കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തി ഗോവ (3-1)
text_fieldsകൊച്ചി: എഫ്.സി ഗോവൻ ആക്രമണത്തിനു മുന്നിൽ മുട്ടുവിറച്ച കേരള ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടിൽ രണ്ടാം തോൽവി. നിർണായക മത്സരത്തിൽ കളി മറന്ന ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോവയോട് അടിയറവ് പറഞ്ഞത്. കളിയുടെ സമസ്ത മേഖലയിലും ആധിപത്യം പുലർത്തിയ ഗോവക്കായി ഫെറാൻ കൊറോമിനസ് (11, 47), മൻവീർ സിങ് (67) എന്നിവർ വല കുലുക്കി. ക്രമാരെവിച്ചാണ് (92) ബ്ലാസ്റ്റേഴ്സിെൻറ ആശ്വാസ ഗോൾ നേടിയത്. ഏഴു മത്സരങ്ങളിൽ അഞ്ചു ജയവും ഓരോ തോൽവിയും സമനിലയുമായി 16 പോയേൻറാടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഗോവ. ഇന്നു മുതൽ 10 ദിവസത്തെ ഇടവേളക്കു പിരിയുന്ന െഎ.എസ്.എല്ലിൽ 21ന് അടുത്ത ഘട്ടം ആരംഭിക്കും. 23ന് നോർത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം.
അടിമുടി മാറി ബ്ലാസ്റ്റേഴ്സ്
ബംഗളൂരുവിനെതിരെ കളിച്ച ടീമിൽ അഞ്ചു മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് വരുത്തിയത്. പ്രതിരോധനിരയിലെ മലയാളി സാന്നിധ്യം അനസ് എടത്തൊടികക്ക് ആദ്യമായി അവസരം നൽകി. സിറിൽ കാലി, സി.കെ. വിനീത്, ഡംഗൽ, സഹൽ അബ്ദുൽ സമദ് എന്നിവരെ പകരക്കാരുടെ നിരയിലേക്കു മാറ്റി മുഹമ്മദ് റാകിപ്, പൊപ്ലാറ്റ്നിക്, ഹാലിചരൺ നർസാരി, കെസിറോൺ കിസിറ്റോ എന്നിവർക്ക് ആദ്യ പതിനൊന്നിൽ ഇടം നൽകി.
കളി നിയന്ത്രിച്ച് ഗോവ
നാലാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ ആദ്യ അവസരം ലഭിച്ചത് ബ്ലാസ്റ്റേഴ്സിന്. കിക്കെടുത്ത കിസിറ്റോ ബോക്സിലേക്കു നീട്ടിയ പന്ത് ലെന്നി റോഡ്രിഗസ് ഹെഡ് ചെയ്ത് അപകടം ഒഴിവാക്കി. എട്ടാം മിനിറ്റിൽ സ്റ്റൊയാനോവിച്ചിനെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്കും ലക്ഷ്യംകണ്ടില്ല. 11ാം മിനിറ്റിൽ ലക്ഷ്യം വ്യക്തമാക്കി ഗോവൻ ആക്രമണം. ഇടതുവിങ്ങിൽനിന്ന് അഹമ്മദ് ജഹൗ നൽകിയ അത്യുഗ്രൻ ക്രോസിൽ തലവെച്ച ഫെറാൻ കൊറോമിനസ് പന്ത് വലയിലെത്തിച്ചു.
നിരന്തര ആക്രമണങ്ങളിലൂടെ ഗോവൻ താരങ്ങൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണങ്ങളാകട്ടെ, ഗോവൻ പ്രതിരോധം താണ്ടാനാവാതെ ബോക്സിലെത്തി ലക്ഷ്യംതെറ്റി. 44ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ ആദ്യ മാറ്റം. സ്റ്റൊയാനോവിച്ചിനു പകരം ഡംഗൽ കളത്തിലിറങ്ങി. പ്രതിരോധനിര കളി മറന്നപ്പോൾ ഗോൾകീപ്പർ നവീൻ കുമാറിനും പലകുറി അബദ്ധം പിണഞ്ഞു. ആദ്യ പകുതിയുടെ അധിക സമയത്ത് കൊറോമിനസിലൂടെ ബ്ലാസ്റ്റേഴ്സിന് രണ്ടാം പ്രഹരം. മൈതാനമധ്യത്തിൽനിന്ന് പന്തുമായി മുന്നേറിയ കൊറോമിനസ് ക്രമാരെവിച്ചിെൻറ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിക്കുമ്പോൾ ഗോളി നവീൻകുമാർ ഉൾപ്പെടെ താരങ്ങൾക്ക് നോക്കിനിൽക്കാനായിരുന്നു വിധി.
കളി മാറാതെ രണ്ടാം പകുതി
മുഹമ്മദ് റാകിപിനെ തിരികെ വിളിച്ച് സിറിൽ കാലിയെ കളത്തിലിറക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി തുടങ്ങിയത്. എന്നാൽ, കളിയിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഗോവൻ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമായി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ജോലി. ഹാട്രിക്കിലേക്കുള്ള കൊറോമിനസിെൻറ ആക്രമണങ്ങളെ ഗോളി നവീൻകുമാറും പ്രതിരോധവും ഒരുവിധം തടഞ്ഞുനിർത്തി. 62ാം മിനിറ്റിൽ എഡു ബേഡിയക്കു പകരം ഹ്യൂഗോ ബൗമസ് ഗോവൻ നിരയിലെത്തി. 67ാം മിനിറ്റിൽ ഗോവ ലീഡുയർത്തി.
ബ്രണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ കിക്ക് മികച്ച ഹെഡറിലൂടെ വലയിലെത്തിച്ചത് മൻവീർ സിങ്. 71ാം മിനിറ്റിൽ പ്രശാന്തിനു പകരം സി.കെ. വിനീത് കളത്തിലിറങ്ങി. 75ാം മിനിറ്റിൽ ഡംഗലിെൻറ ക്രോസിൽ ക്ലോസ് റേഞ്ചിൽ ഷോട്ടുതിർക്കാനുള്ള ശ്രമം ലക്ഷ്യം കണ്ടില്ല. ഭാഗ്യംകൊണ്ടു മാത്രമാണ് ഗോവയുടെ ലീഡ് ഉയരാതിരുന്നത്. 92ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിെൻറ ആശ്വാസ ഗോൾ പിറന്നത്. സന്ദേശ് ജിങ്കാൻ നൽകിയ ക്രോസിൽ ക്രമാരെവിച്ചിെൻറ വകയായിരുന്നു ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.