പരിശീലനമത്സരം: ഇന്ത്യക്ക് തോൽവി
text_fieldsമഡ്രിഡ്: ഇന്ത്യൻ അണ്ടർ-17 ഫുട്ബാൾ ടീമിെൻറ അപരാജിത കുതിപ്പിന് വിരാമം. ഒമ്പതു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയായിരുന്ന ഇന്ത്യയെ സ്പാനിഷ് ക്ലബ് അൽകോറോൺ ആണ് 1-0ത്തിന് തോൽപിച്ചത്.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി യൂറോപ്യൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം പോർചുഗൽ ക്ലബ് സ്പോർട്ടിങ് സി.പിയോട് 2-1ന് തോറ്റശേഷം ആദ്യമായാണ് തോൽവി രുചിക്കുന്നത്. നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും മുതലാക്കാനാവാതിരുന്നതിനെ തുടർന്നാണ് ലൂയിസ് നോർട്ടെൻറ ടീം പരാജയം വഴങ്ങിയത്.
സ്റ്റാലിൻ സഞ്ജീവ്, ബോറിസ് തങ്ജാം, അഭിജിത് സർക്കാർ, കോമൾ തഹാൽഞ തുടങ്ങിയവരെല്ലാം അവസരം പാഴാക്കിയപ്പോൾ 70ാം മിനിറ്റിലായിരുന്നു സ്പാനിഷ് ക്ലബിെൻറ ഗോൾ.
അതിനിെട ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ടീം, അമേരിക്ക, മെക്സികോ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ പര്യടനം നടത്തും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസാണ് ഇക്കാര്യമറിയിച്ചത്. അമേരിക്കയുടെ അണ്ടർ-17 ടീമുമായി കളിക്കുന്ന ഇന്ത്യ, മെക്സികോയിൽ നടക്കുന്ന ടൂർണമെൻറിൽ മാറ്റുരക്കും.
മെക്സികോ, ചിലി, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുടെ അണ്ടർ-17 ടീമുകളാണ് ടൂർണമെൻറിലുണ്ടാവുക. പിന്നീട് ആസ്ട്രേലിയയിലെത്തുന്ന ഇന്ത്യ ന്യൂസിലൻഡ്, ന്യൂ കാലിഡോണിയ തുടങ്ങിയ ടീമുകളുമായി കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.