ഇന്ത്യക്ക് നാളെ മുതൽ മെക്സിക്കൻ സന്നാഹം
text_fieldsമെക്സികോ സിറ്റി: കന്നി ലോകകപ്പ് ഫുട്ബാളിനൊരുങ്ങുന്ന ഇന്ത്യൻ കൗമാരത്തെ കാത്ത് മെക്സിക്കൻ മണ്ണിൽ വീറുറ്റ പോരാട്ടം. അണ്ടർ 17 ലോകകപ്പിന് പന്തുരുളാൻ 65 ദിനം മാത്രം ബാക്കിനിൽക്കെ ആതിഥേയരായ ഇന്ത്യ സന്നാഹ േപാരാട്ടത്തിൽ നാളെ മുതൽ ബൂട്ടണിയും. ലോകകപ്പിന് യോഗ്യത നേടിയ ടീമുകൾക്കെതിരെയാണ് ചതുർരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. ലോകകപ്പ് ഗ്രൂപ് ‘എ’യിൽ ഇന്ത്യക്കൊപ്പമുള്ള കൊളംബിയ, ‘എഫി’ൽ മത്സരിക്കുന്ന മെക്സികോ, ചിലി എന്നിവരാണ് മറ്റു ടീമുകൾ.
ചതുർരാഷ്ട്ര പരമ്പരയിലെ ആദ്യമത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യ ആതിഥേയരായ മെക്സികോയെ നേരിടും. നാലിന് കൊളംബിയ, ആറിന് ചിലി എന്നിവരാണ് എതിരാളി. എല്ലാ ടീമുകൾക്കും ഇത് ലോകകപ്പ് തയാറെടുപ്പ് പോരാട്ടം. വൻകര പോരാട്ടത്തിൽ മികവ് തെളിയിച്ചാണ് മെക്സികോ, ചിലി, കൊളംബിയ ടീമുകൾ യോഗ്യത നേടിയത്. അതേസമയം, ആതിഥേയരായ ഇന്ത്യക്കിത് മാറ്റ് പരീക്ഷിക്കാനുള്ള അവസരവും.
കോച്ച് ലൂയിസ് നോർടൻ ഡി മാത്യൂസിന് കീഴിൽ ലോകപര്യടനം നടത്തിയ ഇന്ത്യ ഇതാദ്യമായാണ് ലോകകപ്പ് യോഗ്യത നേടിയ ടീമിനെ നേരിടാനിറങ്ങുന്നത്.യൂറോപ്യൻ പര്യടനം ഉൾപ്പെടെ ഏതാനും മികച്ച മത്സരങ്ങളിലെ പരിചയസമ്പത്തുമായാണ് ഇന്ത്യ മെക്സികോയിലെത്തിയത്. ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിന് മുമ്പായി കൗമാരസംഘത്തിന് മത്സരപരിചയമൊരുക്കുകയാണ് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ ലക്ഷ്യം.
90 ശതമാനം നിർമാണവും പൂര്‍ത്തിയായി -കേന്ദ്ര മന്ത്രി
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ നിർമാണത്തില്‍ 90 ശതമാനവും പൂര്‍ത്തിയായതായി കേന്ദ്ര യുവജനകാര്യ, സ്പോര്‍ട്സ് മന്ത്രി വിജയ് ഗോയല്‍ രാജ്യസഭയില്‍ അറിയിച്ചു. ന്യൂഡല്‍ഹി, നവി മുംബൈ, കൊല്‍ക്കത്ത, കൊച്ചി, ഗുവാഹതി, ഗോവ എന്നീ വേദികളിലായി ഒക്ടോബര്‍ ആറുമുതല്‍ 28 വരെയാണ് ലോകകപ്പ് നടക്കുക. ഫുട്ബാളിന് പ്രചാരം നല്കാൻ കേന്ദ്ര യുവജനകാര്യ സ്പോര്‍ട്സ് വകുപ്പും ഫുട്ബാള്‍ ഫെഡറേഷനും ഫിഫയും ചേര്‍ന്ന് നടപ്പാക്കുന്ന 11 മില്യൻ പദ്ധതിക്ക് ആറ് ദശലക്ഷം കുട്ടികൾ പരിശീലനം നേടിയതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.