സൗഹൃദ ഫുട്ബാൾ: ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ
text_fieldsമുംബൈ: ഫിഫ റാങ്കിങ്ങിൽ 100ാം സ്ഥാനം നിലനിർത്തിയ ഇന്ത്യ ചൊവ്വാഴ്ച നേപ്പാളിനെതിരെ സൗഹൃദ മത്സരത്തിനിറങ്ങും. മുംബൈയിലെ ഫുട്ബാൾ അറീനയിൽ ഏഴു മണിക്കാണ് മത്സരം. കിർഗിസ്താനെതിരെ 13ന് ബംഗളൂരുവിൽ നടക്കുന്ന എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തിനുള്ള തയാറെടുപ്പെന്ന നിലയിലാണ് സുനിൽ ഛേത്രിയും സംഘവും അയൽക്കാർക്കെതിരെ ബൂട്ടണിയുന്നത്.
നേരേത്ത നിശ്ചയിച്ച സൗഹൃദ മത്സരത്തിൽനിന്ന് ലബനാൻ പിൻവാങ്ങിയതോടെ പകരക്കാരായാണ് നേപ്പാളെത്തുന്നത്. വിസപ്രശ്നത്തെ തുടർന്നായിരുന്നു ലബനാെൻറ പിന്മാറ്റം. എ.എഫ്.സി കപ്പിൽ ഗ്രൂപ് ‘എ’യിലുള്ള ഇന്ത്യ, മ്യാന്മറിനെ 1-0ത്തിന് തോൽപിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. കിർഗിസ്താനെതിരെയും ജയം ആവർത്തിച്ചാൽ ഗ്രൂപ്പിൽ ഇന്ത്യയുടെ നില ഭദ്രമാവും.
പരിശീലനമത്സരത്തിൽ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ മുഴുവൻ കളിക്കാർക്കും ഇന്ന് അവസരം നൽകിയേക്കും. 4-1-3-2 ശൈലിയിൽ, ജെജെയെയും റോബിൻ സിങ്ങിനെയും സ്ട്രൈക്കറാക്കിയായിരിക്കും ആദ്യത്തിൽ കോച്ച് ടീമിനെ വിന്യസിക്കുക. പരിക്കുകാരണം വിശ്രമത്തിലായിരുന്ന നായകൻ സുനിൽ ഛേത്രി തിരിച്ചെത്തുന്നത് ആശ്വാസമാകും.
റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ തഴെയുള്ള നേപ്പാളിനെതിരെ 18 വർഷമായി നീലപ്പട തോറ്റിട്ടില്ല. 2015ലെ സാഫ് ചാമ്പ്യൻഷിപ്പിൽ അവസാനമായി മത്സരിച്ചപ്പോൾ 4-1നായിരുന്നു ഇന്ത്യൻ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.