ഏഷ്യകപ്പ് യോഗ്യത മത്സരം: ഛേത്രി ഗോളിൽ കിർഗിസ്താനെതിരെ ഇന്ത്യക്ക് ജയം
text_fieldsബംഗളൂരു: ഇൗ വിജയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനോടാണ്. ഗോൾപോസ്റ്റിന് മുന്നിൽ പറന്നുനടന്ന ഇൗ മൊഹാലിക്കാരെൻറ കൈകളിൽ എല്ലാം ഭദ്രമായിരുന്നു. പ്രതിരോധക്കോട്ടയിൽ നെഞ്ചുവിരിച്ചുനിന്ന അനസും ജിങ്കാനും പ്രീതമും നാരായൺദാസും ഗോൾ നേടിയ നായകൻ സുനിൽ ഛേത്രിയും അവസരത്തിനൊത്തുയർന്നപ്പോൾ ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ കിർഗിസ്താനെതിരെ ഇന്ത്യക്ക് ജയം. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച കിർഗിസ്താനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ വീഴ്ത്തിയത്. 69ാം മിനിറ്റിൽ ഛേത്രിയുടെ വകയായിരുന്നു വിജയഗോൾ.
ജെെജ-ഛേത്രി-ജാക്കിചന്ദ് ത്രയത്തെ മുന്നിൽനിർത്തി സർവസന്നാഹങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ, ആദ്യ നിമിഷങ്ങളിൽ ചടുലനീക്കങ്ങളുമായി വെളുത്ത ഫാൽക്കണുകൾ ഇന്ത്യൻ ഗോൾമുഖത്തേക്ക് വട്ടമിട്ടു നീങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ആദ്യ 15 മിനിറ്റ് ഇന്ത്യൻ പകുതിയിലായിരുന്നു കളി മുഴുവൻ. ഇതിനിടെ ഗോളി ഗുർപ്രീതുമായി കൂട്ടിയിടിച്ചുവീണ എതിർ ഫോർവേഡ് സെമിലിയാനുകിൻ പരിക്കേറ്റ് പുറത്തുപോയി. 15ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് തൊട്ടു പുറത്തുനിന്നുള്ള കിർഗ് ക്യാപ്റ്റൻ മുർസേവിെൻറ നിലംപറ്റിയുള്ള ഷോട്ട് വലത്തോട്ട് ചാടി ഗുർപ്രീത് രക്ഷപ്പെടുത്തി. യൂജിൻസൺ ലിങ്ദോ നിറംമങ്ങിയപ്പോൾ മധ്യനിരയിൽ രക്ഷകനായി റൗളിൻ ബോർജെ അവതരിച്ചു. 22ാം മിനിറ്റിലായിരുന്നു സുന്ദരമായ ഒരു ഇന്ത്യൻ നീക്കം കണ്ടത്. ഛേത്രിയുടെ ലോങ്പാസ് സ്വീകരിച്ചു മുന്നേറിയ ജാക്കി എതിർഗോൾമുഖത്തേക്ക് കുതിച്ചെങ്കിലും ഷോട്ട് ബാറിനെ തൊെട്ടന്ന മട്ടിൽ പറന്നുപോയി.
രണ്ടാം പകുതിയിൽ ഇന്ത്യൻ ആക്രമണത്തോടെയായിരുന്നു തുടക്കം. 55ാം മിനിറ്റിൽ കിർഗിസ്താെൻറ ഉറപ്പിച്ച ഗോൾ സൈഡ് ബാറിൽ തട്ടിത്തെറിച്ചു. 61ാം മിനിറ്റിൽ കിർഗിസ്താൻ ആക്രമിച്ചെങ്കിലും ഗോൾൈലനിൽ അനസ് രക്ഷകനായി. 69ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. തെൻറ ഇഷ്ടമൈതാനത്ത് ഛേത്രി നേടിയ ആ ഗോളിന് മാന്ത്രിക ടച്ചുണ്ടായിരുന്നു. മൂന്ന് എതിർകളിക്കാരെ ഒാരോന്നായി കീഴ്പ്പെടുത്തി പന്തുമായി അതിവേഗം കുതിച്ച ഛേത്രി വലതു വിങ്ങിൽ ജെജെക്ക് പന്ത് കൈമാറി. പന്ത് കാലിലൊതുക്കി കൃത്യമായ ഒരു ക്രോസായി ഛേത്രിക്കുതന്നെ മറിച്ചുനൽകി. നിലംപറ്റെയുള്ള വലങ്കാലൻ ഷോട്ട് ചാടിവീണ കിർഗിസ്താൻ േഗാളി മത്യാഷ് പവലിനെ കബളിപ്പിച്ച് വലയിൽ മുത്തമിട്ടു. ഗോൾ മടക്കാൻ പിന്നീട് ഫാൽക്കണുകൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അപകടകരമായ പല നീക്കങ്ങളും ഇന്ത്യൻ വന്മതിലിൽ തട്ടിത്തകർന്നു. അവസാന വിസിലിനൊപ്പം വിലപ്പെട്ട മൂന്നു പോയൻറുകൂടി നേടിയ ഇന്ത്യ രണ്ടു ജയവുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. മക്കാവുമായാണ് ഇന്ത്യക്ക് അടുത്ത കളി.
^
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.