ചൈനയെ വിറപ്പിച്ച് ഇന്ത്യ; സൗഹൃദ ഫുട്ബാൾ മത്സരം സമനിലയിൽ
text_fieldsഷുസോ: വന്മതിൽകൊണ്ട് രാജ്യം സംരക്ഷിക്കുന്ന ചൈനക്കാരനു മുന്നിൽ മനുഷ്യമതിൽകൊണ്ട് വന്മതിൽ തീർത്ത് ഗോൾവല ഭദ്രമാക്കിയ ഇന്ത്യൻ മോഡൽ. കളിയിലും കരുത്തിലും ഏെറ മുന്നിൽ നിൽക്കുന്ന ചൈനയെ അവരുടെ മണ്ണിൽ ഗോൾരഹിത സമനിലയിൽ തളച്ച ഇന്ത്യൻ ഫുട്ബാളിെൻറ അഭിമാനദിനം.
21 വർഷത്തിനുശേഷം അയൽക്കാർ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ സ്വന്തം മൈതാനവും ചെങ്കുപ്പായത്തിൽ ഇരമ്പിയാർത്ത കാണികളുമുണ്ടായിട്ടും ഇന്ത്യൻവല ഇളക്കാനാവാതെ ചൈനക്കാർ കീഴടങ്ങി. കളി ഗോൾരഹിതമാണെങ്കിലും ആദ്യമായി ചൈനീസ് മണ്ണിൽ പന്തുതട്ടിയ ഇന്ത്യക്കിത് വിജയത്തിനൊത്ത സമനില. എതിരാളിയുടെ കരുത്തറിഞ്ഞ് കളിതന്ത്രം മെനഞ്ഞതിനുള്ള ഫലമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. മലയാളിതാരം അനസ് എടത്തൊടിക െപ്ലയിങ് ഇലവനിൽ ഇടംപിടിച്ചില്ലെങ്കിലും ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും സുഭാശിഷ് ബോസും തീർത്ത പ്രതിരോധക്കോട്ട ഇന്ത്യയുടെ വന്മതിലായി. വിങ്ങിലെ നാരായൺ ദാസും പ്രീതം കോട്ടാലും മുതൽ മധ്യനിരയിൽ പന്തുതട്ടിയ പ്രണോയ് ഹാൽഡറും ഉദാന്തയുമെല്ലാം പ്രതിരോധ അടവുകൾ പുറത്തെടുത്തപ്പോൾ ആതിഥേയരുടെ കേളികേട്ട സംഘം വിയർത്തുപോയി.
ഗോൾവലക്കു കീഴെ ഗുർപ്രീത് സിങ്ങും ക്രോസ്ബാറും നല്ല ഇണക്കത്തിലായതോടെ പന്ത് ഒരിക്കൽപോലും വലയിൽ എത്തിനോക്കിയില്ല. ദേശീയ കുപ്പായത്തിൽ 103 മത്സരങ്ങൾ കളിച്ച ലിൻ ഗാവോയും പരിചയസമ്പന്നനായ ലി വുയും യു ദബായോവും ഉൾപ്പെടെയുള്ള മുൻനിര സംഘവുമായാണ് ചൈനയിറങ്ങിയത്. ലോങ്ബാളിലൂടെ പന്തെത്തിച്ച് ഇന്ത്യൻ വല പിളർത്താനായിരുന്നു ഇറ്റലിയുടെ ലോക ചാമ്പ്യൻ കോച്ചായ മാഴ്സലോ ലിപ്പിയുടെ നിർദേശം. എന്നാൽ, പ്രതിരോധം ശക്തമാക്കിയ ജിങ്കാനും റോയുമെല്ലാം പന്ത് അടിച്ചകറ്റി. കിക്കോഫ് വിസിൽ മുതൽ അവസാനം വരെ ഇതുതന്നെയായിരുന്നു കാഴ്ച. ഇൗ തന്ത്രം വിജയിക്കില്ലെന്ന് കണ്ടറിഞ്ഞ ചൈനക്കാർ ഇടക്ക് ലോങ്റേഞ്ചുകളിലൂടെ ഷോട്ടുതിർക്കാൻ ശ്രമിച്ചു. അപ്പോൾ ആറടി മൂന്നിഞ്ചുകാരനായ ഗുർപ്രീത് ചാടിവീണ് പന്ത് അടിച്ചകറ്റി.
ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് പോസ്റ്റിെൻറ മൂലയിൽ തട്ടിത്തെറിച്ചത്. ഇതിനിടെ വീണുകിട്ടുന്ന പന്തുമായി സുനിൽ ഛേത്രിയും ജെജെ ലാൽപെഖ്ലുവയും പ്രത്യാക്രമണം നടത്തി. പക്ഷേ, ചൈനക്കാരെ ഒാടിത്തോൽപിക്കാനുള്ള വീര്യമില്ലായിരുന്നു. 17ാം മിനിറ്റിൽ ഛേത്രിയുടെ ഷോട്ടാണ് ഇന്ത്യയുടെ ആദ്യ മുന്നേറ്റമായത്. രണ്ടാം പകുതിയിൽ യുവതാരങ്ങളെയിറക്കി കൂട്ട സബ്സ്റ്റിറ്റ്യൂഷനുമായി ലിപ്പി തന്ത്രം മാറ്റിയെങ്കിലും ജിങ്കാനും സംഘവും വിട്ടുകൊടുത്തില്ല. 63ാം മിനിറ്റിൽ നാരായൺ ദാസിനെ വലിച്ച് അനസ് എത്തിയതോടെ പ്രതിരോധത്തിന് കനംകൂടി. അവസാന മിനിറ്റ് വരെയായി അഞ്ച് സബ്സ്റ്റിറ്റ്യൂഷനാണ് ഇന്ത്യൻ കോച്ച് കോൺസ്റ്റെെൻറൻ വരുത്തിയത്. ഇഞ്ചുറി ടൈമിൽ ഫാറൂഖ് ചൗധരിക്ക് ലഭിച്ച ഒാപൺ ചാൻസ് പാഴായതോടെ വിജയിക്കാനുള്ള അവസരവും ഇന്ത്യ കളഞ്ഞു. ജയിച്ചില്ലെങ്കിലും 76ാം റാങ്കുകാരായ ചൈനക്കെതിരെ 97ലുള്ള ഇന്ത്യയുടെ സമനില ഫിഫ റാങ്കിങ് മുന്നേറ്റത്തിന് തുണയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.