ്ടോ വർഷം വൈകിപ്പിച്ചിരുന്നെങ്കിൽ നിങ്ങൾക്കൊപ്പം (സുനിൽ ഛേത്രിക്കൊപ്പം) എനിക്കും കളിക്കാമായിരുന്നു. എെൻറ നിർഭാഗ്യമാണത്. നിങ്ങൾക്കൊപ്പം കളിക്കാൻ കഴിഞ്ഞുവെന്നതിൽ ബൈച്യുങ്ങിനോട് (ബൂട്ടിയ) അസൂയയുണ്ട്. വിജയൻ, ബൂട്ടിയ, ഛേത്രി -ഈ മൂന്നുപേർ ഒന്നിച്ച് കളിക്കുന്ന മുന്നേറ്റ നിരയെ മനസ്സിൽ കണ്ട് നോക്കൂ. ഏറ്റവും മികച്ചതായി അത് മാറുമായിരുന്നു. രാജ്യത്തിനും ക്ലബിനും വേണ്ടി കളിക്കുന്നതിെൻറ ഭാരമുണ്ടെങ്കിലും മൂന്ന് വർഷംകൂടി ഛേത്രി കളി തുടരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.