എടത്തൊടിക, കുരുണിയൻ: വൻകര കടന്ന വീട്ടുപേരുകൾ
text_fieldsമലപ്പുറം: പാണക്കാട് പട്ടർക്കടവിൽനിന്ന് കൊണ്ടോട്ടി മുണ്ടപ്പലത്തേക്ക് 22 കിലോമീറ്റർ ദൂരമേയുള്ളൂ. ഇവിടെനിന്നുള്ള രണ്ടുപേർ ഞായറാഴ്ച മുംബൈ അറീനയിൽ കെനിയക്കെതിരെ നടന്ന ചതുർരാഷ്ട്ര ഇൻറർകോണ്ടിെനൻറൽ കപ്പ് ഫുട്ബാൾ ഫൈനലിൽ ഇന്ത്യൻ ജഴ്സിയിലിറങ്ങിയത് പക്ഷെ മലയാളികളെ മൊത്തം പ്രതിനിധീകരിച്ചാണ്. അരങ്ങേറ്റ ടൂർണമെൻറിൽത്തന്നെ കിരീടം നേടിയതിെൻറ ത്രില്ലിലായിരുന്നു ആഷിഖ് കുരുണിയനെങ്കിൽ മറ്റൊരു ചരിത്രത്തിെൻറ ഭാഗമായ സന്തോഷത്തിൽ അനസ് എടത്തൊടിക. സന്തോഷ രാവിൽ ഉറങ്ങാതെയിരുന്ന ഇരുവരും തിങ്കളാഴ്ച രാവിലെ വീടണഞ്ഞു.
പതിവിലും കവിഞ്ഞ വീറും വാശിയും ഇൻറർകോണ്ടിെനൻറൽ ടൂർണമെൻറിനുണ്ടായിരുന്നുവെന്ന് അനസ് പറയുന്നു. ന്യൂസിലൻഡിെനതിരെ നമുക്ക് ജയിക്കാൻ കഴിഞ്ഞില്ല. ടൂർണമെൻറിലുടനീളം സുനിൽ ഭായി (ക്യാപ്റ്റൻ സുനിൽ ഛേത്രി) നല്ല പ്രകടനമാണ് നടത്തിയത്. ഡിഫൻഡർമാരും വലിയ തോതിൽ അധ്വാനിച്ചെന്ന് അനസ്. നാലിൽ മൂന്ന് മത്സരങ്ങളിലാണ് അനസ് കളിച്ചത്. ഇന്ത്യ തോറ്റ ന്യൂസിലൻഡിനെതിരായ കളിയിൽ അവസരം ലഭിച്ചിരുന്നില്ല. ഇതുവരെ 14 അന്തർദേശീയ മത്സരങ്ങളിൽ ഇറങ്ങി. 11ലും വിജയമായിരുന്നു ഫലം. രണ്ട് കളി സമനിലയിലായപ്പോൾ ഒന്നിൽ മാത്രമാണ് അനസ് പ്രതിരോധം കാത്ത ഇന്ത്യ തോൽവി വഴങ്ങിയത്.
ആഷിഖിനെ സംബന്ധിച്ച് എല്ലാം പുതിയ അനുഭവങ്ങൾ. നാല് മത്സരങ്ങളിലും അവസരം. ന്യൂസിലൻഡിനെതിരെ ആദ്യ ഇലവനിൽത്തന്നെയുണ്ടായിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള യാത്രയിൽ അനസിനോട് ഏറെ കടപ്പെട്ടിരിക്കുന്നതായും ആഷിഖ് പറയുന്നു. മൂത്ത സഹോദരനെപ്പോലെയാണ് അദ്ദേഹത്തിെൻറ പെരുമാറ്റം. വീഴ്ചകൾ അപ്പപ്പോൾ ചൂണ്ടിക്കാണിക്കുകയും തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നല്ല ബുദ്ധിമുട്ടായിരുന്നു കളി. ഇന്ത്യയുടെത് മികച്ച ടീമാണ്. അതിൽ സ്ഥാനം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് മിഡ്ഫീൽഡർ അഭിപ്രായപ്പെട്ടു.
ഐ.എസ്.എല്ലിൽ എഫ്.സി പുണെ സിറ്റിയുടെ താരമാണ് ആഷിഖെങ്കിൽ കഴിഞ്ഞ വർഷം ഏറ്റവും വലിയ തുകക്ക് ജാംഷഡ്പൂർ എഫ്.സി സ്വന്തമാക്കിയ അനസ് ഇത്തവണ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇറങ്ങും. മുണ്ടപ്പലത്തെ പരേതനായ മുഹമ്മദ് കുട്ടിയും ഖദീജയുമാണ് അനസിെൻറ മാതാപിതാക്കൾ. പട്ടർക്കടവിലെ കുരുണിയൻ അസൈൻ-ഖദീജ ദമ്പതികളുടെ മകനാണ് ആഷിഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.